Tuesday, 25 April 2017 4.40 AM IST
ശ്രീ ശ്രീയോട് ഹരിത ട്രൈബ്യൂണൽ - എന്തും വിളിച്ചുപറയാൻ ആര് അധികാരം തന്നു?
April 21, 2017, 12:26 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആർട്ട് ഒഫ് ലിവിംഗിന് നേതൃത്വം നൽകുന്ന ശ്രീശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) രൂക്ഷ വിമർശനം. രവിശങ്കറിന് എന്തും വിളിച്ചുപറയാൻ ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ച എൻ.ജി.ടി അദ്ധ്യക്ഷൻ ജസ്റ്റിസ് സ്വതന്ത്രർ കുമാർ, ശ്രീശ്രീക്ക് ഉത്തരവാദിത്വബോധമില്ലെന്ന് വിമർശിച്ചു. ലോക സാംസ്കാരികോത്സവം നടത്തി യമുനാ തീരത്ത് ഗുരുതരമായ പരിസ്ഥിതി നാശം വരുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്വം ഹരിത ട്രൈബ്യൂണലിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുമാണെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവനയാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞവർഷം നടന്ന സാംസ്കാരികോത്സവത്തിന് വേദിയായ യമുനാ തീരത്തെ നാശനഷ്ടം പരിഹരിക്കാൻ 42.02 കോടി രൂപ വേണ്ടിവരുമെന്ന് കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖർ അദ്ധ്യക്ഷനായ ഏഴംഗ സമിതി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. മറ്റ് ചെലവുകൾക്ക് പുറമേയാണിത്. യമുനാ തീരം ഭൗതികമായി പുനഃസ്ഥാപിക്കാൻ 28.73 കോടിയും ജൈവവൈവിദ്ധ്യങ്ങൾക്ക് 13.29 കോടിയും വേണം. ഭൗതികമായ മാറ്റങ്ങൾ പുനഃസ്ഥാപിക്കാൻ മാത്രം രണ്ട് വർഷം വേണം. ജൈവ വൈവിദ്ധ്യങ്ങൾ പുനഃസ്ഥാപിക്കാൻ പത്ത് വർഷം വേണ്ടിവരുമെന്നും സമിതി അറിയിച്ചു.
ഈ റിപ്പോർട്ടിനെതിരെയാണ് ശ്രീശ്രീ രവിശങ്കർ രംഗത്തെത്തിയത്.
അതേസമയം, വിദഗ്ദ്ധ സമിതി റിപ്പോർട്ടിനെതിരെ ചില ആക്ഷേപങ്ങളുണ്ടെന്ന് ആർട്ട് ഒഫ് ലിവിംഗിന്റെ അഭിഭാഷകൻ വാദിച്ചു. റിപ്പോർട്ടിന് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ച എൻ.ജി.ടി കേസ് മേയ് ഒൻപതിലേക്ക് മാറ്റി.
ഒരേ സമയം കാൽലക്ഷം പേർക്ക് ഇരിക്കാവുന്ന ഭീമൻ സ്റ്റേജും ലക്ഷങ്ങൾക്ക് പങ്കെടുക്കാനുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത് വഴി യമുനാ തീരത്ത് ഗുരുതരമായ പരിസ്ഥിതി നാശം വരുത്തിയെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ