പാതയോര മദ്യ നിരോധനം: കള്ളുഷാപ്പുകൾ വീണ്ടും തുറക്കാൻ വഴിയൊരുക്കി സുപ്രീംകോടതി
March 14, 2018, 12:10 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പനശാലകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്ന് നഗര പ്രദേശങ്ങളോട് ചേർന്നതും പട്ടണസമാന വികസനമുള്ളതുമായ പഞ്ചായത്തുകളെ ഒഴിവാക്കിയ ഉത്തരവ് കള്ളുഷാപ്പുകളുടെ കാര്യത്തിലും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കള്ളുഷാപ്പുകളെ പാതയോര മദ്യനിരോധന ഉത്തരവിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, കള്ള് മദ്യത്തിന്റെ പരിധിയിൽ വരുമോയെന്ന വിഷയത്തിൽ കോടതി തീരുമാനമെടുത്തില്ല. പഞ്ചായത്തുകളുടെ യോഗ്യത നോക്കി കള്ള് വിൽപ്പനയ്ക്ക് അനുമതി നൽകുന്ന കാര്യം സംസ്ഥാന സർക്കാരിന് തീരുമാനിക്കാം.

അടച്ചു പൂട്ടിയ ഷാപ്പുകൾ
ഉപാധിയോടെ തുറക്കാം
 ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാല നിരോധനത്തെ തുടർന്ന് അടച്ചു പൂട്ടിയ കള്ളുഷാപ്പുകൾ ഉപാധിയോടെ തുറക്കാൻ വഴിയൊരുക്കുന്നതാണ് സുപ്രീം കോടതി തീരുമാനം.
 മദ്യശാലാ നിരോധനത്തിൽ നിന്ന് പഞ്ചായത്തുകളിലെ പട്ടണ പ്രദേശങ്ങൾക്ക് കഴിഞ്ഞ മാസം 23നാണ് സുപ്രീം കോടതി ഇളവ് നൽകിയത്. ഈ ഇളവാണ് കള്ളുഷാപ്പുകൾക്കും ബാധകമാക്കുന്നത് .
 പഞ്ചായത്തുകളിലെ പട്ടണ പ്രദേശങ്ങൾ ഏതൊക്കെയെന്ന് സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടത്. പാതയോരത്തെ മദ്യശാല നിരോധനത്തിൽ നിന്ന് മുൻസിപ്പാലിറ്റികളെയാണ് ആദ്യം ഒഴിവാക്കിയത്.
 കള്ള് വീര്യം കുറഞ്ഞ പാനീയമായതിനാൽ മദ്യമായി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെയും ഹർജിക്കാരായ കള്ളുഷാപ്പ് ലൈസൻസി അസോസിയേഷന്റെയും വാദം.
സുധീരന്റെ ആവശ്യം
അംഗീകരിച്ചില്ല
കള്ളുഷാപ്പുകൾക്ക് ഇളവ് നൽകരുതെന്ന് കേസിൽ കക്ഷി ചേർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സുധീരൻ കോടതി ചെലവിൽ പ്രശസ്തനാവാൻ ശ്രമിക്കുകയാണെന്ന് കേസിൽ കക്ഷിയായ വൈക്കം ചെത്തുതൊഴിലാളി യൂണിയന് ( എ.ഐ.ടി.യു.സി )വേണ്ടി ഹാജരായ അഡ്വ.വി.കെ.ബിജു വാദിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ