സുപ്രീംകോടതി തർക്കം പരിധി കടക്കാതെ തീർക്കും
January 14, 2018, 12:01 am
പ്രസൂൻ എസ്.കണ്ടത്ത്
ന്യൂഡൽഹി: സുപ്രീംകോടതിയിലെ തർക്കം പരമോന്നത കോടതിയുടെ പരിധിക്കുള്ളിൽ തന്നെ തീർക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. പരിഹാരമുണ്ടാക്കാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യയും സുപ്രീംകോടതി ബാർ കൗൺസിലും ഇടപെടും. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌‌ക്കെതിരെ നാല് മുതിർന്ന ജഡ്‌ജിമാർ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ ജഡ‌്ജിമാരുമായി ചർച്ച നടത്താൻ ബാർ കൗൺസിൽ ഏഴംഗ പ്രതിനിധി സംഘത്തെ അയയ്‌ക്കും. അതേസമയം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്‌ചയ്‌ക്ക് വസതിയിലെത്തിയെങ്കിലും അനുമതി നൽകിയില്ല. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച തന്നെ അനുരഞ്ജന ശ്രമങ്ങൾ തുടങ്ങിയിരുന്നു.

പത്രസമ്മേളനം നടത്തിയ ജഡ്‌ജിമാരിൽ ജെ. ചെലമേശ്വർ ഒഴികെ രഞ്ജൻ ഗോഗോയ്, മദവൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ഡൽഹിക്ക് പുറത്തായതിനാൽ ഇന്നലെ ചർച്ചകളൊന്നും നടന്നില്ല.
ബാർ കൗൺസിൽ നിയോഗിച്ച ഏഴംഗ പ്രതിനിധി സംഘം ജഡ്‌ജിമാരുമായി നേരിട്ട് സംസാരിക്കും. ചീഫ് ജസ്‌‌റ്റിസുമായി കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി തേടിയിട്ടുണ്ട്. ജുഡിഷ്യറിയുടെ ആഭ്യന്തര കാര്യമാണെന്നും സർക്കാർ ഇടപെടില്ലെന്നും പ്രധാനമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര പറഞ്ഞു.

സുപ്രീംകോടതി ബാർ അസോസിയേഷനും മദ്ധ്യസ്ഥത ശ്രമങ്ങളാരംഭിച്ചു. നാല് ജഡ്‌ജിമാർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും ഉടൻ പരിഹാരം കാണണമെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. ആദ്യം ചീഫ് ജസ്‌‌റ്റിസുമായി ചർച്ച നടത്തും. അദ്ദേഹം തങ്ങളുടെ നിലപാടുകളോട് യോജിക്കുകയാണെങ്കിൽ മറ്റ് നാല് ജഡ്‌ജിമാരെയും കാണും. പൊതുതാത്‌പര്യഹർജികൾ ചീഫ് ജസ്‌റ്റിസ് അല്ലെങ്കിൽ കൊളീജിയം അംഗങ്ങളായ അഞ്ച് ജഡ്‌ജിമാരിൽ ആരെങ്കിലും മാത്രം പരിഗണിക്കുക, ജസ്‌റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്‌ജിമാർ അടങ്ങിയ ബെഞ്ചിന് വിടുക എന്നീ പ്രമേയങ്ങളും അസോസിയേഷൻ പാസാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രമം വിഫലമായി

പ്രധാനമന്ത്രിയുടെ ഓഫീസ് വഴി കേന്ദ്ര സർക്കാർ നടത്തിയ ഒത്തുതീർപ്പ് നീക്കം പാഴായി. ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ തുഗ്ളക്ക് റോഡിലെ വസതിയിൽ എത്തിയെങ്കിലും കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിച്ചില്ല. സുപ്രീംകോടതി വിഷയത്തിൽ ഇടപെടില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രസ്‌താവന നടത്തിയിരുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ