കാണാതായ ഏഴുവയസുകാരന്റെ ജഡം അയൽവാസിയുടെ സ്യൂട്ട്കേസിനുള്ളിൽ
February 14, 2018, 12:05 am
ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ ഒരു മാസം മുമ്പ് കാണാതായ ഏഴുവയസുകാരന്റെ അഴുകിയ ജഡം സ്യൂട്ട്‌കേസിനുള്ളിൽ കണ്ടെത്തി. മരിച്ച ആശിഷിന്റെ വീട്ടിലെ സ്ഥിരംസന്ദർശകനായ യു.പി സ്വദേശി ആവ്‌ദേശ് സാക്യ(27) അറസ്‌‌റ്റിലായി. കുട്ടിയെ വീട്ടുകാർ അകറ്റാൻ ശ്രമിച്ചതാണ് കൊലയ്‌ക്ക് പ്രകോപനമായതെന്ന് പ്രതി സമ്മതിച്ചു.

ജനുവരി ആറിന് കുട്ടിയെ കാണാതായപ്പോൾ പിതാവ് കരൺ സിംഗിനൊപ്പം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ പ്രതിയും പോയിരുന്നു. സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന പ്രതി മൂന്നു വർഷം കരൺസിംഗിന്റെ വീട്ടിലാണ് വാടകയ്‌ക്ക് താമസിച്ചത്. അടുത്ത കാലത്ത് വീടു മാറിയെങ്കിലും കരൺ സിംഗിന്റെ വീട്ടിൽ വരികയും കുട്ടിയുമായി ഇടപഴകുകയും ചെയ്‌തു. ഇത് വീട്ടുകാർ വിലക്കി.
ജനുവരി ആറിന് കുട്ടി പ്രതിയുടെ വീട്ടിലെത്തി വീട്ടുകാരുടെ വിലക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇതറിഞ്ഞ ദേഷ്യത്തിൽ പ്രതി മഫ്‌ളർ കൊണ്ട് കുട്ടിയുടെ മുഖം പൊത്തി സ്യൂട്ട്‌കേസിനുള്ളിലാക്കി. ഒന്നുസംഭവിക്കാത്ത പോലെ കരൺ സിംഗിന്റെ വീട്ടിൽ പോകുകയും കുട്ടിക്കു വേണ്ടിയുള്ള അന്വേഷണത്തിൽ പങ്കു ചേരുകയും ചെയ്‌തു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് മോചനദ്രവ്യം ചോദിക്കാനായിരുന്നു പദ്ധതി.
സ്യൂട്ട്‌കേസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ ജഡം അഴുകി ദുർഗന്ധം വമിച്ചപ്പോൾ വിവരം തിരക്കിയ അയൽ വാസികളോട് എലി ചത്തെന്ന മറുപടിയാണ് നൽകിയത്. കുട്ടിയുടെ തിരോധാനം അന്വേഷിക്കാൻ പൊലീസ് സ്ഥിരമായി വന്നത് മൂലം ജഡം വീട്ടിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല.
വീട്ടുകാരുടെ സംശയത്തെ തുടർന്നാണ് ആവ്‌ദേശ് സാക്യയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ