തിരിച്ചടിയിൽ നേട്ടം നോക്കി ബി.ജെ.പി
April 20, 2017, 12:20 am
പ്രസൂൻ. എസ്.കണ്ടത്ത്
ഏറെ നാളത്തെ നിശബ്‌ദതയ്‌ക്കു ശേഷം ജീവൻ വച്ച ബാബറി മസ്‌ജിദ് കേസിൽ വിചാരണ നേടണമെന്ന സുപ്രീംകോടതി വിധി ബി.ജെ.പിക്ക് തിരിച്ചടിയെന്നാണ് പൊതുവെ വിലയിരുത്തൽ. രാമക്ഷേത്രമെന്ന വിഷയം വികാരമാക്കി ബി.ജെ.പിയെ വളർത്തിയെടുത്ത എൽ.കെ. അദ്വാനി എന്ന നേതാവിനാണ് അതേറെ പ്രഹരമാകുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന് രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വം ലഭിക്കുമോ എന്ന ചർച്ച സജീവമായിരുന്നതിനാൽ. രണ്ടുവർഷം കഴിഞ്ഞ് വിചാരണ പൂർത്തിയായി അന്തിമ വിധി അനുകൂലമായാലും തിരിച്ചുവരവ് ഉറപ്പില്ല. കേസ് സുപ്രീംകോടതിയിലെത്തിയത് അദ്വാനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും വാദമുണ്ട്.

മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, എന്നിവർ സുപ്രീംകോടതിയിലെ കേസിലുൾപ്പെട്ട പ്രതികളായതാണ് ബി.ജെ.പിക്കുള്ള ക്ഷീണം. എന്നാൽ മറ്റു ചില വസ്‌തുതകൾ പരിശോധിക്കുമ്പോൾ വിധി പാർട്ടിക്ക് അത്ര കണ്ട് തിരിച്ചടിയല്ലെന്നും കാണാം. ബാബറി മസ്‌ജിദും രാമക്ഷേത്രവും ഉയിർപ്പു നൽകിയ പാർട്ടി തങ്ങളുടെ നിലപാട് വിശദീകരിക്കാനും സ്ഥാപിക്കാനുമുള്ള അവസരമായി വിധി ഉപയോഗപ്പെടുത്തിയേക്കാം.

കോടതി വിധിയനുസരിച്ച് രണ്ടുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാകുക 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം നെറ്റിപ്പട്ടമായി ഇപ്പോഴും ഉയർത്തി നടക്കുന്ന ബി.ജെ.പിക്ക് 2019ലെ പൊതുതിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടു പിടിക്കാനുള്ള ഒരു വിഷയമായി അതു മാറ്റുകയുമാകാം.യോഗി ആദിത്യനാഥ് എന്ന തീവ്രഹിന്ദു നേതാവിനു കീഴിൽ അയോദ്ധ്യ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിന്റെ അധികാരം പാർട്ടി കൈയ്യാളുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

കേസിൽ പ്രതിയായതിനാൽ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. മറ്റ് ഒഴിവുകൾ നികത്താൻ മന്ത്രിസഭാ പുന:സംഘടനയ്‌ക്ക് ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കും ഉമാഭാരതിയുടെ രാജി ഒരു വിഷയമാകില്ലെന്നുറപ്പ്. കല്യാൺ സിംഗിന് ഗവർണർ സ്ഥാനവും നഷ്‌ടമായേക്കും.

രാഷ്‌ട്രീയപരമായി വിധി ഏറെ ദോഷം ചെയ്യുക എൽ.കെ. അദ്വാനിക്കാണ്. രാജ്യമെമ്പാടും ബി.ജെ.പിക്ക് അനുകൂല തരംഗമുമുണ്ടാക്കിയ രാമജൻമ ഭൂമി വിഷയം ഉയർത്തി 80കളിൽ പ്രക്ഷോഭം തുടങ്ങിയവരിൽ പ്രധാനിയാണദ്ദേഹം. 80കളിൽ നിന്ന് 90കളിലെത്തിയപ്പോൾ പാർട്ടിയെ പടിപടിയായി വളർത്താനും പാർലമെന്റിൽ പാർട്ടി എംപിമാരുടെ എണ്ണം കൂട്ടാനും അതേറെ സഹായിച്ചു. ഒടുവിൽ ആ രാമക്ഷേത്ര വിഷയം തന്നെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവിക്ക് കുരുക്കുമായി.


വാജ്‌പേയിക്കു ശേഷം പാർട്ടിയെ നയിക്കാനും പ്രധാനമന്ത്രിയാകാനും കഴിയുമെന്ന പ്രതീക്ഷ ഗുജറാത്തിൽ നിന്ന് നരേന്ദ്രമോദിയുടെ താരോദയത്തിലൂടെ ഇല്ലാതായി. 2013 ജൂണിൽ ഗോവ ദേശീയ എക്‌സിക്യൂട്ടീവിൽ മോദിയെ പ്രചരണ വിഭാഗം തലവനായി നിശ്‌ചിയിച്ചപ്പോൾ പാർട്ടിയിലെ അംഗീകാരങ്ങളെല്ലാം അദ്ദേഹം വലിച്ചെറിഞ്ഞതാണ്. പാർട്ടി അനുനയിപ്പിച്ച് എല്ലാം തിരിച്ചു നൽകി. 2013 സെപ്‌തംബറിൽ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ നേതൃത്വം പ്രഖ്യാപിച്ചപ്പോഴും അദ്വാനിക്ക് നോക്കി നിൽക്കേണ്ടി വന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാലിൽ മത്സരിക്കാൻ അദ്വാനിക്ക് അവസരം നൽകാതെ നരേന്ദ്രമോദി നയം വ്യക്തമാക്കി. അധികാരത്തിലേറിയ ശേഷം അദ്വാനിയെയും മുരളീമനോഹർ ജോഷിയെയും മാർഗനിർദ്ദേശം നൽകുന്ന കാരണവർ സ്ഥാനം നൽകി ഒതുക്കി.

എങ്കിലും ബി.ജെ.പി സ്ഥാപകൻ കൂടിയായ എൽ.കെ. അദ്വാനിക്ക് രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് അദ്ദേഹത്തെ അതിരറ്റ് സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ഇന്നലെ വരെ പ്രതീക്ഷിച്ചിരുന്നു. സോമനാഥിൽ നടന്ന യോഗത്തിൽ നരേന്ദ്ര മോദി രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി എൽ.കെ. അദ്വാനിയെ നിർദ്ദേശിച്ചെന്ന സ്ഥിരീകരിക്കാത്ത വാർത്തയും വന്നു. സുപ്രീംകോടതി വിധിയിലൂടെ ആ പ്രതീക്ഷയുടെ കാര്യത്തിൽ തീർപ്പായി. രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മറ്റു പല നേതാക്കളുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നതിനാൽ നേതൃത്വത്തിനും ആശ്വസിക്കാൻ വകയായി. അദ്വാനിയെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ആരും ചോദിക്കില്ലല്ലോ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ