വീഴ്‌ചകളിൽ പാഠം ഉൾക്കൊണ്ട് കോൺഗ്രസിന്റെ നീക്കം
May 16, 2018, 12:10 am
പ്രസൂൻ എസ്.കണ്ടത്ത്
ന്യൂഡൽഹി: ഏറ്റവും വലിയ കക്ഷിയായിട്ടും മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതിരുന്ന ഗോവയും മണിപ്പൂരും മേഘാലയും നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് കർണാടകയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്താൻ കഴിഞ്ഞാൽ കോൺഗ്രസിന് അതൊരു മധുര പ്രതികാരമാണ്.
കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ശ്രമിക്കാതെ ജെ.ഡി.എസിന് പിന്തുണ നൽകിയത് തന്ത്രപരമായ നീക്കമായിരുന്നു. മുഖ്യമന്ത്രി പദവി വാഗ്‌ദാനം ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മടിക്കാതെ സ്വീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുൻപ് ജെ.ഡി.എസിനെ അകറ്റി നിറുത്തിയതിനുള്ള പരിഹാര ക്രിയ. ഇതോടെ ഡൽഹിയിലടക്കം ബി.ജെ.പി ആഘോഷ പരിപാടികൾ നിറുത്തി. വൈകിട്ട് മൂന്നു മണിക്ക് നടത്താനിരുന്ന പത്രസമ്മേളനം അദ്ധ്യക്ഷൻ അമിത് ഷാ നീട്ടിവച്ചു. ഡൽഹിയിലേക്ക് പ്രത്യേക വിമാനത്തിൽ പോകാനിരുന്ന ബി.എസ്. യെദിയൂരപ്പ യാത്ര റദ്ദാക്കി. കോൺഗ്രസ് നീക്കം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതിന്റെ ലക്ഷണങ്ങളായിരുന്നു ഇവ.

 ചരിത്രം നൽകിയ പാഠങ്ങൾ
ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗോവയിൽ മനോഹർ പരീക്കറും മണിപ്പൂരിൽ ബീരേൻ സിംഗും മേഘാലയയിൽ കോർനാഡ് കെ. സഗ്‌മയും മന്ത്രിസഭ രൂപീകരിച്ചത് കോൺഗ്രസിന്റെ പിടിപ്പുകേടുകൾ മുതലാക്കിയാണ്. മണിപ്പൂരിലും മേഘാലയയിലും കൈയിലിരുന്ന ഭരണം കൈവിട്ടു. സ്വാധീനം കുറഞ്ഞ മേഘാലയയിൽ പ്രാദേശിക കക്ഷികൾക്കൊപ്പം ചേർന്നാണ് ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ അകറ്റിയത്.

40 അംഗ ഗോവ നിയമസഭയിൽ 13സീറ്റു മാത്രം ലഭിച്ച ബി.ജെ.പി 23 പേരുടെ പിന്തുണയുമായി സർക്കാർ രൂപീകരിച്ചത് 17 സീറ്റുമായി വലിയ കക്ഷിയായ കോൺഗ്രസിനെ നോക്കുകുത്തിയാക്കിയാണ്. മണിപ്പൂരിൽ 60അംഗ നിയമസഭയിൽ 28 സീറ്റിൽ ജയിച്ച് കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരണം പിടിച്ചത് 21 സീറ്റു നേടിയ ബി.ജെ.പി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ