ജസ്‌റ്റിസ് ചെലമേശ്വറിന്റെ വഴിമുടക്കിയത് കൊളീജിയം
January 14, 2018, 12:20 am
പ്രസൂൻ എസ്.കണ്ടത്ത്
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജി ജെ. ചെലമേശ്വറിന് കൊളീജിയം സമ്പ്രദായത്തിനോടുള്ള വിയോജിപ്പും ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി പരോക്ഷ ബന്ധവുമുണ്ട്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം തീരുമാനിക്കുന്ന കൊളീജിയം ചെലമേശ്വറിന്റെ സീനിയോറിട്ടി പരിഗണിക്കാതെയാണ് ഇപ്പോഴത്തെ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കും മുൻഗാമി ജസ്‌റ്റിസ് ജെ.എസ്. കെഹാറിനും സുപ്രീംകോടതിയിൽ നിയമനം നൽകിയത്. മറിച്ചായിരുന്നെങ്കിൽ 2017 ജനുവരിയിൽ ജസ്‌റ്റിസ് ടി.എസ്. ഠാക്കൂറിന്റെ പിൻഗാമിയായി ചെലമേശ്വർ ചീഫ് ജസ്‌റ്റിസ് ആയേനെ.
2007 മേയ് മൂന്നിന് ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയി ചുമതലയേറ്റ ജസ്‌റ്റിസ് ചെലമേശ്വർ 2011 ഒക്‌ടോബർ 10നാണ് സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനാകുന്നത്. ഇപ്പോഴത്തെ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര പാട്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയത് 2009 ഡിസംബർ 23നാണ്. വിരമിച്ച മുൻ ചീഫ് ജസ്‌റ്റിസ് ജെ.എച്ച്. കെഹാർ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ചീഫ് ജസ്‌റ്റിസ് ആയി നിയമിതനാകുന്നത് 2009 നവംബർ 29നും.

പക്ഷേ, കൊളീജിയം രണ്ടുകൊല്ലം സീനിയോറിട്ടിയുള്ള ചെലമേശ്വറിനെ മറികടന്ന് 2011 സെപ്‌റ്റംബർ 13ന് ജസ്‌റ്റിസ് കെഹാറിനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ചു. അക്കൊല്ലം ഒക്‌ടോബറിൽ ചെലമേശ്വറും ദീപക് മിശ്രയും ഒന്നിച്ചാണ് സുപ്രീംകോടതിയിലെത്തിയതെങ്കിലും പക്ഷേ ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത് ദീപക് മിശ്രയായിരുന്നു. അതിനാൽ സുപ്രീംകോടതിയിലെ സീനിയോറിട്ടി ജസ്‌റ്റിസ് മിശ്രയ്‌ക്കു ലഭിച്ചു. ഇദ്ദേഹം ഒക്‌ടോബറിലാണ് വിരമിക്കുക. അഥവാ ചെലമേശ്വർ ചീഫ് ജസ്‌റ്റിസ് ആയിരുന്നെങ്കിൽ പോലും ജൂണിൽ അദ്ദേഹം വിരമിച്ചു കഴിഞ്ഞ് ദീപക് മിശ്രയ്‌ക്ക് അവസരം ലഭിക്കുമായിരുന്നു.


കേന്ദ്രസർക്കാരിന്റെ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ബില്ലിനെ അനുകൂലിച്ച് കൊളീജിയത്തോടുള്ള അമർഷം ജസ്‌റ്റിസ് ചെലമേശ്വർ പരസ്യമാക്കിയിരുന്നു. കൊളിജീയം സമ്പ്രദായം അവസാനിപ്പിച്ച് ജഡ്‌ജി നിയമത്തിന് കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന ബിൽ തള്ളിയ 2015ലെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായത്തിൽ ചെലമേശ്വറിന്റേത് വേറിട്ട ശബ്‌ദമായി. ജുഡിഷ്യറിയുടെ വിശ്വാസ്യത കാക്കാൻ കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാര ശ്രേണിയിൽ ചീഫ് ജസ്‌റ്റിസ് കഴിഞ്ഞ് തൊട്ടു താഴെയുള്ള രണ്ടാം നമ്പർ കോടതിയിൽ കേസ് കേൾക്കുന്ന ജസ്‌റ്റിസ് ചെലമേശ്വർ ഇപ്പോഴത്തെ കൊളീജിയത്തിൽ അംഗമാണ്. ചീഫ് ജസ്‌റ്റിസ് അടക്കം മുതിർന്ന അഞ്ച് ജഡ്‌ജിമാർ അടങ്ങിയ കൊളീജിയത്തിന് ഭരണഘടനാപരമായ പിന്തുണയില്ല.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ