Saturday, 21 October 2017 9.19 PM IST
മൈനറായ ഭാര്യയുമായുള്ള ലൈംഗിക ബന്ധം മാനഭംഗം
October 12, 2017, 12:15 am
സ്വന്തം ലേഖകൻ
ഭാര്യ പരാതിപ്പെട്ടാൽ കേസെടുക്കാമെന്ന് സുപ്രീംകോടതി
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് 18 വയസ് തികഞ്ഞിരിക്കണം


ന്യൂഡൽഹി: പതിനെട്ടു വയസു പൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്തുന്നത് മാനഭംഗമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വിധിച്ചു.
15നു വയസിനു മേൽ പ്രായമുള്ള ഭാര്യമായുമായി ലൈംഗിക ബന്ധം പുലർത്തുന്നത് കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി ) 375ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് ജസ്‌റ്റിസുമാരായ മദൻ ബി. ലോക്കുർ, ദീപക് ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

വിധി പ്രകാരം വിവാഹം കഴിച്ചാലും ഇല്ലെങ്കിലും 18 വയസിനു താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തുന്നത് മാനഭംഗത്തിന് തുല്യമാണ്. ഭാര്യ പരാതിപ്പെട്ടാൽ പീഡനത്തിന് കേസെടുക്കാം. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് 18 വയസ് തികഞ്ഞിരിക്കണം. 18 വയസിന് താഴെ സമ്മത പ്രകാരമോ അല്ലാതെയോ ലൈംഗിക ബന്ധം അനുവദിക്കാനാകില്ല. അതിനാൽ 375(2) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. രണ്ടു ജഡ്‌ജിമാരും രണ്ടു വിധിന്യായങ്ങൾ എഴുതി.
375(2) വകുപ്പ് വിവേചന പരവും പെൺകുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും കാണിച്ച് 'ഇൻഡിപെൻഡന്റ് തോട്ട് ' എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് വിധി.
പ്രായപൂർത്തിയായ ദമ്പതികൾ തമ്മിലുള്ള ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധം മാനഭംഗമായി കണക്കാക്കാമോ എന്ന വിഷയം കോടതി പരിഗണിച്ചില്ല.
രാജ്യത്ത് ബാല വിവാഹങ്ങൾ ആചാരത്തിന്റെ ഭാഗമായതിനാൽ 375(2)വകുപ്പ് റദ്ദാക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി തള്ളി. പഴയ സമ്പ്രദായങ്ങൾ കാലത്തിനനുസരിച്ച് മാറണം. 18 വയസിനു താഴെയുള്ള ലൈംഗിക ബന്ധത്തിന് രാജ്യത്തെ ഒരു നിയമവും സാധുത നൽകുന്നില്ല. പെൺകുട്ടി പുരുഷന്റെ അടിമയായി നിൽക്കണമെന്ന പഴയ വ്യവസ്ഥിതി മാറി തുല്യ അവകാശങ്ങൾ നിയമം ഉറപ്പു നൽകുന്നുണ്ട്.

വിധിയുടെ പ്രസക്ത ഭാഗങ്ങൾ:

 ഇന്ത്യൻ നിയമമനുസരിച്ച് പെൺകുട്ടികൾ 18 വയസു തികയും വരെ കുട്ടികളാണ്. 375 ( 2 ) വകുപ്പ് പ്രകാരം, ഭാര്യയായതിനാൽ 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നത് നിർഭാഗ്യകരമാണ്.

 375(2)വകുപ്പ് പെൺകുട്ടികൾക്കിടയിൽ അനാവശ്യ വേർതിരിവ് സൃഷ്‌ടിക്കുന്നു. പോക്‌സോ നിയമത്തിന്റെ സെക്‌ഷൻ ആറ് പ്രകാരം പ്രകാരം 18 വയസിനു താഴെയുള്ള പെൺകുട്ടിയെ മാനഭംഗത്തിന്റെ ഇരയായി കണക്കാക്കി പുരുഷന് ശിക്ഷ ലഭിക്കും. വിവാഹം ചെയ്തതിന്റെ പേരിൽ ഭർത്താവിന് നിയമ പരിരക്ഷ ലഭിക്കുന്നത് നീതികേടും ഏകപക്ഷീയവും വിവേചനപരവും പെൺകുട്ടികളുടെ താത്പര്യങ്ങളെ ഹനിക്കുന്നതുമാണ്.

 375(2) വകുപ്പ് ലിംഗപരമായ വിവേചനം തടയാനുള്ള ആർട്ടിക്കിൾ 15 ( 3 )ന്റെ ഉദ്യേശ ശുദ്ധിയെയും ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നതും അന്താരാഷ്‌ട്ര ഉടമ്പടികൾക്ക് വിരുദ്ധവുമാണ്. ഇന്ത്യൻ ശിക്ഷാ നിയമവും പോസ്‌കോ നിയമവും തമ്മിലുള്ള വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.

 രാജ്യത്ത് ശൈശവ വിവാഹങ്ങൾ പതിവാണെന്ന വാദം 18 വയസിനു താഴെയുള്ള ലൈംഗിക ബന്ധം അംഗീകരിക്കാൻ സാധുത നൽകുന്നില്ല. ഇത്തരം വിവാഹങ്ങൾ പെൺകുട്ടികളുടെ താത്‌പര്യത്തിന് എതിരാണ്.

 പ്രായപൂർത്തിയാകാതെയുള്ള ലൈംഗിക ബന്ധം പെൺകുട്ടിയുടെ മാന്യതയ്‌ക്കും പ്രത്യുൽപാദന താത്‌പര്യങ്ങൾക്കും വിരുദ്ധമാണ്.
 നിയമം ഇളവു നൽകിയാലും 15-18 വയസിൽ പെൺകുട്ടികൾ കുട്ടികൾതന്നെ. ലൈംഗിക ബന്ധത്തിനുള്ള മാനസിക-ശാരീരിക പക്വതയും ഗർഭം ധരിക്കാനുള്ള ശേഷിയും കൈവരുന്നില്ല. ശിശു മരണങ്ങൾ കൂടാൻ ഇത് വഴി തെളിക്കുന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ലൈംഗിക ബന്ധം പെൺകുട്ടികളെ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും വൈകാരിക പ്രതിസന്ധികളിലേക്കും തള്ളിവിടും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ