പരിപൂർണ വിജയമായി മഴക്കാല സമ്മേളനം കൊടിയിറങ്ങി
August 11, 2018, 12:20 am
പ്രസൂൻ എസ്.കണ്ടത്ത്
ന്യൂഡൽഹി: നിയമനിർമ്മാണത്തിനും ക്രിയാത്‌മക ചർച്ചയ്‌ക്കും വിധേയമായെന്ന ഖ്യാതിയിൽ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് കൊടിയിറങ്ങി. ജൂലായ് 18ന് തുടങ്ങിയ സമ്മേളനത്തിലെ 17 സിറ്റിംഗിൽ ലോക്‌സഭ 118ശതമാനവും രാജ്യസഭ 68 ശതമാനവും പ്രവർത്തന നിരതമായതാണ് നേട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെതിരെ വന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതും പുതിയ രാജ്യസഭാ ഉപാദ്ധ്യക്ഷനെ തിരഞ്ഞടുത്തതും സമ്മേളനത്തിന്റെ സവിശേഷതയാണ്. അസാം പൗരത്വ രജിസ്‌റ്റർ അടക്കം ചില വിഷയങ്ങളിലെ പ്രതിഷേധങ്ങൾ സമ്മേളനത്തിൽ കല്ലുകടിയുമായി. എം.കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഒരു ദിവസം നടപടികൾ ഒഴിവാക്കി.

പൂർണമായി പ്രതിഷേധത്തിൽ ഒലിച്ച മുൻ സമ്മേളനത്തെ വച്ച് മഴക്കാല സമ്മേളനവും തടസപ്പെടുമെന്ന് പ്രതീക്ഷിച്ച മാദ്ധ്യമങ്ങൾക്കാണ് തെറ്റിയതെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. അടുത്ത കാലത്ത് പാർലമെന്റ് കണ്ട ഏറ്റവും ക്രിയാത്‌മക സമ്മേളനമാണ് ഇന്നലെ കൊടിയിറങ്ങിയത്. മുത്തലാഖ് ഒഴികെ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കാൻ കഴിഞ്ഞത് സർക്കാരിന് നേട്ടമായി.

അവിശ്വാസ പ്രമേയം:
ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകാത്തത് ചൂണ്ടിക്കാട്ടി ടി.ഡി.പിയുടെ ശ്രീനിവാസ് കെസിനേനിയുടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒരു ദിവസം നീണ്ട ചർച്ചയ്‌ക്കൊടുവിൽ 135നെതിരെ 330വോട്ടുകൾക്ക് പരാജയപ്പെടുത്തി സർക്കാർ ശക്തി തെളിയിച്ചു.

 പുതിയ ഉപാദ്ധ്യക്ഷൻ
പ്രൊഫ. പി.ജെ.കുര്യൻ വിരമിച്ച ഒഴിവിൽ ബീഹാറിൽ നിന്നുള്ള ജെ.ഡി.യു എം.പി ഹരിവംശ് നാരായൺ രാജ്യസഭാ ഉപാദ്ധ്യക്ഷനായത് പ്രതിപക്ഷ സ്ഥാനാർത്ഥി കോൺഗ്രസിന്റെ ബി.കെ. ഹരിപ്രസാദിനെ 125-105 വോട്ടിന് തോൽപ്പിച്ച്. സഭയിൽ നടന്നത് ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്‌ട്രീയ ബലബല പരീക്ഷണം.

ആകെ അവതരിപ്പിച്ച ബില്ലുകൾ 22(ലോക്‌സഭ 21, രാജ്യസഭ 1)
പാസായ ബില്ലുകൾ: ലോക്‌സഭ: 21, രാജ്യസഭ 14
രണ്ടു സഭകളിലുമായി പാസായത് 20ബില്ലുകൾ

 പാസായ സുപ്രധാന ബില്ലുകൾ:
സുപ്രീംകോടതിയുടെ വിവാദ വിധി മയപ്പെടുത്തി ദളിത് പീഡന കേസുകളിൽ ഉടൻ നടപടിയുറപ്പാക്കുന്ന ഭേദഗതി പാസാക്കാൻ കഴിഞ്ഞത് നേട്ടമായി. പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നൽകുന്ന ഭരണഘടനാ ഭേദഗതിയും പസാക്കി.

മറ്റു പ്രധാന ബില്ലുകൾ
മനുഷ്യക്കടത്ത് തടയൽ ബിൽ, കൈക്കൂലി നൽകുന്നവരും പ്രതികളാകുന്ന ബിൽ, സാമ്പത്തിക കുറ്റവാളികളെ പിടിക്കാനുള്ള ബിൽ, പിഞ്ചുകുട്ടികളെ മാനഭംഗപ്പെടുത്തുന്ന പ്രതികൾക്ക് വധശിക്ഷയ്‌ക്കുള്ള ബിൽ, ചെക്കു മടങ്ങിയാൽ 20% നഷ്‌ടപരിഹാരം ലഭിക്കുന്ന ബിൽ, ആറ് ഒാർഡിനൻസുകളും ബില്ലുകളായി വന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ