Thursday, 21 September 2017 8.52 AM IST
താരങ്ങളെ നേർവഴി നടത്താൻ പുസ്തകം റെഡി
September 9, 2017, 12:36 am
ന്യൂഡൽഹി: എങ്ങനെ ജീവിതത്തിൽ മുന്നേറാം, എങ്ങനെ പണക്കാരനാകാൻ തുടങ്ങിയ കാര്യങ്ങൾക്ക് വിപണിയിൽ പുസ്തകങ്ങൾ ലഭ്യമാണ്. എന്നാൽ, എങ്ങനെ ഒരു മികച്ച പ്രൊഫഷണൽ ക്രിക്കറ്റ് താരമായി തുടരാമെന്നതിന് ഒരു പുസ്തകത്തിന്റെ കുറവുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് വിനോദ് റായ് അദ്ധ്യക്ഷനായ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി മികച്ച ക്രിക്കറ്റർ തിരിച്ചറിയേണ്ടതും പാലിക്കേണ്ടതുമായ 100 കാര്യങ്ങൾ ഉൾപ്പെടുത്തി പുസ്തകം പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റിലെ കോപ്പിബുക്ക് താരമായ രാഹുൽ ദ്രാവിഡ് ആണ് പുസ്തകത്തിന് അവതാരിക കുറിച്ചത്.

താരങ്ങൾ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നും നിയമ പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നും പുസ്തകത്തിലുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പത്ത് വഴികളുമുണ്ട്. ഐ.പി.എൽ വാതുവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താരങ്ങൾക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് ലോധ സമിതിയും ശുപാർശ ചെയ്തിരുന്നു. ലോധ സമിതി ശുപാർശകൾ കൂടി ഉൾക്കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ബി.സി.സി.ഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങളുടെ ഔദ്യോഗിക ഹാൻഡ്ബുക്കായിരിക്കും. പത്ത് അദ്ധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഓരോ അദ്ധ്യായത്തിലും ആ വിഷയവുമായി ബന്ധപ്പെട്ട പത്ത് ഉപ അദ്ധ്യായങ്ങളുമുണ്ട്.

അദ്ധ്യായങ്ങൾ
 ശരീരവും ആരോഗ്യവും എങ്ങനെ കാത്തുസൂക്ഷിക്കാം.
 എന്തൊക്കെ കഴിക്കാം
 പരിക്കുകളിൽ നിന്ന് മോചനം നേടുന്നതിനുള്ള വഴികൾ
 മനസിനെ അറിയാൻ
 മാനസികവും വികാരപരവുമായി പ്രശ്നങ്ങൾ നേരിടുന്നതിന് വഴികൾ
 നിയമ പ്രശ്നങ്ങൾ നേരിടേണ്ടതെങ്ങനെ
 പണം എങ്ങനെ കൈകാര്യം ചെയ്യാം
 മാദ്ധ്യമങ്ങളുമായി എങ്ങനെ ഇടപെടണം
 പ്രൊഷണൽ ആത്മാർത്ഥത
 കരിയറിലും തുടർന്നും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മാർഗങ്ങൾ

 ബി.സി.സി.ഐയുടെ കരട് ഭരണഘടന തയ്യാറായി
ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടുള്ള ബി.സി.സി.ഐ ഭരണഘടനയ്‌ക്ക് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി രൂപം നൽകി. ഭരണഘടനയുടെ കരട് രൂപം 11ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. ലോധ സമിതി ശുപാർശകളുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ കരട് തയ്യാറാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇടക്കാല ഭരണസമിതി ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഭരണഘടനയുടെ കരടിന് അന്തിമ രൂപം നൽകിയത്. ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് 19നാണ് കോടതി പരിഗണിക്കുക. അന്ന് ഭരണഘടനയുടെ കരട് രൂപവും കോടതി പരിശോധിക്കും. ബി.സി.സി.ഐ ഭാരവാഹികൾക്ക് പ്രായപരിധി ഏർപ്പെടുത്തിയതിനെയും ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമായി നിജപ്പെടുത്തിയതും ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥയും ഉൾപ്പെടെയുള്ള ലോധ സമിതി ശുപാർശകൾ നടപ്പാക്കാൻ ബി.സി.സി.ഐ ഭാരവാഹികൾ ഇതുവരെ തയ്യാറായിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ