സ്വവർഗ രതി: തീരുമാനം കോടതിക്ക് വിട്ട് കേന്ദ്രം
July 12, 2018, 12:20 am
സ്വന്തംലേഖകൻ
ന്യൂഡൽഹി: സ്വവർഗരതി നിയമവിധേയമാക്കണമെന്ന ഹർജികളിൽ എതിർക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യാതെ തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കണമോയെന്നു കോടതിക്ക് തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനെ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത്ത അറിയിച്ചു. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അനുവദിക്കുമ്പോൾ തന്നെ നിഷിദ്ധ വിവാഹങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തണം. ഹിന്ദുവിവാഹ നിയമപ്രകാരം ഒരാൾക്ക് തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ അവകാശമില്ല. 377 ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്നതിൽ മാത്രമാണ് കേന്ദ്രം നിക്ഷ്പക്ഷത പുലർത്തുന്നത്. സ്വവർഗ വിവാഹം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കോടതി കടന്നാൽ കേന്ദ്രം വിശദമായ സത്യവാങ്മൂലം നൽകാം. സ്വവർഗപങ്കാളികൾ തമ്മിലുള്ള വിവാഹം, വേർപിരിയൽ, ദത്തെടുക്കൽ എന്നിവ പരിശോധിക്കുന്നുണ്ടെങ്കിൽ നിലപാട് അറിയിക്കാൻ സാവകാശം വേണം. മൃഗങ്ങളുമായുള്ള മനുഷ്യന്റെ ലൈംഗികവേഴ്ച കുറ്റകരമാണോയെന്ന് വ്യക്തത വരുത്തണമെന്നും മേഹ്‌ത്ത ചൂണ്ടിക്കാട്ടി.
ലൈംഗിക വൈകൃതങ്ങളല്ല കോടതിയുടെ പരിഗണനാ വിഷയമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറുപടി നൽകി.
പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാകുന്ന സാഹചര്യമാണ് പരിശോധിക്കുന്നത്. സ്വവർഗാനുരാഗികളായ രണ്ടുപേർ മറൈൻ ഡ്രൈവിലൂടെ നടക്കുമ്പോൾ പൊലീസ് ശല്യപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുത്. ആ ബന്ധത്തിന് സംരക്ഷണം ഉണ്ടാകണം. ഒരാളുടെ ലൈംഗിക താത്പര്യം മറ്റൊരാളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഭരണഘടന ഒരുവിഭാഗത്തിന്റെ ലൈംഗിക അവകാശം മാത്രം സംരക്ഷിക്കാൻ പറയുന്നില്ല. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളിൽ വ്യക്തിബന്ധങ്ങൾ സംരക്ഷിക്കപ്പെടണം. സദാചാര പൊലീസിൽ നിന്ന് രക്ഷിക്കണം - കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്‌മാരായ എം.എം. ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ, ഇന്ദുമൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ