മോദിയെ പ്രഹരിച്ച ജസ്റ്റിസ് കെ.എം.ജോസഫ്
January 12, 2018, 1:14 am
വി.എസ്.സനകൻ
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ജുഡീഷ്യറി.
2016ൽ ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റിസ് ജോസഫിന്റെ റദ്ദാക്കിയത് മോദി സർക്കാരിന് കനത്ത പ്രഹരമായിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കിയത് പിന്നീട് സുപ്രീംകോടതി ശരിവച്ചപ്പോൾ ഉത്തരാഖണ്ഡിൽ കോൺഗ്രസിന് വീണ്ടും അധികാരത്തിലേക്കുള്ള വഴിതുറന്നു. അതിന് പിന്നാലെ ജസ്റ്റിസ് ജോസഫിനെ ആന്ധ്രാപ്രദേശ് - തെലുങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം ശുപാർശ ചെയ്തെങ്കിലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.
ഇതിന് ശേഷം അയച്ച പല ശുപാർശകളും കേന്ദ്രം അംഗീകരിച്ചപ്പോൾ ജസ്റ്റിസ് ജോസഫിന്റെ ഫയലിൽ കേന്ദ്രം അടയിരിക്കുകയാണ്. ഫയൽ തിരിച്ചയയ്‌ക്കുക പോലും ചെയ്യാത്തത് ശ്രദ്ധേയമാണ്.
മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജസ്റ്റിസ് ജോസഫിനെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തതെങ്കിലും രാഷ്‌ട്രീയ കാരണങ്ങളാൽ കേന്ദ്രം അനുകൂല തീരുമാനമെടുക്കാൻ സാദ്ധ്യത കുറവാണെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. 58കാരനായ ജസ്റ്റിസ് ജോസഫിന് ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ട് വർഷത്തെ കാലാവധിയുണ്ട്. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ അഞ്ച് വർഷത്തിൽ കൂടുതൽ അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി ഇരിക്കാം.
കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ ശുപാർശ ചെയ്തപ്പോൾ ജസ്റ്റിസ് ജോസഫിനെ ഒഴിവാക്കിയതിൽ കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ചെലമേശ്വർ പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ ജസ്റ്റിസ് ജോസഫിനെഏകകണ്‌ഠമായാണ് കൊളീജിയം ശുപാർശ ചെയ്തത്.

പിതാവിന്റെ പാതയിൽ
പിതാവായ മുൻ സുപ്രീം കോടതി ജഡ്‌ജി കെ.കെ. മാത്യുവിന്റെ പാത പിന്തുടർന്നാണ് കെ. എം. ജോസഫ് നിയമ പഠനത്തിൽ എത്തിയത്. അമ്മിണി തരകൻ ആണ് മാതാവ്. 1958 ൽ കൊച്ചിയിലാണ് കെ.എം. ജോസഫ് ജനിച്ചത്. കൊച്ചി, ഡൽഹി കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദമെടുത്തു. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1982 ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി തുടക്കം. ഒരു വർഷത്തിനു ശേഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14 ന് കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി. 2014 ജൂലായ് 31 ന് ഉത്തരഖണ്ഡ് ചീഫ് ജസ്റ്റിസ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ