പുകഞ്ഞ് പുകഞ്ഞ് പൊട്ടിത്തെറിച്ചു
January 13, 2018, 1:43 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീംകോടതിയിൽ കുറേ നാളുകളായി പുകുഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. ഭരണഘടനാ ബെഞ്ചുകളിൽ നിന്നടക്കം മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കുന്നത് കോടതി ഇടനാഴികളിൽ ചർച്ചയായിട്ട് കുറച്ച് കാലമായി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കരിനിഴലിൽ നിറുത്തുന്ന മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട് രണ്ട് ഹർജികൾ കഴിഞ്ഞ നവംബറിൽ പരിഗണനയ്‌ക്ക് എത്തിയപ്പോൾ ജഡ്ജിമാർക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. അസാധാരണമായ നടപടികളാണ് അന്ന് കോടതിയിലുണ്ടായത്.
ലക്‌നൗവിലെ സ്വകാര്യ മെഡിക്കൽ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ കോഴ വാങ്ങിയ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി അറസ്റ്റിലായ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ളതായിരുന്നു ഹർജികൾ. അഭിഭാഷകയായ കാമിനി ജെയ്‌സ്വാളിന്റെ ഹർജി ജസ്റ്റിസ് ജെ.ചെലമേശ്വർ അദ്ധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടു. ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ആ ബെഞ്ചിന്റെ ഭാഗമാകരുതെന്നും ചെലമേശ്വർ നിർദ്ദേശിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചും ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അധികാരം നാഥനായ തനിക്കാണെന്ന താക്കീതോടെയുമാണ് ചെലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കിയത്.
തുടർന്ന് രണ്ട് ഹർജികളും ആർ.കെ.അഗർവാൾ, അരുൺ മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരുൾപ്പെട്ട ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് മാറ്റി. കാമിനി ജെയ്സ്വാളിന്റെ ഹർജി പരമോന്നത നീതിപീഠത്തിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് തള്ളിയപ്പോൾ, പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സി.ജെ.എ.ആറിന്റെ സമാനമായ ഹർജി 25 ലക്ഷം രൂപ പിഴ ചുമത്തിയാണ് തള്ളിയത്. അതോടെ അവസാനിച്ചെന്ന് കരുതിയ പ്രശ്നങ്ങളാണ് കൂടുതൽ ശക്തിയോടെ ഇന്നലെ ആഞ്ഞടിച്ചത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ