ടുജി സ്‌പെക്ട്രം: അന്വേഷണം വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി
March 13, 2018, 4:19 am
സ്വന്തം ലേഖകൻ
 ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം

ന്യൂഡൽഹി: ടുജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിലും മറ്റ് അനുബന്ധ കേസുകളിലും അന്വേഷണം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി, ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും സി.ബി.ഐയ്‌ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നിർദ്ദേശം നൽകി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. എയർസെൽ-മാക്സിസ് ഇടപാട് ഉൾപ്പെടെയുള്ള കേസുകളിലെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കേസാണിത്. ജനങ്ങളെ ഇത്തരത്തിൽ ഇരുട്ടിൽ നിറുത്താനാവില്ല. ജനങ്ങൾക്ക് അന്വേഷണം സംബന്ധിച്ച് അറിയേണ്ടതുണ്ട്. അന്വേഷണ പുരോഗതിയിൽ കോടതിക്ക് ആശങ്കയുണ്ട്. ഏതെങ്കിലും അദൃശ്യകരങ്ങളുടെ ഇടപെടൽ അന്വേഷണം നീളുന്നതിന് പിന്നിലുണ്ടോയെന്നും കോടതി ആരാഞ്ഞു.

അതേസമയം, ടുജി കേസുകളിൽ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ നിയമിച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി. 2014ൽ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറിന് ചുമതല ഒഴിയാൻ കോടതി അനുമതി നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ