Saturday, 21 October 2017 9.14 PM IST
സോളാർ റിപ്പോർട്ട് പുറത്തുവിട്ടത് അമിത്ഷായ്‌ക്കുവേണ്ടി: ചെന്നിത്തല
October 12, 2017, 11:13 pm
സോളാർ കമ്മിഷൻ റിപ്പോർട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കണം
ന്യൂഡൽഹി: അമിത് ഷായുടെ മകൻ ജയ് ഷായ‌്‌ക്കെതിരെ സാമ്പത്തിക ആരോപണങ്ങളുയർന്ന സമയത്ത് പിണറായി സർക്കാർ സോളാർ റിപ്പോർട്ട് പുറത്തുവിട്ടത് ബി.ജെ.പിയെ ദേശീയ തലത്തിൽ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
32 കേസിൽ പ്രതിയായ ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിന്റെ വിശ്വാസ്യത ജനങ്ങൾക്ക് ബോദ്ധ്യപ്പെടും. സർക്കാർ നടപടി യു.ഡി.എഫ് നിയമപരമായും രാഷ്‌ട്രീയമായും നേരിടും. ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുന്നത് ആദ്യമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായിയും സി.പി.എമ്മും എന്നും ബി.ജെ.പിക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കാറ്. മെഡിക്കൽ കോഴ വിവാദമുണ്ടായപ്പോൾ രാഷ്‌ട്രീയ കൊലപാതകം നടത്തിയും സി.പി.എം ബി.ജെ.പിയെ സഹായിച്ചിരുന്നു. അമിത് ഷാ വന്നപ്പോൾ കേരളത്തിലെ റോഡുകൾ ടാറിട്ടു വെടിപ്പാക്കി. ബിജെ.പിയെ എതിർക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദ്ദേശം അട്ടിമറിച്ചതും പിണറായി വിജയനാണ്.
1957നുശേഷം സംസ്ഥാനത്ത് സമർപ്പിച്ചിട്ടുള്ള 134 ജുഡിഷ്യൽ റിപ്പോർട്ടുകളും നിയമസഭയിൽ വച്ച് സ്‌റ്റേറ്റ്‌മെന്റ് നടത്തുകയാണ് ചെയ്‌തിട്ടുള്ളത്. മാറാട് റിപ്പോർട്ട് മാത്രം വിവരാവകാശ നിയമ പ്രകാരം പുറത്തു കൊടുത്തു. എന്നാൽ സോളാർ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടു. സഭയിൽ വയ്‌ക്കേണ്ട ആക്‌‌ഷൻ ടേക്കൺ റിപ്പോർട്ട് അദ്ദേഹം പത്രസമ്മേളനത്തിലാണ് വച്ചത്. മാറാട് കേസിൽ റിപ്പോർട്ട് പുറത്തുകൊടുത്ത ചരിത്രമുള്ളതിനാൽ സോളാർ കമ്മിഷൻ റിപ്പോർട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസിൽ പരാമർശിച്ചിട്ടുള്ള ആറു കാര്യങ്ങളിൽ കമ്മിഷന്റെ കണ്ടെത്തലുകൾ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയില്ല. സർക്കാരിന് താത്‌പര്യമുള്ള ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പറയുകയാണ് ചെയ്‌തതെന്നും ചെന്നിത്തല വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ