Tuesday, 22 August 2017 10.10 PM IST
ഗോരഖ്പൂർ ദുരന്തം: കൈകഴുകാൻ യു.പി സർക്കാർ ശ്രമം
August 13, 2017, 12:05 am
ന്യൂഡൽഹി/ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കുറവ് മൂലം മരിച്ച കുട്ടികളുടെ എണ്ണം 60 കവിഞ്ഞതായി അനൗദ്യോഗിക റിപ്പോർട്ട്. സംഭവത്തിൽ യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡു ചെയ്‌തു. സംഭവത്തിന്റെ ഉത്തരവാദിത്വം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

ശ്രദ്ധക്കുറവ് ആരോപിച്ചാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയെ സസ്‌പെൻഡ് ചെയ്‌തതെന്ന് യു.പി മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അശുതോഷ് ടാണ്ടൻ പറഞ്ഞു. സർക്കാർ തീരുമാനം വരും മുൻപേ പ്രിൻസിപ്പൽ രാജിവച്ചിരുന്നു. കുടിശിക വരുത്തിയതിനാൽ ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനി ഓക്‌സിജൻ വിതരണം നിറുത്തലാക്കിയിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായത്. കുടിശികയുടെ കാര്യം കമ്പനി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്ന് ആഗസ്‌റ്റ് അഞ്ചിന് പണം നൽകാൻ ഉത്തരവായിരുന്നു. എന്നാൽ തുക കമ്പനിക്ക് ലഭിച്ചത് ദുരന്തം നടന്ന ദിവസമാണ്. കുട്ടികൾ മരിച്ചത് ഓക്‌സിജൻ കുറവു കൊണ്ടല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. ആഗസ്‌റ്റ് ഏഴുമുതൽ പ്രത്യേക പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികൾ മരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മരണ സംഖ്യ 60 കവിഞ്ഞതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടെങ്കിലും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. സംഭവങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രിയും യു.പി എം.പിയുമായ അനുപ്രിയ പട്ടേൽഗോരഖ്‌പൂരിൽ എത്തിയിട്ടുണ്ട്.

അതേസമയം താൻ അടുത്ത കാലത്ത് രണ്ടു തവണ ആശുപത്രി സന്ദർശിച്ചപ്പോൾ ഓക്‌സിജൻ സിലിണ്ടറിന്റെ കുറവ് അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ ഓക്‌സിജൻ വിതരണം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്പനിക്ക് കരാർ നൽകിയ മുൻ സർക്കാരിന്റെ ഇടപെടലുകളും അന്വേഷിക്കും. 1978മുതൽ യു.പിയിൽ കുട്ടികൾക്കിടയിൽ മസ്‌തിക ജ്വരം വ്യാപകമാണ്. വെളിയിട വിസർജ്ജനവും വൃത്തിയില്ലായ്‌മയുമാണ് കാരണമെന്നും മുൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് സൂചിപ്പിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടി.

മസ്‌തിഷ്‌ക മരണ ചികിത്‌സയ്‌ക്ക് പേരുകേട്ട ബി.ആർ.ഡി മെഡിക്കൽ കോളേജിൽ യു.പിക്കും ബീഹാറിനും പുറമെ നേപ്പാളിൽ നിന്നും കുട്ടികൾ ചികിത്‌സയ്‌ക്കു എത്തുന്നുണ്ട്.
വിഷയം ഏറ്റെടുക്കാനും ബി.ജെ.പിയെ ആക്രമിക്കാനും കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം രംഗത്തുണ്ട്. യോഗിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാൽ കേന്ദ്രസർക്കാരും പ്രതിരോധത്തിലാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ