റാഫേൽ ഇടപാട്: പ്രതിഷേധം നയിച്ച് സോണിയ
August 11, 2018, 12:05 am
ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് ഇന്നലെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആരോഗ്യകാരണങ്ങളാൽ പ്രതിഷേധ പരിപാടികളിൽ നിന്നു വിട്ടു നിൽക്കാറുള്ള യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇന്നലെ ധർണ നയിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഛത്തീസ്ഗഡിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാൽ സോണിയ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

വിമാന കമ്പനിക്ക് ലാഭമുണ്ടാക്കാൻ കൂടുതൽ വിലയ്‌ക്ക് ഇടപാട് നടത്തിയെന്നും പരിചയമില്ലാത്ത കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നുമാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. റാഫേൽ ഇടപാടിൽ അഴിമതി ഉറപ്പായതിനാൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യങ്ങൾ എഴുതിയ പ്ളക്കാർഡുമായി സോണിയയുടെ നേതൃത്വത്തിൽ എം.പിമാർ ധർണയിൽ അണി നിരന്നു. മുൻ പ്രതിരോധമന്ത്രിയും പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, അംബികാ സോണി തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം ധർണയിൽ പങ്കെടുത്തു.

ഇന്നലെ രാവിലെ രാജ്യസഭ സമ്മേളിച്ചയുടൻ കോൺഗ്രസ് വിഷയം ഉന്നയിച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് പാർലമെന്റികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിതരാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ