ചുവപ്പു കോട്ടയിൽ കാവിപ്പോര്
February 14, 2018, 12:41 am
പ്രസൂൻ എസ്.കണ്ടത്ത്
തെക്ക് കേരളം കഴിഞ്ഞാൽ സി.പി.എമ്മിന്റെ ചൊങ്കൊടി അഭിമാനത്തോടെ പാറുന്നത് അങ്ങു മേലെ വടക്കു കിഴക്കുള്ള ത്രിപുരയിലാണ്. വംഗനാടിന്റെ സ്വാധീനവും ആദിവാസി മേഖലകളിലെ സമരവീര്യവും ചുവപ്പണിയിച്ച ത്രിപുരയിൽ പാവങ്ങളുടെ മുഖ്യമന്ത്രിയായ മണിക് സർക്കാരിന്റെ സി.പി.എം സർക്കാർ കാൽ നൂറ്റാണ്ടു പിന്നിട്ടു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പത്തു സീറ്റിലൊതുക്കി അധികാരം നിലനിറുത്തിയ മണിക് സർക്കാർ വീണ്ടും ജനവിധി തേടുമ്പോൾ പഴയതു പോലെ എളുപ്പമല്ല കാര്യങ്ങൾ. രാജ്യമെമ്പാടും വേരൂന്നിയ ബി.ജെ.പി വടക്കു കിഴക്കൻ മേഖലയിൽ നടത്തിയ മുന്നേറ്റം ത്രിപുരയിലെ സി.പി.എമ്മിന്റെ അപ്രമാദിത്യത്തിനും വെല്ലുവിളിയാണ്.

കോൺഗ്രസിനെ വെട്ടി ബി.ജെ.പി

2013ലെ തിരഞ്ഞെടുപ്പിൽ 50 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് നേടാനായത് 1.54% വോട്ടു മാത്രം(ആകെ വോട്ട്: 33808). 2014ൽ കേന്ദ്രത്തിൽ അധികാരമേറ്റ ബി.ജെ.പി മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം ത്രിപുരയിലും സ്വാധീനം വിപുലപ്പെടുത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിൽ നിന്ന് ആ റോൾ ഏറ്റെടുക്കാൻ അധിക നാൾ വേണ്ടി വന്നില്ല. 2013ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച പത്ത് എം.എൽ.എമാരും ഇന്ന് ബി.ജെ.പി പോക്കറ്റിൽ. ആറുപേർ തൃണമൂൽ കോൺഗ്രസ് വഴിയാണ് ബി.ജെ.പിയിലെത്തിയത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ ബി.ജെ.പി ത്രിപുരയിൽ അക്കൗണ്ട് തുറന്നിരുന്നു.

കേഡർ സംവിധാനത്തിലൂടെ പാർട്ടിക്ക് അടിത്തറയുണ്ടാക്കാൻ പുറത്തു നിന്ന് വിദഗ്‌ദ്ധരെ കൊണ്ടുവന്നു. 2014ൽ വാരാണസിയിൽ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ മുൻ ആർ. എസ്.എസ് പ്രചാരക് സുനിൽ ദേവ്‌ധറിനാന് ത്രിപുരയുടെ ചുമതല.

തലസ്ഥാനമായ അഗർത്തല വിട്ട് ഗ്രാമങ്ങളിൽ പ്രചരണം കേന്ദ്രീകരിച്ചിരിക്കുന്ന ബി.ജെ.പി തന്ത്രപരമായാണ് നീങ്ങുന്നത്. ലക്ഷ്യമിടുന്നത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങൾ. എയിംസ്, മെഡിക്കൽ കോളേജുകൾ, എല്ലാ വീട്ടിലും ഒരാൾക്ക് തൊഴിൽ, സൗജന്യ വിദ്യാഭ്യാസം, ചെറുപ്പക്കാർക്ക് സൗജന്യ സ്‌മാർട്ട്ഫോൺ, സംസ്ഥാന ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ ശുപാർശ, ദരിദ്രർക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ ആകർഷക വാഗ്‌ദാനങ്ങൾ. ത്രിപുര രാജ്യത്തിന് വേണ്ടി വാദിച്ച ഐ.പി.എഫ്.ടി എന്ന തീവ്രവാദ സംഘടനയെ സഖ്യകക്ഷിയുമാക്കി. ആദിവാസി മേഖലകളിൽ ഇവർക്ക് സ്വാധീനമുണ്ട്.

പാവങ്ങളുടെ മുഖ്യമന്ത്രി

ത്രിപുരയിൽ ബി.ജെ.പിക്ക് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ സി.പി.എം സർക്കാരിനെ നയിക്കുന്ന 69കാരനായ മണിക് സർക്കാർ എന്ന മുഖ്യമന്ത്രിയാണ്. ശമ്പളം പാർട്ടിക്ക് നൽകി ഭാര്യയുടെ പെൻഷൻ കൊണ്ട് ജീവിക്കുന്ന രാജ്യത്തെ ഏക മുഖ്യമന്ത്രി. സ്വന്തമായി വീടില്ല, മൊബൈൽ ഫോണില്ല. ഈ ഇമേജിലാണ് സി.പി.എം ത്രിപുരയിൽ ഭരണമുറപ്പിച്ചതെന്ന് പറഞ്ഞാലും തെറ്റില്ല. പക്ഷേ മണിക്കിന്റെ സംസ്ഥാനം തൊഴിലില്ലായ്മയും വികസന മുരടിപ്പും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ‌്‌തതയും മൂലം വീർപ്പു മുട്ടുന്നത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സാക്ഷരത, ഉയർന്ന പ്രതിശീർഷ വരുമാനം, നെല്ലുൽപാദനം അടക്കം കാർഷിക മേഖലയിലെ പുരോഗതി, ആരോഗ്യ രംഗത്തെ വളർച്ച തുടങ്ങി ഭരണ നേട്ടങ്ങൾ സി.പി.എം ഭരണനേട്ടമായി. 57 സീറ്റിൽ സി.പി.എമ്മും ബാക്കി സഖ്യകക്ഷികളും മത്സരിക്കുന്നു.

തിരിച്ചു വരവിന് കോൺഗ്രസ്

രാഹുൽ ഗാന്ധി അദ്ധ്യക്ഷനായ ശേഷമുള്ള തിരഞ്ഞെടുപ്പ് എന്ന നിലയിൽ ത്രിപുരയിൽ പ്രകടനം മെച്ചപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ തവണ പത്തു സീറ്റിൽ ജയിച്ചെങ്കിലും ഒരാൾ പോലും ഒപ്പമില്ല. ബി.ജെ.പി കരുത്തും നേടി. 1963 മുതൽ 77 വരെയും 1988-1993 കാലത്തും കോൺഗ്രസ് ഭരിച്ച സംസ്ഥാനത്ത് ഇന്ന് പരിതാപകരമാണ് അവസ്ഥ. സ്വാധീന മേഖലകളിൽ ഇന്ന് ബി.ജെ.പി ആധിപത്യം നേടിയിട്ടുണ്ട്.


മണിക് സർക്കാരിൽ നിന്നുള്ള മാറ്റത്തിന് ഒരു വോട്ട് എന്ന ബി.ജെ.പി മുദ്രാവാക്യം ത്രിപുര എത്രകണ്ട് ഉൾക്കൊള്ളുമെന്നതും കേരളത്തിനപ്പുറത്തെ ഏക സി.പി.എം സർക്കാരിന്റെ ഭാവിയും നിർണയിക്കപ്പെടുന്ന വോട്ടെടുപ്പാണ് 18ന് നടക്കുന്നത്.

2013 അസംബ്ളി തിരഞ്ഞെടുപ്പ്

ആകെ സീറ്റ് 60
സി.പി.എം: 49
സി.പി.ഐ: 1
കോൺഗ്രസ്: 10(ഇപ്പോൾ ബി.ജെ.പിയിൽ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ