'മല്ല്യ'യുദ്ധം, മന്ത്രി ജയ്‌റ്റ്‌ലി രാജിവയ്‌ക്കണം: കോൺഗ്രസ്
September 14, 2018, 1:55 am
പ്രസൂൻ എസ്.കണ്ടത്ത്
ന്യൂഡൽഹി: ബാങ്കുകൾക്ക് 9000 കോടി രൂപ കടബാദ്ധ്യതയുമായി നാടുവിടും മുമ്പ് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയെ പാർലമെന്റിൽ കണ്ടെന്ന വ്യവസായി വിജയ് മല്ല്യയുടെ വെളിപ്പെടുത്തൽ ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പുതിയ പോർമുഖം തുറന്നു. നാടുവിടുന്ന വിവരം അറിഞ്ഞിട്ടും തടയാതിരുന്ന ജയ്‌റ്റ്‌ലി രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം മല്ല്യയ്‌ക്ക് ഏറ്റവും അധികം സഹായം ലഭിച്ചത് യു.പി.എ സർക്കാരിന്റെ കാലത്താണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ഡൽഹിയിൽ മാരത്തൺ പത്രസമ്മേളനങ്ങൾ നടത്തിയാണ് ഇരുപക്ഷവും തങ്ങളുടെ വാദങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചത്.
മല്ല്യയെ പാർലമെന്റിൽ കണ്ടെങ്കിൽ ജയ്‌‌‌റ്റ്‌‌ലി എന്തുകൊണ്ട് അന്വേഷണ ഏജൻസികളെ അറിയിച്ച് അറസ്‌റ്റു ചെയ്യിച്ചില്ലെന്ന് പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചു. പാർലമെന്റിൽ മല്ല്യ ഏതാനും സെക്കൻഡുകൾ മാത്രം സംസാരിച്ചെന്ന ജയ്‌റ്റ്‌ലിയുടെ വാദം പൊളിക്കാനാണ് ഇന്നലെ കോൺഗ്രസ് ശ്രമിച്ചത്. മല്ല്യ നാടുവിടുന്നതിന്റെ തലേന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ജയ്‌‌റ്റ്ലിയുമായി 15 തവണ ചർച്ച നടത്തിയത് കണ്ടെന്ന് കോൺഗ്രസ് എം.പി പി.എൽ. പൂനിയ വെളിപ്പെടുത്തി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
എല്ലാ കൂടിക്കാഴ്‌ചകളും ബ്ളോഗിലെഴുതുന്ന ജയ്‌‌റ്റ്‌ലി ഒന്നു മാത്രം മറന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അവർ തമ്മിൽ ഇടപാടുകളുണ്ടായിരുന്നു. ക്രിമിനലുമായി ബന്ധമുള്ള ജയ്‌റ്റ്‌ലി ഉടൻ രാജിവയ്‌ക്കണം.

മല്ല്യയ്ക്ക് ഗാന്ധി കുടുംബവുമായി
ബന്ധമെന്ന് ആരോപണം

ഗാന്ധി കുടുംബവും വിജയ് മല്ല്യയും തമ്മിൽ അടുപ്പമുണ്ടെന്ന ആരോപണമാണ് ബി.ജെ.പി ഉയർത്തിയത്. കടത്തിലായ കിംഗ്ഫിഷർ എയർലൈൻസിനെ കരകയറ്റാൻ കോൺഗ്രസ് സഹായങ്ങൾ ചെയ്‌തുവെന്ന് പാർട്ടി വക്താവ് സമ്പിത് പാത്ര പറഞ്ഞു. കിംഗ്‌ഫിഷറിനെ സഹായിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് പരസ്യമായി പറഞ്ഞു. വായ്പ ഇളവു നൽകാൻ 2010ൽ റിസർവ് ബാങ്ക് നേരിട്ട് എസ്.ബി.ഐക്ക് നിർദ്ദേശം നൽകി. വായ്‌പകളിൽ ഇളവു നൽകിയതിന് മൻമോഹൻസിംഗിനും ഓഫീസിനും നന്ദി പറഞ്ഞ് മല്ല്യ അയച്ച കത്ത് പരസ്യമാണ്. ഗാന്ധി കുടുംബത്തിന് കിംഗ്‌ഫിഷറിൽ സൗജന്യങ്ങൾ ലഭിച്ചു.
ജയ്‌റ്റ്‌ലിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി വൈകിട്ട് പാർട്ടി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും പത്രസമ്മേളനം നടത്തി. രാഹുൽ ഗാന്ധിയും വിജയ് മല്ല്യയും ചേർന്ന ജുഗൽബന്ദിയാണ് ഇപ്പോൾ അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ