Saturday, 19 August 2017 7.07 AM IST
എ. ഡി.എം.കെക്ക് പിന്നാലെ ജെ.ഡി.യുവും എൻ.ഡി.എയിലേക്ക്:കോരുവല തന്ത്രവുമായി ബി. ജെ.പി
August 13, 2017, 3:13 am
സ്വന്തം ലേഖകൻ
 ജെ.ഡി.യു 19ന് എൻ.ഡി.എയിൽ

ന്യൂഡൽഹി: ബീഹാറിൽ മഹാമുന്നണി തകർത്ത് ജെ.ഡി.യുവിനെയും തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗങ്ങളെയും ചേർത്ത് എൻ.ഡി.എ വിപുലീകരിക്കുന്നതോടെ വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ചുടവ് ശക്തമാക്കുകയാണ് ബി.ജെ.പി. 19ന് ജെ.ഡി.യു എൻ.ഡി.എ പ്രവേശനം പ്രഖ്യാപിച്ചേക്കും. തുടർന്ന് നിതീഷ് കുമാറിനെ മുന്നണി കൺവീനറാക്കിയേക്കും. കൂടാതെ രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങളും ജെഡിയുവിന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം. ഒരു കാബിനറ്റ് മന്ത്രിയെയും ഒരു സഹമന്ത്രി പദവിയുമാണ് നൽകുന്നതെന്നാണ് അറിയുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കുന്നതിനൊപ്പം പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി കുറയ്‌ക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നു.

ബീഹാറിൽ കോൺഗ്രസിനും ആർ.ജെ.ഡിക്കുമൊപ്പം മഹാമുന്നണിയിൽ നിന്ന് 2015ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത പരാജയം സമ്മാനിച്ച ജെ.ഡി.യുവിനെ അടർത്തിയെടുത്തത് തന്ത്രപരമായാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്‌ത് 2013ൽ എൻ.ഡി.എ വിട്ട ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നീക്കങ്ങൾക്ക് കഴിഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച നിതീഷ് കുമാറിനെ കൂടെ നിറുത്താൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ ഫലിച്ചില്ല. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ നിതീഷ് കുമാറുമായി ബി.ജെ.പി നേതാക്കൾ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് പ്രതിപക്ഷത്തോടൊപ്പം നിന്ന ശരത് യാദവിനെ രാജ്യസഭാ പാർട്ടി നേതാവ് സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.

നിതീഷിന്റെ എൻ.ഡി.എ പ്രവേശനം നേരത്തെ ഉറപ്പായിരുന്നെങ്കിലും അതിന്റെ സമയം കുറിക്കാനും മന്ത്രിസഭാ പുന:സംഘടനയിൽ ലഭിക്കേണ്ട മന്ത്രിസ്ഥാനങ്ങളെക്കുറിച്ചും ചർച്ചകളിൽ ധാരണയായതായി അറിയുന്നു. ഇതേ തുടർന്നാണ് ഇന്നലെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെ നിതീഷിനെ ഔദ്യോഗികമായി എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്‌തത്. ഈമാസം 19ന് ലക്‌നൗവിൽ നടക്കുന്ന ജെ.ഡി.യുവിന്റെ ദേശീയ നിർവാഹകസമിതി യോഗത്തിൽ പാർട്ടിയുടെ എൻ.ഡി.എ പ്രവേശനം പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. എൻ.ഡി.എയിൽ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു. പാർട്ടിയിൽ നിന്ന് നേരത്തെ ശരത് യാദവും ജോർജ്ജ് ഫെർണാണ്ടസും ഈ പദവി വഹിച്ചിട്ടുണ്ട്. തിരിച്ച് ബി.ജെ.പിക്ക് പാർലമെന്റിൽ ജെ.ഡി.യുവിന്റെ എട്ട് രാജ്യസഭാംഗങ്ങളുടെയും രണ്ട് ലോക്‌സഭാ അംഗങ്ങളുടെയും പിന്തുണ പ്രയോജനപ്പെടുത്താം.

തമിഴ്നാട്ടിൽ ഭിന്നിച്ചു നിന്ന അണ്ണാ ഡി.എം.കെ പാർട്ടിയിലെ രണ്ടു വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ചരടു വലിച്ച ബി.ജെ.പി അവരുടെ എൻ.ഡി.എ പ്രവേശനവും ഉറപ്പാക്കി കഴിഞ്ഞു. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനെ പാർട്ടിയിൽ ഒതുക്കി മുഖ്യമന്ത്രിഎടപ്പാടി പളിനിസ്വാമിക്കും മുൻമുഖ്യമന്ത്രി പനീർ ശെൽവത്തിനും നിയന്ത്രണം നൽകാൻ ബി.ജെ.പിക്ക് സാധിച്ചു. വാജ്‌പേയി സർക്കാരിന്റെ സമയത്ത് അണ്ണാ ഡി.എം.കെ എൻ.ഡി.എയിൽ അംഗമായിരുന്നു. എ. ഡി.എം.കെയ്‌ക്ക് രാജ്യസഭയിൽ 13ഉം ലോക്‌സഭയിൽ 37ഉം അംഗങ്ങളുണ്ട്.


മന്ത്രിസഭയിലും പ്രാതിനിദ്ധ്യം
ജെ.ഡി.യുവും എ. ഡി.എം.കെയും എൻ. ഡി. എ. ഘടകകക്ഷികളാകുന്നതോടെ, ഉടൻ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിൽ പ്രാതിനിദ്ധ്യം വാഗ്‌ദാനം ചെയ്‌തതായി സൂചനയുണ്ട്. ഇരു പാർട്ടികൾക്കും കാബിനറ്റ് അടക്കം മൂന്നുവീതം സീറ്റുകൾ നൽകുമെന്നാണ് അറിയുന്നത്. ഗ്രാമവികസനം, നഗരവികസനം, വാർത്താവിനിമയം, വനംപരിസ്ഥിതി തുടങ്ങിയ വകുപ്പുകളിൽ ചിലത് പുതിയ സഖ്യകക്ഷികൾക്ക് ലഭിച്ചേക്കും.


ശരത് യാദവിനെ മാറ്റി
ബീഹാറിൽ ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ചതിന് പാർട്ടി നേതൃത്വവുമായി ഉടക്കി നിന്ന ശരയ് യാദവിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ നേതാവ് പദവിയിൽ നിന്ന് മാറ്റി നിതിഷ് കുമാറിന്റെ വിശ്വസ്ഥൻ ആർ.സി.പി. സിംഗിനെ നിയമിച്ചു. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ളകത്ത് പാർട്ടി ഇന്നലെ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് നൽകി. ശരത് യാദവിനൊപ്പം നിന്ന അലി അൻവർ അൻസാരിയെ കഴിഞ്ഞ ദിവസം പ്രതിപക്ഷം വിളിച്ച യോഗത്തിൽ പങ്കെടുത്തതിന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ