കാവേരി മാനേജ്‌മെന്റ്: കേന്ദ്ര സർക്കാരിന്റെ മേൽക്കൈ ഒഴിവാക്കും
May 17, 2018, 12:10 am
ന്യൂഡൽഹി: കാവേരി നദീ ജല തർക്കം സംബന്ധിച്ച വിധി നടപ്പാക്കാൻ തയ്യാറാക്കിയ പദ്ധതിയിൽ കേന്ദ്ര സർക്കാരിനുള്ള മേൽക്കൈ കേരള, കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എതിർത്തു. ആവശ്യമായ മാറ്റം വരുത്തി പദ്ധതി ഇന്ന് വീണ്ടും സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷമുള്ള അനിശ്‌ചിതത്വം കണക്കിലെടുത്ത് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന കർണാടകത്തിന്റെ അപേക്ഷ കോടതി തള്ളി.

നദീജലം പങ്കിടുന്നത് സംബന്ധിച്ചുണ്ടാകുന്ന അന്തർ സംസ്ഥാന തർക്കങ്ങളിൽ അവസാന വാക്ക് കേന്ദ്ര സർക്കാരിനായിരിക്കുമെന്ന കാവേരി മാനേജ്‌മെന്റ് പദ്ധതിയിലെ നിർദ്ദേശമാണ് ഭേദഗതി ചെയ്യാൻ ചീഫ് ജസ്‌‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. കോടതി പുറപ്പെടുവിച്ച വിധി നന്നായി മനസിലാക്കണമെന്നും കേന്ദ്രത്തിന്റെ അധികാരം അന്തിമമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 16ന്റെ വിധിക്കെതിരാണ് നിർദ്ദേശമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നൽകുന്നത് വിഷയം രാഷ്‌ട്രീയവത്‌ക്കരിക്കാൻ ഇട നൽകുമെന്ന് പുതുച്ചേരി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കാനുള്ള 'സുരക്ഷാ വാൽവ് ' മാത്രമാണ് കേന്ദ്ര സർക്കാരിനുള്ള അധികാരമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കാവേരി അതോറിട്ടിയുടെ ആസ്ഥാനം ബാംഗ്ളൂരിനു പകരം ന്യൂഡൽഹിയിൽ മതിയെന്ന തമിഴ്നാട് നിർദ്ദേശം കോടതി അംഗീകരിച്ചു. പകരം ദൈനംദിന ജോലികൾ നിർവ്വഹിക്കുന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ബാംഗ്ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കും. കാവേരി അതോറിട്ടിക്ക് 'കാവേരി മാനേജ്‌മെന്റ് ബോർഡ്' എന്ന പേര് നിർദ്ദേശിക്കപ്പെട്ടു. അതോറിട്ടിയുടെ തലവനായി ഐ.എ.എസ് ഉദ്യോഗസ്ഥനു പകരം വിരമിച്ച ജഡ്ജിനെ നിയമിക്കണമെന്ന നിർദ്ദേശം കോടതി തള്ളി. അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേരളത്തിന്റെ നിർദ്ദേശങ്ങളും പരിഗണിക്കപ്പെട്ടില്ല.

സംസ്ഥാനത്ത് സർക്കാരില്ലെന്നും കേസ് ജൂലായിലേക്ക് മാറ്റണമെന്നുമായിരുന്നു കർണാടകത്തിന്റെ ആവശ്യം. ഭരണഘടന അനുസരിച്ച് ശൂന്യതയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ ഇല്ലെന്ന് പറയാൻ കഴിയില്ലെന്നും ശേഖർ നാഫഡെ വാദിച്ചു. കേസ് ജൂലായിലേക്ക് മാറ്റിയാൽ ജലം പങ്കിടുന്നത് വൈകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നുള്ള കർണാടകത്തിന്റെ വാദങ്ങൾ കോടതി പരിഗണിച്ചില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ