ജഡ്ജിമാർ ഇറങ്ങിപ്പോയി: ചീഫ് ജസ്റ്റിസ് തുടർന്നു
January 13, 2018, 1:44 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജസ്റ്റിസുമാരായ ജെ.ചെലമേശ്വറാണ് ഇന്നലെ രണ്ടാം നമ്പർ കോടതിയിലെ തന്റെ നടപടികൾ അവസാനിപ്പിച്ച് ആദ്യം ഇറങ്ങിയപ്പോയത്. സഞ്ജയ് കിഷൻ ക്വാൾ ആയിരുന്നു ഇന്നലെ ചെലമേശ്വറിനൊപ്പമുണ്ടായിരുന്ന സഹോദര ജഡ്ജി. ജസ്റ്റിസ് ചെലമേശ്വർ ഇറങ്ങിയതിന് പിന്നാലെ 11.15ന് ജസ്റ്റിസ് മദൻ ബി.ലോക്കൂർ നാലാം നമ്പർ കോടതിയിലെ നടപടികൾ അവസാനിപ്പിച്ചു. അധികം താമസിയാതെ ജസ്റ്റിസ് രഞ്ജൻ ഗോഗോയി നേതൃത്വം നൽകുന്ന മൂന്നാം നമ്പർ കോടതിയും ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചാം നമ്പർ കോടതിയും അവരുടെ കേസുകൾ പാതിവഴിയിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന അഭിഭാഷകർക്ക് പോലും ജഡ്ജിമാരുടെ പെട്ടെന്നുള്ള പിന്മാറ്റം വ്യക്തമായില്ല. എല്ലാവരും വാർത്താസമ്മേളനം നടത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നാല് ജഡ്ജിമാരും എഴുന്നേറ്റ് പോയതോടെ അഭ്യൂഹത്തിന് സ്ഥിരീകരണമായി.
എന്നാൽ, ഈ സമയത്തെല്ലാം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കോടതി സാധാരണ നടപടികളിൽ വാപൃതനായിരുന്നു. നാല് ജഡ്ജിമാർ വാർത്താസമ്മേളനം നടത്തുമ്പോഴും ചീഫ് ജസ്റ്റിസ് വാദം കേൾക്കുകയായിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിക്ക് ഊണിന് പിരിഞ്ഞ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതി പതിവുപോലെ രണ്ട് മണിക്ക് സമ്മേളിച്ചതും ശ്രദ്ധേയമായി. അദ്ദേഹം എന്തെങ്കിലും പരാമർശം നടത്തുമെന്ന് കരുതി മാദ്ധ്യമപ്രവർത്തകർ ഈ സമയത്ത് ഒന്നാം നമ്പർ കോടതിയിൽ തടിച്ചുകൂടിയെങ്കിലും 47 കേസുകൾ പരിഗണിച്ച് 2.57 പിരിയുന്നത് വരെ ഒന്നുമുണ്ടായില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ