ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ,ആധാർ ബന്ധം അകലെ
March 14, 2018, 1:53 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പുതിയ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ തുടങ്ങിയ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി സുപ്രീംകോടതി അനിശ്ചിതമായി നീട്ടി. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മൊബൈൽ ഫോൺ സേവനം തുടരുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. ഈ മാസം 31നുള്ളിൽ ഈ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് കോടതി അനിശ്ചിതമായി നീട്ടിയത്.

ആധാർ ബന്ധിപ്പിക്കലിന്റെ കാലാവധി നീട്ടാൻ പദ്ധതിയുണ്ടെങ്കിൽ വൈകിക്കരുതെന്ന് കോടതി നേരത്തേ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കാലാവധി നീട്ടാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും കേന്ദ്രം തീരുമാനമെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ഹർജികളിൽ വാദം കേൾക്കവേ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആധാർ നിർബന്ധമാക്കിയ തീരുമാനമാണ് അനന്തമായി നീട്ടിയിട്ടുള്ളത്. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തെ കുറിച്ച് ഡിസംബർ 15ലെ ഉത്തരവിലും ഇന്നലത്തെ ഉത്തരവിലും വ്യക്തമായി ഒന്നും പറയുന്നില്ല.

 തത്കാൽ പാസ്‌പോർട്ടിനും ആധാർ വേണ്ട
തത്കാൽ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ആധാർ വേണ്ടെന്നും കോടതി ഉത്തരവിട്ടു. തത്കാൽ പാസ്‌പോർട്ടിന് ആധാർ നിർബന്ധമാക്കി കേന്ദ്രം ചട്ടം ഭേദഗതി ചെയ്തിരുന്നു.

 ആധാർ വേണ്ടത്
അതേസമയം, 2016ലെ ആധാർ ആക്ടിലെ ഏഴാം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് 31നുള്ളിൽ തന്നെ ആധാറുമായി ബന്ധിപ്പിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന പദ്ധതികളാണ് ഈ വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ