ലോയയുടെ ദുരൂഹ മരണം: ഗൗവമേറിയതെന്ന് കോടതി
January 13, 2018, 1:44 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദിൻ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ കേട്ടിരുന്ന പ്രത്യേക ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ ദുരൂഹമരണം ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് കേസ് 15ലേക്ക് മാറ്റി. ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകനായ ബി.ആർ. ലോനെ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
കേസ് എക്സ് പാർട്ടിയായി തീരുമാനിക്കേണ്ട വിഷയമല്ലെന്നും എല്ലാവരുടെയും വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, സമാനമായ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കേസ് പരിഗണിക്കരുതെന്ന് ബോംബെ ലായേഴ്സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിൽ സുപ്രീംകോടതി വാദം കേട്ടാൽ ഹൈക്കോടതിയിലെ കേസിനെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗും ഈ വാദത്തോട് യോജിച്ചത് നാല് ജഡ്ജിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ സാഹചര്യത്തിൽ ശ്രദ്ധേയമായി. വാദങ്ങൾ തള്ളിയ കോടതി എല്ലാ വിഷയങ്ങളും പരിശോധിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
2014 ഡിസംബർ ഒന്നിന് സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നാഗ്പൂരിൽ പോയ ലോയ അവിടെ വച്ചാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് വാദവുമായി ലോയയുടെ സഹോദരിയും പിതാവും അടുത്തിടെ രംഗത്തെത്തിയോടെയാണ് വിഷയം ദേശീയ ശ്രദ്ധയിൽവരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ