കാർത്തിയുടെ ജാമ്യാപേക്ഷ; സി.ബി.ഐ നിലപാട് അറിയിക്കണം
March 14, 2018, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി സി.ബി.ഐയുടെ നിലപാട് തേടി. 16ന് മുൻപ് കേസിന്റെ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എസ്.പി.ഗാർഗ് അദ്ധ്യക്ഷനായ ബെഞ്ച് സി.ബി.ഐയോട് നിർദ്ദേശിച്ചു. അതേസമയം, അപേക്ഷ നിലനിൽക്കില്ലെന്ന് സി.ബി.ഐ വാദിച്ചു.

പ്രത്യേക സി.ബി.ഐ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിക്കുമെന്ന് കാർത്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന കാർത്തിയുടെ ആവശ്യം വിചാരണ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
തീഹാർ ജയിലിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും സുരക്ഷ ഒരുക്കണമെന്നും വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നുമുള്ള കാർത്തിയുടെ ആവശ്യങ്ങളും പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു.

ഇളവ് നൽകിയതിനെതിരെ ഇ.ഡി സുപ്രീംകോടതിയിൽ
എൻഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കാർത്തി ചിദംബരത്തിനെതിരെ പുറപ്പെടുവിച്ച സമൻസിന് ഭാഗീക സ്റ്റേ ഏർപ്പെടുത്തിയ ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്ന 20വരെ കാർത്തിയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ ഹർജിയിൽ ഇന്ന് വാദം കേൾക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ