നെറ്റ്‌ ന്യൂട്രാലിറ്റിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
July 12, 2018, 12:07 am
ന്യൂഡൽഹി: തടസങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന നെറ്റ് ന്യൂട്രാലിറ്റി(ഇന്റർനെറ്റ് സമത്വം) രാജ്യത്ത് നടപ്പാക്കാൻ ടെലികോം മന്ത്രാലയം നിയോഗിച്ച അന്തർ മന്ത്രാലയ ടെലികോം കമ്മിഷൻ അനുമതി നൽകി.
അതേസമയം ടെലിമെഡിസിൻ സേവനങ്ങൾ പോലെ പ്രത്യേക അതിവേഗ ഇന്റർനെറ്റ് ലൈനുകൾ ആവശ്യമായ സേവനങ്ങൾക്ക് ഇളവു നൽകാമെന്നും നിർദ്ദേശമുണ്ട്. കമ്മിഷന്റെ റിപ്പോർട്ട് വിലയിരുത്തി കേന്ദ്ര സർക്കാർ അന്തിമ ഉത്തരവ് പുറത്തിറക്കും.

എത്രയും പെട്ടെന്ന് രാജ്യത്ത് നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കണമെന്ന് കമ്മിഷൻ നിർദ്ദേശം നൽകിയതായി ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജ് അറിയിച്ചു. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം നേരത്തെ ടെലികോം മന്ത്രാലയം തള്ളിയിരുന്നു. പ്രത്യേക ചാർജുകളോ വേഗതയോ ബാധകമാക്കാതെ ഉപഭോക്താക്കൾക്ക് തുല്യവും വിവേചനരഹിതവുമായി ഡാറ്റ, ആപ്പുകൾ, മറ്റ് ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ ലഭ്യമാക്കണമെന്ന് കമ്മിഷൻ വിലയിരുത്തി. സോഷ്യൽ മീഡിയകൾ ഉൾപ്പെടെ വിവിധ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ചാർജ് ഈടാക്കണമെന്നായിരുന്നു ഇന്റർനെറ്റ് സേവനദാതാക്കളുടെ ആവശ്യം. ഈ നിർദേശത്തിനെതിരെ പ്രതികരിക്കാൻ പൊതുജനങ്ങൾക്ക്

നൽകിയ അവസരമുപയോഗിച്ച് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇന്റർനെറ്റ് സമത്വം വേണമെന്ന് ആവശ്യപ്പെട്ടത്.

 എന്താണ് നെറ്റ് ന്യൂട്രാലിറ്റി
ഇന്റർനെറ്റിൽ ലഭ്യമായ എല്ലാ ഉള്ളടക്കവും യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ സേവനങ്ങൾക്ക് ഇന്റർനെറ്റ്‌ ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റർനെറ്റ്‌ സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് 2015 ൽ ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചത്.

 നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാൽ...
ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സർവീസ് സൗജന്യമായി നൽകണം, ഓരോന്നിനും എത്ര പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകൾ വേഗത്തിൽ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കൾക്ക് തീരുമാനിക്കാവുന്ന അവസ്ഥയുണ്ടാകകും. ടെലികോം സേവനദാതാക്കളുമായി കരാറിലേർപ്പെടാത്ത വെബ്സൈറ്റുകൾ തടയുക, ടെലികോം സേവനദാതാക്കൾക്കും അവരുടെ താത്പര്യങ്ങൾക്കുമെതിരായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ തടയുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള പരിപൂർണ അധികാരം ടെലികോം സേവനദാതാക്കൾക്ക് ലഭ്യമാകും.

 ന്യൂട്രാലിറ്റിക്ക് വേണ്ടി ലക്ഷംപേർ
ഇന്റർനെറ്റ് നിയന്ത്രണാവകാശത്തിന്റെ കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള റിപ്പോർട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടിരുന്നു. റിപ്പോർട്ട്‌ പുറത്തുവിട്ട്‌ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന്‌ ഇ-മെയിലുകളാണ് ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിച്ചുകൊണ്ട് ട്രായിക്ക് ലഭിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ