Saturday, 22 July 2017 8.19 AM IST
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് : ജയമുറപ്പിച്ച് രാംനാഥ് കോവിന്ദ്
July 18, 2017, 12:07 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എൻ.ഡി.എ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് രാജ്യത്തെ 14-ാം രാഷ്‌ട്രപതിയാകുമെന്നുറപ്പിച്ച് വോട്ടെടുപ്പ് നടപടികൾ പൂർത്തിയായി. എൻ.ഡി.എയ്‌ക്കു പുറമേ പ്രതിപക്ഷത്തു നിന്നുള്ള അപ്രതീക്ഷിത വോട്ടുകളും അടക്കം 70 ശതമാനം വോട്ടുകൾ രാംനാഥ് കോവിന്ദിന് ലഭിച്ചതായാണ് വിവരം. പാർലമെന്റ് മന്ദിരത്തിലും സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലും നടന്ന വോട്ടെടുപ്പിൽ ഇലക്‌ടറൽ കോളേജിലെ 99 ശതമാനം അംഗങ്ങളും വോട്ടു രേഖപ്പെടുത്തിയതായി റിട്ടേണിംഗ് ഓഫീസറും ലോക്‌സഭാ സെക്രട്ടറി ജനറലുമായ അനൂപ് മിശ്ര അറിയിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥി മീരാ കുമാറിന് പിന്തുണ പ്രഖ്യാപിച്ച 18 പാർട്ടികളുടെയും വോട്ടുകൾ ലഭിച്ചില്ലെന്നാണ് സൂചന. നേരത്തേ പിന്തുണ ലഭിച്ച ജെ.ഡി.യു, ബി.ജെ.ഡി, അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗം എന്നിവയ്‌ക്കു പുറമേ വ്യാപകമായി പ്രതിപക്ഷ വോട്ടുകൾ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് മറിഞ്ഞതായി അറിയുന്നു. സമാജ്‌വാദി പാർട്ടിയിലെ ഭിന്നത വ്യക്തമാക്കി രാംനാഥ് കോവിന്ദിന് വോട്ടു ചെയ്യുന്നതായി മുലായം സിംഗിന്റെ അനുയായി ശിവ്‌പാൽ യാദവ് ട്വീറ്റ് ചെയ്‌തു. ആം ആദ്‌മി പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി പഞ്ചാബിൽ നിന്നുള്ള എം.പി എച്ച്.എസ്. ഫുൽക്കയും ത്രിപുരയിൽ ആറ് വിമത തൃണമൂൽ അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും കോവിന്ദിന് വോട്ടു ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരക്കം 714 പേർ പാർലമെന്റ് മന്ദിരത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള രാജ്യസഭയിലെയും ലോക്‌സഭയിലെയും എല്ലാ എം.പിമാരും പാർലമെന്റ് മന്ദിരത്തിൽ എത്തി. പി.കെ. കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞയ‌്ക്കു ശേഷം എം.പിയെന്ന നിലയിലെ ആദ്യ ജോലി നിർവഹിച്ചത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌താണ്. രാവിലെ പത്തിന് ആരംഭിച്ച് അഞ്ചു വരെ നീണ്ട വോട്ടെടുപ്പിൽ 99 ശതമാനം അംഗങ്ങളും വോട്ടു ചെയ്‌തു.

വോട്ടെണ്ണൽ 20ന്

എല്ലാ ബാലറ്റ് പെട്ടികളും ഡൽഹിയിലെത്തിച്ച് 20ന് പാർലമെന്റ് മന്ദിരത്തിലെ 62-ാം നമ്പർ മുറിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെണ്ണൽ.








 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ