പട്ടേൽ വോട്ടിൽ വിശ്വസിച്ച് കോൺഗ്രസ്,മോദി പ്രഭയെ മുറുകെപ്പിടിച്ച് ബി.ജെ.പി
December 7, 2017, 12:12 am
വി.എസ്. സനകൻ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 182 അംഗ നിയമസഭയിലെ സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ്. 1700 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

പട്ടേൽ സംവരണ സമുദായ നേതാവ് ഹാർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അൽപ്പേഷ് താക്കൂർ എന്നീ യുവതുർക്കികളുടെ പിന്തുണ സമാഹരിച്ച് ജാതി സമവാക്യങ്ങൾ തിരുത്തിയാണ് കോൺഗ്രസ് തിര‌ഞ്ഞെടുപ്പിനെ നേരിടുന്നത്.

22 വർഷം നീണ്ട ബി.ജെ.പി സർക്കാരുകൾക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കർഷക പ്രശ്നങ്ങളും പട്ടേൽ സമുദായത്തിന്റെ സംവരണ വിഷയവും ജി.എസ്.ടിയും നോട്ട് അസാധുവാക്കലും വരുത്തിവച്ച ബുദ്ധിമുട്ടുകളുമാണ് കോൺഗ്രസ് പ്രചാരണ ആയുധമാക്കിയത്. പല ഘടകങ്ങളും അനുകൂലമായിട്ടും ശക്തമായ നേതൃത്വമില്ലായ്മ കോൺഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഊന്നിയാണ് ബി.ജെ.പിയുടെ തേരോട്ടം. ജാതി രാഷ്ട്രീയം മുറുകെപ്പിടിച്ച് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രാദേശിക വാദവും ബി.ജെ.പി ആയുധമാക്കി. ഗുജറാത്തിയായ തന്നെ പുറത്തുനിന്നുള്ള രാഹുൽ ഗാന്ധി അധിക്ഷേപിക്കുന്നെന്നാണ് പ്രചാരണത്തിലുടനീളം നരേന്ദ്ര മോദി പ്രസംഗിച്ചത്.

150 സീറ്റാണ് ബി.ജെ.പി ലക്ഷ്യംവയ്‌ക്കുന്നതെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഏറ്റവും ഒടുവിൽ വന്ന അഭിപ്രായ സർവേകൾ ബി.ജെ.പിക്ക് അനുകൂലമല്ല. 59 ശതമാനം വോട്ട് ബി.ജെ.പി നേടുമെന്ന് ആഗസ്റ്റിൽ പ്രവചിച്ച എ.ബി.പി ന്യൂസിന്റെ സർവേ ഇപ്പോൾ 43 ശതമാനം മാത്രമാണ് പറയുന്നത്. കോൺഗ്രസിനും ഇതേ വോട്ട് ശതമാനം സർവേ പ്രവചിക്കുന്നു.

സൗരാഷ്ട്ര തീരുമാനിക്കും
ഇരു പാർട്ടികൾക്കും ഏറ്റവും നിർണായകം സൗരാഷ്ട്രയാണ്. ബി.ജെ.പിക്കൊപ്പം എന്നും അടിയുറച്ച് നിന്നിട്ടുണ്ട് പട്ടേൽ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഈ മേഖല. സൗരാഷ്ട്രയും കച്ചും ചേർന്നുള്ള 54 മണ്ഡലങ്ങളിൽ 31 ഇടത്തും പട്ടേൽ സമുദായത്തിന് 25 ശതമാനത്തിലധികം വോട്ടുണ്ട്. ഇത് ഇത്തവണ ബി.ജെ.പിക്ക് വിരുദ്ധമായി തിരിഞ്ഞാൽ കോൺഗ്രസിന് അദ്ഭുതം സൃഷ്ടിക്കാനാകും. അതേസമയം, പട്ടേൽ സമുദായത്തിന്റെ വോട്ട് ഭിന്നിച്ചാൽ ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യും. സൗരാഷ്ട്ര വിജയിക്കുന്നവരാണ് സംസ്ഥാനം ഇതുവരെ ഭരിച്ചിട്ടുള്ളതും. അതുകൊണ്ടുതന്നെ ഇരു പാർട്ടികൾക്കും ഏറ്റവും നിർണായകവും ഒന്നാം ഘട്ടമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ