130 രൂപയും നികുതിയും നൽകി പ്രേക്ഷകന് ഇഷ്‌ടമുള്ള 100 ചാനലുകൾ തിരഞ്ഞെടുക്കാം
July 11, 2018, 1:54 am
പുതിയ നിർദ്ദേശവുമായി ട്രായ്
ന്യൂഡൽഹി: വിതരണക്കാർ അടിച്ചേൽപ്പിക്കുന്ന ചാനലുകൾ മാത്രം കാണാൻ വിധിക്കപ്പെട്ട ടെലിവിഷൻ പ്രേക്ഷകർക്ക് തങ്ങൾക്ക് ഇഷ്‌ടമുള്ളതു മാത്രം തിരഞ്ഞെടുക്കാനും പണം നൽകാനുമുള്ള സംവിധാനം വൈകാതെ നിലവിൽ വരും. വർഷങ്ങളായി പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന തരത്തിൽ ഡി.ടി.എച്ച്, കേബിൾ ടിവി കമ്പനികളെ നിയന്ത്രിക്കുന്ന ഉത്തരവ് ടെലികോം റെഗുലേഷൻ അതോറിട്ടി ഒഫ് ഇന്ത്യ(ട്രായ്) പുറത്തിറക്കി.
ഡി.ടി.എച്ചുകാരും കേബിൾ ടിവിക്കാരും നിശ്ചയിക്കുന്ന മാസവരിക്ക് പകരം 130 രൂപയും നികുതിയും നൽകി പ്രേക്ഷകന് ഇഷ്‌ടമുള്ള 100 ചാനലുകൾ തിരഞ്ഞെടുക്കാം.
അധികം പണം നൽകി കൂടുതൽ ചാനലുകൾ കാണാനും അവസരമുണ്ടാകും. അധികമായി തിരഞ്ഞെടുക്കുന്ന 25 സൗജന്യ ചാനലുകൾക്ക് 20രൂപ നൽകണം. ഇത്തരം ഒരു സൗജന്യ പാക്കേജ് എങ്കിലും വേണമെന്ന് നിർബന്ധമുണ്ട്. ഒരേ തരം ചാനലുകൾ ഉൾപ്പെടുത്താനും പാടില്ല. പ്രേക്ഷകർക്ക് അനുകൂലമായ ഉത്തരവ് ട്രായ് 2016ൽ ഇറക്കിയതാണ്. അതിനെതിരെ ഡി.ടി.എച്ച് കമ്പനികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ട്രായിക്ക് അനുകൂലമായ വിധി വന്നതോടെയാണ് വിതരണക്കാരെ നിയന്ത്രിച്ച് കടിഞ്ഞാൺ പ്രേക്ഷകന് നൽകാനുമുള്ള ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങുന്നത്. സൗജന്യ ചാനലുകളുടെയും മറ്റുള്ളവയുടെയും വിവരങ്ങൾ രണ്ടുമാസത്തിനുള്ളിൽ അറിയിക്കാൻ ട്രായ് വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ചാനലുകളുടെ നിരക്കു നിശ്‌ചയിക്കണം. ഇത് കഴിഞ്ഞ ശേഷം ട്രായ് ഒരു സർക്കുലർ കൂടി പുറത്തിറക്കും. അതിന് ശേഷമേ ഇത് പ്രാബല്യത്തിൽ വരൂ. ആറുമാസത്തേക്ക് ഒരേ നിരക്കിൽ സേവനം നൽകണമെന്നും ആദ്യ ഉത്തരവിൽ പറയുന്നുണ്ട്.

സിനിമാ ചാനലുകൾക്ക് 10രൂപ
സൗജന്യചാനലുകൾക്കൊപ്പം പേ ചാനലുകൾ ഉൾപ്പെടുത്താൻ പാടില്ല. പേ ചാനലുകൾക്ക് പരമാവധി മാസം 12രൂപ നൽകണം. സിനിമാ ചാനലുകൾക്ക് 10രൂപ, വാർത്താ ചാനലുകൾക്ക് 6രൂപ, സ്‌പോർട്സിന് 19രൂപ, ഇൻഫോടെയ്‌മെന്റിന് 9രൂപ തുടങ്ങിയവയാണ് ട്രായി നിശ്‌ചയിച്ച നിരക്കുകൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ