സമാനതകളില്ലാത്ത സ്‌തംഭിപ്പിക്കുന്ന സംഭവം: ഉന്നത നീതിപീഠം പുകഞ്ഞു
January 13, 2018, 12:01 am
വി.എസ്. സനകൻ
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് മുതിർന്ന ജഡ്ജിമാർ രംഗത്തുവന്ന സ്തംഭിപ്പിക്കുന്ന സംഭവത്തിന് ഇന്ത്യ ഇന്നലെ സാക്ഷിയായി. ഉന്നത നീതിപീഠത്തിലെ പുകച്ചിലിൽ നിന്ന് ഇന്നലെ ഒഴുകിയ അഗ്നി പാറുന്ന വാക്കുകളുടെ ലാവ രാജ്യത്തെ പൊള്ളിക്കുന്നതായിരുന്നു.
ചീഫ് ജസ്റ്റിസ് തുല്യരിലെ ഒന്നാമൻ മാത്രമാണെന്ന് അടിവരയിട്ട് വ്യക്തമാക്കി, ജഡ്ജിമാരായ ജെ. ചെലമേശ്വർ,​ രഞ്ജൻ ഗോഗോയി,​ മദൻ ബി. ലോക്കൂർ,​ കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ച് പരസ്യമായി പത്രസമ്മേളനം വിളിച്ച് സുപ്രീംകോടതിയുടെ ഭരണസംവിധാനത്തോടുള്ള എതിർപ്പ് തുറന്നടിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് 12.10ന് ജസ്റ്റിസ് ചെലമേശ്വറിന്റെ തുഗ്ളക്ക് റോഡിലെ നാലാം നമ്പർ ഔദ്യോഗിക വസതിയിലായിരുന്നു വാർത്താസമ്മേളനം.
കോടതിയുടെ പ്രവർത്തനം താളം തെറ്റിയെന്ന് അറിയിച്ച ജഡ്ജിമാർ ഇങ്ങനെ മുന്നോട്ട് പോയാൽ ജനാധിപത്യം സംരക്ഷിക്കപ്പെടില്ലെന്ന് തുറന്നു പറഞ്ഞു. കീഴ്‌വഴക്കങ്ങൾ പാലിച്ചല്ല ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച ജഡ്ജിമാരോട് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ മറുപടി.

ചീഫ് ജസ്റ്റിസ് തുല്യരിലെ ഒന്നാമൻ മാത്രമാണെന്ന് പറയുന്ന രണ്ട് മാസം മുൻപ് നാല് ജഡ്ജിമാരും ഒപ്പിട്ട് ചീഫ് ജസ്റ്റിസിന് നൽകിയ കത്തും മാദ്ധ്യമങ്ങൾക്ക് വിതരണം ചെയ്തു. 'രാജ്യത്തെ നിയമമനുസരിച്ച് ചീഫ് ജസ്റ്റിസ് തുല്യരിലെ ഒന്നാമൻ മാത്രമാണ്. ഇതിൽ കൂടുതലുമില്ല. കുറവുമില്ല. ഏത് കേസ് ആർക്ക് നൽകണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാനുള്ള സവിശേഷാധികാരം ചീഫ് ജസ്റ്റിസിന് ആണെന്ന അംഗീകൃത തത്വം പരമ്പരാഗത രീതികളുടെ ഭാഗമായിട്ടുള്ളതാണ്. ഈ നടപടിക്രമത്തിലൂടെ മറ്റ് ജഡ്ജിമാരുടെ മുകളിൽ ചീഫ് ജസ്റ്റിസിന് നിയമപരമായോ വസ്തുതാപരമായോ മേധാവിത്വമുണ്ടെന്ന് കരുതുന്നില്ല. അതിന് അങ്ങനെയൊരു അർത്ഥമില്ല. കോടതി നടപടികൾ കാര്യക്ഷമമായും അച്ചടക്കത്തോടെയും നടക്കുന്നതിനുള്ള വ്യവസ്ഥ മാത്രമാണിത്.'- കത്തിൽ പറയുന്നു.

കേസുകൾ വീതിച്ചുനൽകുന്നതിലെ ക്രമവിരുദ്ധവും ഏകപക്ഷീയവുമായ ചീഫ് ജസ്റ്റിസിന്റെ നടപടികളാണ് അവർ ചോദ്യം ചെയ്തത്. സുപ്രീംകോടതിയിലെ ജഡ്ജിമാർ കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന മെഡിക്കൽ കോളേജ് കോഴക്കേസുമായി ബന്ധപ്പെട്ട ഹർജി സീനിയോറിട്ടിയിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന ആർ.കെ. അഗർവാൾ ഉൾപ്പെട്ട ബെഞ്ചിനാണ് നൽകിയതെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഈ തീരുമാനമെടുത്തത്.

നാൽവർ ജ‌ഡ്ജിമാർ പറഞ്ഞ 10 കാര്യങ്ങൾ

1) രാജ്യത്തിന്റെ ചരിത്രത്തിലെ അസാധാരണ സന്ദർഭമാണിത്. ഭരണഘടനയുടെ ചരിത്രത്തിലെ അസാധാരണ സംഭവവും.
2) നല്ല ജനാധിപത്യത്തിന്റെ മുഖമുദ്ര സ്വതന്ത്രമായ നീതിന്യായ സംവിധാനമാണ്.
3) സുപ്രീംകോടതിയുടെ ഭരണക്രമം മുറപ്രകാരമല്ല നടക്കുന്നത്. ഒരിക്കലും പാടില്ലാത്ത പലതും കഴിഞ്ഞ കുറെ മാസങ്ങൾക്കുള്ളിൽ നടന്നു.
4) രാജ്യത്തോട് നേരിട്ട് സംസാരിക്കുക എന്നതല്ലാതെ ഞങ്ങൾക്ക് മറ്റ് വഴിയില്ല.
5) നടക്കാൻ പാടില്ലാത്തത് നടന്നപ്പോൾ ഞങ്ങൾ ചീഫ് ജസ്റ്റിസിനെ കണ്ട് പരിഹാര നടപടിക്ക് പ്രേരിപ്പിച്ചു. പക്ഷേ, ഞങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.
6) രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. പക്ഷേ കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
7) വിജ്ഞാനമുള്ള നിരവധിപേരെ ഞങ്ങൾ കണ്ടിട്ടുണ്ട്. ഇരുപത് വർഷം കഴിഞ്ഞ് അവർ ഞങ്ങളോട് നിങ്ങൾ ആത്മാവ് വിറ്റവരാണെന്ന് പറയാൻ ഇടയാകരുത്. രാജ്യത്തോടുള്ള ഉത്തരവാദിത്വമാണിത്. അത് ഞങ്ങൾ നിറവേറ്റുന്നു.
8) ഇംപീച്ച് ചെയ്യാൻ ഞങ്ങളാരുമില്ല. അത് രാജ്യം തീരുമാനിക്കട്ടെ. (ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന ചോദ്യത്തിന് മറുപടിയായി)
9) കഴിഞ്ഞ കുറെ മാസങ്ങൾക്കുള്ളിൽ ഞങ്ങൾ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇടപെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
10) രണ്ടുമാസം മുമ്പ് ഞങ്ങൾ നാലുപേരും ഒപ്പിട്ട ഒരു കത്ത് ചീഫ് ജസ്റ്റിസിന് നൽകിയിരുന്നു. ഒരു പ്രത്യേക കാര്യം പ്രത്യേക രീതിയിൽ ചെയ്യണം എന്നതായിരുന്നു ആവശ്യം. അത് പരിഹരിച്ചത് നിയമസംവിധാനത്തിന്റെ അഖണ്ഡതയെ ഉലയ്ക്കുന്ന ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ