'തുല്യരിലെ ഒന്നാമൻ മാത്രം'
January 13, 2018, 12:02 am
വി.എസ്.സനകൻ
പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,

പരമോന്നത കോടതിയുടെ ചില ഉത്തരവുകൾ നീതിന്യായ സംവിധാനത്തിന്റെ നിർവഹണത്തെ ബാധിക്കുകയും കോടതിയുടെ സ്വതന്ത്ര സ്വഭാവത്തിന് തടസം നിൽക്കുകയും ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ ഭരണപരമായ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അത്യന്തം മനോവേദനയോടെയും ഉത്കണ്ഠയോടെയുമാണ് ഞങ്ങൾ ഈ കത്തെഴുതാൻ നിർബന്ധിതരായിരിക്കുന്നത്. കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ രൂപീകരണം മുതൽ നമ്മുടെ നിയമസംവിധാനം സ്വീകരിച്ചിട്ടുള്ള കീഴ്‌വഴക്കങ്ങളും ആചാരങ്ങളുമുണ്ട്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് വേരുറച്ച ചില പരമ്പരാഗത രീതികളാണ്. ഈ മൂന്ന് കോടതികൾ സ്ഥാപിച്ച് നൂറ് വർഷത്തിന് ശേഷം സ്ഥാപിക്കപ്പെട്ട സുപ്രീംകോടതിയും ആ കീഴ്‌വഴക്കങ്ങൾ അക്ഷരംപ്രതി പിന്തുടരുകയായിരുന്നു.
ഏത് കേസ് ആർക്ക് നൽകണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാനുള്ള സവിശേഷാധികാരം ചീഫ് ജസ്റ്റിസിന് ആണെന്ന അംഗീകൃത തത്വം ഇത്തരം പരമ്പരാഗത രീതികളുടെ ഭാഗമാണ്. ഈ നടപടിക്രമത്തിലൂടെ മറ്റ് ജഡ്ജിമാരുടെ മുകളിൽ ചീഫ് ജസ്റ്റിസിന് നിയമപരമായോ വസ്തുതാപരമായോ മേധാവിത്തമുണ്ടെന്ന് കരുതുന്നില്ല. അതിന് അങ്ങനെയൊരു അർത്ഥമില്ല. കോടതി നടപടികൾ കാര്യക്ഷമമായും അച്ചടക്കത്തോടെയും നടക്കുന്നതിനുള്ള വ്യവസ്ഥ മാത്രമാണിത്.
നിയമമനുസരിച്ച് ചീഫ് ജസ്റ്റിസ് തുല്യരിലെ ഒന്നാമൻ മാത്രമാണ്. അതിൽ കൂടുതലുമില്ല. കുറവുമില്ല. എതൊക്കെ കേസുകൾ ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ കാലങ്ങളായി പിന്തുടരുന്ന ചില സമ്പ്രദായങ്ങൾ അനുസരിച്ചാണ് ചീഫ് ജസ്റ്റിസുമാർ തീരുമാനമെടുക്കുന്നത്. വിവിധ ബെഞ്ചുകളുടെ ഘടന സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുത്താൽ മറ്റ് അംഗങ്ങൾ അതിനോട് യോജിക്കുകയാണ് രീതി. ഈ തത്ത്വങ്ങൾ കൃത്യമായി പാലിക്കപ്പെട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അത് അനഭിലഷണീയമായ സംഭവങ്ങൾക്ക് വഴിവയ്‌ക്കും. ദൗർഭാഗ്യവശാൽ, അടുത്ത കാലത്ത് മേൽപ്പറഞ്ഞ തത്ത്വങ്ങൾ തുടർച്ചയായി ലംഘിക്കപ്പെട്ടു. ലംഘിക്കപ്പെടുന്നു. ബെഞ്ചുകളുടെ ഘടനയും പാലിക്കപ്പെടുന്നില്ല. ബെഞ്ചുകളുടെ ബലം നോക്കാതെയാണ് കേസുകൾ നൽകുന്നത്.

രാജ്യത്തും സുപ്രീംകോടതിയിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന ചില കേസുകൾ ചീഫ് ജസ്റ്റിസ് സ്വന്തം താത്പര്യത്തിന് അനുസരിച്ച് ബെഞ്ചുകൾക്ക് കൈമാറുന്നത് പതിവായിരിക്കുകയാണ്. എന്ത് വില കൊടുത്തും ഈ പ്രവണതയെ ചെറുക്കേണ്ടതുണ്ട്. പരമോന്നത നീതിപീഠത്തിന് നാണക്കേടുണ്ടാക്കും എന്നത് കൊണ്ട് മാത്രം അതിന്റെ വിശദാശങ്ങളിലേക്ക് ഞങ്ങൾ കടക്കുന്നില്ല. എന്നാൽ, ഇത്തരം വഴിവിട്ട തീരുമാനങ്ങൾ നമ്മുടെ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്‌ക്ക് വലിയ കോട്ടമുണ്ടാക്കി.

നാഷണൽ ജുഡീക്ഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ(എൻ.ജെ.എ.സി )നിയമത്തിന്റെ സാധുത പരിശോധിച്ച 2016ൽ സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കാഡും യൂണിയൻ ഒഫ് ഇന്ത്യയും തമ്മിലുള്ള കേസിലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് താങ്കൾ ഉൾപ്പെടെ കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാർ, ജഡ്ജിമാരുടെ നിയമനത്തിനുള്ള മെമ്മോറാണ്ടം ഒഫ് പ്രൊസീജ്യർ (എം.ഒ.പി ) തയ്യാറാക്കിയിരുന്നു. 2017 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ടി. എസ്. താക്കൂർ എം.ഒ.പി കേന്ദ്രസർക്കാരിന്റെ പിരിഗണനയ്‌ക്ക് വിട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സർക്കാരിന്റെ മൗനത്തെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊളീജിയം തയ്യാറാക്കിയ എം.ഒ.പി സർക്കാർ അംഗീകരിച്ചതായാണ് കാണേണ്ടത്.

എന്നാൽ, 2017 ഒക്ടോബർ 27ന് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ആർ.പി. ലൂത്രയും യൂണിയൻ ഒഫ് ഇന്ത്യയും തമ്മിലുള്ള കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിയോഗിച്ചത് രണ്ടംഗ ബെഞ്ചിനെയാണ് (സീനിയോറിറ്റിയിൽ 11-ാം സ്ഥാനത്തുള്ള എ.കെ.ഗോയൽ അദ്ധ്യക്ഷനായ ബെഞ്ചിനാണ് കേസ് നൽകിയത്.) കേസ് പരിഗണിച്ച ബെഞ്ച് എം.ഒ.പി അംഗീകരിക്കുന്നത് വൈകിക്കാൻ പാടില്ലെന്ന അനാവശ്യമായ നിരീക്ഷണം നടത്തുകയും ആ നിരീക്ഷണത്തോടെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഭരണഘടനാ ബെഞ്ച് പരിഗണിച്ചതും കൊളീജിയം അന്തിമരൂപം നൽകിയതുമായ എം.ഒ.പിയുടെ കാര്യം രണ്ടംഗ ബെഞ്ചിന് വിട്ടത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

2017 ജൂലായ് നാലിന് ജസ്റ്റിസ് സി.എസ്. കർണൻ കേസിൽ ഏഴംഗബെഞ്ചിൽ അംഗങ്ങളായിരുന്ന ഞങ്ങൾ രണ്ട് പേർ ജഡ്ജിമാരുടെ നിയമന പ്രക്രിയയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇംപീച്ച്മെന്റിന് പകരം തിരുത്തൽ നടപടികൾ വേണമെന്നായിരുന്നു ആവശ്യം. അതേസമയം തന്നെ എം.ഒ.പി വിഷയത്തെ കുറിച്ച് ഏഴ് ജഡ്ജിമാരും ഒന്നും പരാമർശിച്ചതുമില്ല. എം.ഒ.പിയുടെ കാര്യം ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള സമ്മേളനത്തിലോ കൊളീജിയത്തിലോ ഫുൾകോർട്ടിലോ മാത്രമേ ചർച്ച ചെയ്യാൻ പാടുള്ളു. നിയമപരമായി ഭരണഘടനാ ബെഞ്ചിന് മാത്രമാണ് ഈ വിഷയം പരിഗണിക്കാൻ കഴിയു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കൊളീജിയത്തിലെ മുഴുവൻ അംഗങ്ങളുമായി ചർച്ച ചെയ്ത് ചീഫ് ജസ്റ്റിസ് അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ ഈ കോടതിയിലെ എല്ലാ ജഡ്ജിമാരുമായും വിഷയം ചർച്ച ചെയ്യണം. 2017 ഒക്ടോബർ 27ന് ആർ.പി.ലൂത്രയും യൂണിയൻ ഒഫ് ഇന്ത്യയും തമ്മിലുള്ള കേസിലെ ഉത്തരവിലുണ്ടായ പാകപ്പിഴ തിരുത്തുന്ന മുറയ്‌ക്ക് മറ്റ് ഉത്തരവുകളുടെ വിശദാംശങ്ങളും ഞങ്ങൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് ആയിരിക്കും.

എന്ന് സ്നേഹാദരവോടെ,

ജെ.ചെലമേശ്വർ,
രഞ്ജൻ ഗോഗോയി,
മദൻ ബി.ലോക്കൂർ,
കുര്യൻ ജോസഫ്.
(പരിഭാഷ:വി.എസ്്.സനകൻ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ