കത്വ പീഡനം: പെൺകുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ‌്ക്കും സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി
April 17, 2018, 12:20 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കത്വവയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട
പെൺകുട്ടിയുടെ കുടുംബത്തിനും, അവർക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷികയായ ദീപിക എസ്. രജാവത്തിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസിന്റെ വിചാരണ ജമ്മുവിൽ നിന്നും ചണ്ഡിഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചു. കേസിൽ പ്രതിയായിട്ടുള്ള പ്രായപൂർത്തിയാകാത്ത കുട്ടിക്കുറ്റവാളിക്ക് ജുവനൈൽ ഹോമിൽ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജമ്മുകാശ്മീർ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

27ന് സംസ്ഥാന സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞ് കോടതി തീരുമാനമെടുക്കും. പെൺകുട്ടിയുടെ കുടുംബത്തിന് സഹായം നൽകുന്ന താലിഖ് ഹുസൈനും സുരക്ഷ ഒരുക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. കേസിൽ ജമ്മു കാശ്മീർ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെങ്കിലും സംസ്ഥാനത്ത് നീതിപൂർവമായ വിചാരണ അസാദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് അക്തർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നിലവിൽ കത്വയിലെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെയെല്ലാം പിടികൂടാനായതിൽ കുടുംബത്തിന് ആശ്വാസമുണ്ടെന്ന് ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗ് ചൂണ്ടിക്കാട്ടി. എന്നാൽ, കാലതാമസമില്ലാതെ സുതാര്യമായി വിചാരണ നടക്കണമെങ്കിൽ സംസ്ഥാനത്ത് പുറത്തേക്ക് മാറ്റണം. പരമോന്നത കോടതിയുടെ മേൽനോട്ടത്തിൽതന്നെ വിചാരണ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കുടുംബത്തിനും അഭിഭാഷകയ്‌ക്കും സുരക്ഷ ഏർപ്പെടുത്തുന്നതിനോട് യോജിപ്പാണെന്ന് ജമ്മു കാശ്മീർ സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ ഷൊഹെയ്ബ് ആലം അറിയിച്ചു. നിലവിൽ അഞ്ച് പൊലീസുകാർ കുടുംബത്തിന് സുരക്ഷ നൽകുന്നുണ്ട്. കൂടുതൽ സുരക്ഷ നൽകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കുടുംബത്തിന് പുറമേ അഭിഭാഷകയ്‌ക്കും കുടുംബത്തിനും താരിഖ് ഹുസൈനും കൂടി സുരക്ഷ നൽകാൻ ഉത്തരവിട്ട കോടതി, സുരക്ഷ നൽകുന്ന പൊലീസുകാർ മഫ്ടിയിലായിരിക്കണമെന്ന് നിർദ്ദേശിച്ചു.
കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിക്കാനും അഭിഭാഷകയെ തടയാനും ശ്രമിച്ച കത്വയിലെ വലതുപക്ഷ അനുഭാവികളായ അഭിഭാഷകരുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി സംസ്ഥാന ബാർ കൗൺസിലിനും കത്വ ബാർ അസോസിയേഷനും സംസ്ഥാന സർക്കാരിനും സ്വമേധയാ കേസെടുത്ത് നേരത്തേ നോട്ടീസ് അയച്ചിരുന്നു.

അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ട കാര്യമില്ല
കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. ഭീംസിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ജമ്മു കാശ്മീർ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച അവസരത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറേണ്ട കാര്യമില്ല. അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മൂന്നാമൊരു കക്ഷിയുടെ വാദം കേൾക്കാൻ ഇത് പൊതുതാത്പര്യ ഹർജി അല്ലെന്നും കോടതി ഭീംസിംഗിന്റെ ആവശ്യം നിരസിച്ചുകൊണ്ട് വ്യക്തമാക്കി.

 താനും പീഡിപ്പിക്കപ്പെട്ടേക്കാം
താനും പീഡനത്തിന് ഇരയാകുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം എന്നുള്ള അഭിഭാഷക ദീപിക എസ്. രജാവത്തിന്റെ ആശങ്കയാണ് രാജ്യം കഴിഞ്ഞ ദിവസം ചർച്ച ചെയ്തത്. ''കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ എന്നെ അനുവദിക്കില്ല. അവർ എന്നെ ഒറ്റപ്പെടുത്തി. ഇതിനെ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല'' ദീപിക പറഞ്ഞു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ