സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതായാൽ വിവേചനവും ഇല്ലാതാകും: സുപ്രീംകോടതി
July 13, 2018, 12:07 am
സ്വന്തംലേഖകൻ
ന്യൂഡൽഹി: സ്വവർഗരതി കുറ്റകരമല്ലാതായാൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റെ വിവേചനം ഇല്ലാതാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇന്ത്യൻ സമൂഹത്തിൽ സ്വവർഗരതിയോടുള്ള എതിർപ്പ് ആഴത്തിൽ പതിഞ്ഞതാണ്. ഇത് സ്വവർഗാനുരാഗികളുടെ മാനസിക നിലയെയും ആരോഗ്യത്തെയും ബാധിക്കുന്നു.
വിവേചനം കാരണം ചെറുകിട നഗരങ്ങളിലും ഗ്രാമീണമേഖലകളിലും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ആരോഗ്യപരിരക്ഷ അപ്രാപ്യമാകുന്നുണ്ട്. അവർ ചികിത്സ തേടാൻ മടിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദം കാരണം സ്വവർഗാനുരാഗികൾ അവരുടെ യഥാർത്ഥ ലൈംഗികാകർഷണം പുറത്തുപറയുന്നില്ല. അതുകൊണ്ടുതന്നെ എതിർലിംഗത്തിലുള്ളയാളെ വിവാഹം കഴിക്കാൻ നിർബന്ധിതരാവുകയാണ്. ഇതു നിരാശയിലേക്കും കൂടുതൽ സങ്കീർണതകളിലേക്കും തള്ളിവിടുകയാണെന്നും ഇന്ദുമൽഹോത്ര നിരീക്ഷിച്ചു.
മറ്റുള്ളവർക്കുള്ള അവകാശം നിഷേധിക്കുന്ന മറ്റേതെങ്കിലും നിയമമോ, നിയന്ത്രണങ്ങളോ, നിർദ്ദേശങ്ങളോ നിലവിലുണ്ടോയെന്ന് ഹർജിക്കാരുടെ
അഭിഭാഷക മനേക ഗുരുസാമിയോട് കോടതി ആരാഞ്ഞു. അങ്ങനെയൊരു വകുപ്പ് ഇല്ലെന്ന് അവർ മറുപടി നൽകി. തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ഇല്ലാതായാൽ സമൂഹത്തോടുള്ള എല്ലാ വിവേചനങ്ങളും ഇല്ലാതാകുമെന്ന് ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ, എ.എം.ഖാൻവിൽക്കർ, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് സ്വവർഗരതി സംബന്ധിച്ച് മൂന്നുദിവസമായി വാദം കേൾക്കുകയാണ്.
രണ്ട് ക്രിസ്ത്യൻ അസോസിയേഷനുകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഐ.പി.സി 377നെ അനുകൂലിച്ച് രംഗത്തുവന്നു. സ്വവർഗരതി നിയമവിധേയമാക്കരുതെന്നും വിശദമായ വാദത്തിന് സമയം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഹർജികളിൽ എതിർ വാദം ഉന്നയിക്കാൻ ചൊവ്വാഴ്ച ഒന്നര മണിക്കൂർ സമയം കോടതി അനുവദിച്ചു.

ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം മാനസികാരോഗ്യ പരിപാലന ചട്ടത്തിലൂടെ പാർലമെന്റ് നിരോധിച്ചിട്ടുണ്ട്
-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

സ്വവർഗാനുരാഗമെന്നത് മാനസികപ്രശ്നമല്ലെന്നും അത് ഒരു വ്യതിയാനം മാത്രമാണ്. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും സ്വവർഗാനുരാഗമുണ്ട്.
- ജസ്റ്റിസ് ഇന്ദു മൽഹോത്ര
crrr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ