Thursday, 23 November 2017 8.16 PM IST
കേരളത്തിലെ ജില്ലാ ജഡ്ജി നിയമനം: ഹർജികൾ ഭരണഘടനാ ബെഞ്ചിന്
November 15, 2017, 12:11 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: 2015ലെ ജില്ലാ ജഡ്ജിമാരുടെ നിയമനപ്രക്രിയ ചോദ്യംചെയ്തുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടാൻ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

കേരള ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിയമനപ്രക്രിയയ്‌ക്കെതിരെ നിയമനം ലഭിക്കാത്ത 6 ഉദ്യോഗാർത്ഥികൾ നൽകിയ ഹർജികളാണ് പരിഗണിച്ചത്.

പരീക്ഷ കഴിഞ്ഞശേഷം ജില്ലാ ജഡ്ജിയുടെ നിയമനത്തിന് അധിക യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.

മണിപ്പൂരിലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സമാനമായ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. മണിപ്പൂരിന്റെയും കേരളത്തിന്റെയും കേസുകൾ ഒരുമിച്ചായിരിക്കും പരിഗണിക്കുക.

കേസിന്റെ കാരണം ഇങ്ങനെ

അഭിമുഖ പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ നിന്നുള്ളവർ ചുരുങ്ങിയത് 50 ശതമാനവും സംവരണ വിഭാഗത്തിൽ നിന്നുള്ളവർ കുറഞ്ഞത് 40 ശതമാനവും മാർക്ക് നേടിയാൽ മാത്രമേ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തൂവെന്ന വ്യവസ്ഥയാണ് ഹർജിക്കാർ ചോദ്യം ചെയ്തിട്ടുള്ളത്. എഴുത്ത് പരീക്ഷ മുഴുവൻ പൂർത്തിയായ ശേഷമാണ് അഭിമുഖ പരീക്ഷയുടെ കാര്യത്തിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഇത്തരത്തിലൊരു യോഗ്യതാ മാർക്ക് നിശ്ചയിച്ചത്.

ഈ മാർക്ക് നേടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആറ് ഉദ്യോഗാർത്ഥികൾക്ക് നിയമനം നിഷേധിച്ചു. 2011, 2012, 2014 വർഷങ്ങളിൽ നടന്ന ജില്ലാ ജഡ്ജി നിയമന പ്രക്രിയയിൽ അഭിമുഖ പരീക്ഷയ്‌ക്ക് കുറഞ്ഞ മാർക്ക് എന്ന മാനദണ്ഡം ഇല്ലായിരുന്നു.

ഏകപക്ഷീയമായ തീരുമാനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെയും 1961ലെ കേരള ഹൈക്കോടതി ഹയർ ജുഡിഷ്യൽ ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും അതിനാൽ അഭിമുഖ പരീക്ഷയിലൂടെ 40 ഓളം ഉദ്യോഗാർത്ഥികൾക്ക് നൽകിയ മാർക്ക് അസാധുവാക്കി വീണ്ടും അഭിമുഖ പരീക്ഷ നടത്തണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ