ജഡ്‌ജി നിയമത്തിലെ കേന്ദ്ര ഇടപെടൽ: ചീഫ് ജസ്റ്റിസ് മുതിർന്ന ജഡ്ജിമാരെ കണ്ടു
April 15, 2018, 12:06 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉയർന്ന കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാർശകളിൽ തീരുമാനമെടുക്കാതെ കേന്ദ്രസർക്കാർ അടയിരിക്കുന്നതിനെതിരെ നിയമ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരിക്കെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ മുതിർന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി.
കൊളീജിയത്തിലെ അംഗങ്ങളും മുതിർന്ന ജഡ്ജിമാരുമായ രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ് എന്നിവരുമായാണ് ചീഫ് ജസ്റ്റിസ് ചർച്ച നടത്തിയത്. ജഡ്ജിമാരുടെ നിയമനത്തിലെ തർക്കങ്ങൾ സർക്കാരുമായി ചർച്ചയിലൂടെ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ ധരിപ്പിച്ചു.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം.ജോസഫിനെയും മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്റെ ശുപാർശയിൽ തീരുമാനമെടുക്കാത്ത കേന്ദ്രത്തിനെതിരെ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് നടപടിയെടുക്കണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കർണാടക ഹൈക്കോടതി ജഡ്‌ജിയായി മുതിർന്ന ജില്ലാ ജഡ്‌ജി പി.കൃഷ്ണഭട്ടിനെ നിയമിക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കാതെ കൃഷ്ണഭട്ടിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രം ശ്രമിച്ചത് ഭരണഘടനാപരമായി തെറ്രാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ.ചെലമേശ്വറും ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഈ കത്തുകളുടെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് മുതിർന്ന ജഡ്ജിമാരെ കണ്ടത്. രണ്ട് കത്തിനും ചീഫ് ജസ്റ്റിസ് മറുപടി നൽകിയിട്ടില്ല. രേഖാമൂലം മറുപടി നൽകും മുൻപ് രണ്ട് ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചർച്ച നടത്തുമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞയാഴ്‌ച ലോക്പാൽ നിയമന സമിതി യോഗത്തിനിടെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചീഫ് ജസ്റ്റിസ് ജുഡിഷ്യൽ നിയമന പ്രശ്നം ഉന്നയിച്ചെന്നാണ് അറിയുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ