Saturday, 21 October 2017 9.13 PM IST
ഒരു ലൈക്കടിച്ചാൽ ഒരായിരം ട്രിക് ഫ്രീ
November 17, 2015, 12:17 pm
പി.സനിൽകുമാർ
കൊച്ചി: ടെക് ലോകത്തെ സംശയങ്ങൾ മലയാളത്തിൽ തീർക്കാൻ ഫേസ്ബുക്കിലൊരു കിടിലൻ 'വിക്കിപീടിക'യുണ്ട്. ഒരു ലൈക് മാത്രം കൊടുത്താൽ,​ ഒരായിരം വിവരങ്ങൾ ദൃശ്യസഹിതം ഫ്രീയായി കിട്ടുന്ന ഓൺലൈൻ പീടിക. സ്മാർട്ഫോണും കമ്പ്യൂട്ടറും അരച്ചുകലക്കിയ രതീഷ് ആർ.മേനോനാണ് പീടിക മുതലാളി. മലയാളത്തിൽ അപൂർവമായ ടെക് എഫ്ബി പേജ് മൂന്നര ലക്ഷത്തോളം ലൈക്കുമായി മുന്നേറുകയാണ്. സ്വന്തം പേരിലൊരു മൊബൈൽ ആപ്പുമുണ്ട് ഈ മിടുക്കന്.

സംശയരോഗി !
എറണാകുളം വടക്കൻ പറവൂരിലെ രതീഷ് ആർ.മേനോനെ ടെക് ലോകത്തെ 'സംശയരോഗി' എന്ന് വിളിക്കാം. ഒരു സംശയത്തിൽ പിടിച്ച് അടുത്തതിലേക്ക് നീളുന്ന രതീഷിന്റെ രീതി കണ്ടാൽ ആരുമങ്ങനെ വിളിച്ചുപോകും. സംശയം പുത്തനാശയങ്ങൾ സമ്മാനിക്കുമെന്ന് കരുതുന്ന ഇദ്ദേഹത്തിന് തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകരുന്നതാണ് സന്തോഷം. 22-ാം വയസ് മുതൽ തുടങ്ങിയ സംശയരോഗം 35-ാം വയസിലും കലശലായി തുടരുകയാണെന്ന് രതീഷ് പറയുന്നു. മൊബൈൽ- കമ്പ്യൂട്ടർ സംബന്ധമായ ഏതു സംശയങ്ങൾക്കും ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും രതീഷ് പരിഹാരം നൽകും.

ഒരു ഫോണിൽ രണ്ട് വാട്സാപ്പ്
നാം ഒന്ന് നമുക്കൊന്ന് എന്നതാണ് വാട്സാപ്പിനെ പറ്റി ഫോണുകളുടെ പൊതുനയം. എന്നാൽ ഒരു ഫോണിൽ രണ്ട് വാട്സാപ്പ് സാദ്ധ്യമാകുമെന്ന് രതീഷ് പോസ്റ്റിട്ടതും പേജിൽ ആളുകളുടെ കൂട്ടയിടി തുടങ്ങി. പതിവുപോലെ സെൽഫി വീഡിയോയിൽ ചിത്രീകരിച്ച പോസ്റ്റിൽ ലളിതമായി രതീഷ് കാര്യങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ രണ്ട് സിം ഉള്ളവരെല്ലാം ഫോണിൽ രണ്ട് വാട്സാപ്പ് അക്കൗണ്ട് തുടങ്ങി ഹാപ്പിയായി. അഞ്ചു മുതൽ പത്ത് മിനിറ്റ് വരെയുള്ള വീഡിയോകളാണ് ഇടാറുള്ളത്. മൊബൈലിൽ മലയാളം ടൈപ്പിംഗ്, ബാറ്ററിചാർജ് കുറയാതിരിക്കാനുള്ള കുറുക്കുവഴി,​ പാറ്റേണോ പാസ് വേഡോ പിൻനമ്പറോ മാറി ലോക്കായി കുടുങ്ങിയ ഫോൺ തുറക്കൽ, വാട്സാപ്പിലെ വീഡിയോഷെയർ, ഫോണിലെ വീഡിയോഎഡിറ്റർ, മൊബൈലിൽ ലൈവ് ടിവി, ഐ.എസ്.എൽ മത്സരങ്ങൾ തത്സമയം, ഫോൺ നഷ്ടപ്പെട്ടാൽ തിരികെകിട്ടാൻ, ഫുൾസ്ക്രീൻ കോളർഐഡി, മൊബൈലിൽ ത്രീഡി വീഡിയോ, ഏതു സൈറ്റിൽ നിന്നും വീഡിയോ ഡൗൺലോഡിംഗ്, ഫേസ്ബുക്കിലെ ഡിസ് ലൈക്ക്, ചിത്രങ്ങളിൽ മലയാളം ടൈപ്പിംഗ്,​ എക്കോയുള്ള വാട്സാപ്പ് ഓഡിയോ,​ ഫോട്ടോഷോപ്പ്,​ മൈക്രോസോഫ്റ്റ് പഠനം... തുടങ്ങി രസകരവും ഉപകാരപ്രദവുമായ ഒട്ടനവധി കാര്യങ്ങളാണ് പേജിൽ ഷെയർ ചെയ്യുന്നത്.

പ്രവാസികളുടെ നല്ല സുഹൃത്ത്
രതീഷ് ഒരു പോസ്റ്റിട്ടാൽ ലൈക്കുകളുടെ എണ്ണം ലക്ഷങ്ങൾ കടക്കും. പോസ്റ്റിനു പിന്നാലെ സംശയങ്ങളും അഭിനന്ദനങ്ങളുമായി കമന്റുകളും നിറയും. എല്ലാത്തിനും മറുപടിയും നൽകും. മറുനാടൻ മലയാളികളാണ് സംശയക്കാരിൽ കൂടുതലും. മൊബൈലിന് എന്തെങ്കിലും ചെറിയ കേടുവന്ന് പ്രവാസികൾ കടയിൽ കൊടുത്താൽ മിനിമം 500 രൂപയാണ് ഈടാക്കുക. ആ പ്രശ്നം രതീഷിനോട് പറഞ്ഞാൽ അഞ്ചു മിനിറ്റിനകം സ്വയം നന്നാക്കാനുള്ള സൂത്രം കിട്ടും, പണവും സമയവും ലാഭം. തന്റെ പേജിലേക്കുള്ള ആരാധക പ്രവാഹത്തിന്റെ രഹസ്യമിതാണെന്ന് രതീഷ്. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാനായി നിരവധി ആപ്പുകളും പരിചയപ്പെടുത്താറുണ്ട്. ട്രാഫിക് നിയമം ലംഘിച്ചാൽ കനത്തപിഴയാണ് ഗൾഫിൽ. ഇതിന് പരിഹാരമായി റോഡിലെ സ്പീഡ് കാമറകൾ എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ടെന്ന് നേരത്തേ അറിയിച്ച് വാഹനങ്ങളുടെ വേഗം കുറയ്ക്കാവുന്ന ആപ്പുകൾ അവതരിപ്പിച്ചു. ഇത് നാട്ടിലായാലും ഉപകാരപ്പെടുന്നതാണ്. അബദ്ധവശാൽ മൊബൈലിലെ ചിത്രങ്ങളടക്കമുള്ളവ ഡിലീറ്റായാലും തിരികെയെടുക്കാം,​ ആവർത്തിക്കുന്ന ഒരേ കോൺടാക്ടുകളെ ഒഴിവാക്കാം തുടങ്ങി സ്മാർട് ഫോൺ സാഗരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാധാരണക്കാരെ സൗജന്യമായി സഹായിക്കുകയാണ് തന്റെ ഉദ്യമമെന്നും ഇദ്ദേഹം പറയുന്നു.

പ്യൂണിൽ നിന്നും പേജ് ഉടമയിലേക്ക്
പറവൂർ വി.എച്ച്.എസ്.ഇയിലും കളമശേരി ഐ.ടി.ഐയിലും പഠനം പൂർത്തിയാക്കിയ രതീഷ് 2000ൽ മനയ്ക്കപ്പടിയിലെ ഒരു കോളേജിൽ പ്യൂണായി ജോലിക്ക് കയറി. കമ്പ്യൂട്ടർ തത്പരനായ രതീഷ് സംശയം ചോദിച്ചെത്തുമ്പോൾ ഭയങ്കര തലക്കനമാണ് പലർക്കും. അറിവ് മറ്റുള്ളവർ തട്ടിയെടുത്താലോ എന്ന് ഭയമുള്ളവരെ കൂടുതലായി കണ്ടിട്ടുള്ള രതീഷ് അന്നേ തീരുമാനിച്ചിരുന്നു, തനിക്കറിയാവുന്നതെല്ലാം ആർക്കും ഫ്രീയായി പറഞ്ഞു കൊടുക്കുമെന്ന്. വിദ്യാർത്ഥികൾ പഠിക്കുന്നത് കണ്ടപ്പോൾ ആഗ്രഹമറിയിച്ചു. തലക്കനമില്ലാത്ത ആ വിദ്യാർത്ഥികൾ ഒപ്പംകൂട്ടിയതോടെ കമ്പ്യൂട്ടർ കൈവെള്ളയിലേക്ക് ചുരുങ്ങി. അന്ന് സജീവമായിരുന്ന ഓർക്കുട്ടിൽ അക്കൗണ്ടെടുത്ത് ടെക്സേവനം ആരംഭിച്ചു. സംശയക്കാരുടെ എണ്ണം കൂടിയപ്പോൾ അബ്ദുൾ മുനീറെന്ന സുഹൃത്തിനൊപ്പം ചേർന്ന് 2009ൽ 'സുഹൃത്ത്.കോം' എന്ന മലയാളം സോഷ്യൽ നെറ്റുവർക്കിംഗ് സൈറ്റ് ആരംഭിച്ചു. ഒന്നര ലക്ഷത്തോളം അംഗങ്ങളുണ്ട് ഇപ്പോൾ സൈറ്റിൽ. ഓരോ ജില്ലയിലും യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സദ്യയൊരുക്കി ഓണം ആഘോഷിക്കുന്ന വേറിട്ട ശൈലിയും 'സുഹൃത്ത് കൂട്ടായ്മ' തുടരുന്നു. ഇതിനിടെ ഓർക്കുട്ട് പൂട്ടുകയും ഫേസ്ബുക്ക് സജീവമാകുകയും ചെയ്തു. ആളുകൾ മൊബൈലിൽ ഇന്റർനെറ്റ് നോക്കുന്നതും കൂടി. സുഹൃത്ത്.കോം മൊബൈൽ ഫ്രണ്ട്ലി അല്ലാത്തതിനാൽ 'രതീഷ് ആർ.മേനോൻ' എന്ന പേരിൽ സ്വന്തമായി ഫേസ്ബുക്ക് പേജ് തുടങ്ങി. 2014 സപ്തംബറിൽ തുടങ്ങിയ പേജ് മൂന്നര ലക്ഷം ലൈക്ക് നേടി ഒരു വർഷം കൊണ്ടുതന്നെ ഹിറ്റായി.

സ്വന്തം ആപ്പ്
ഫേസ്ബുക്കിൽ വീഡിയോ സെർച്ച് ചെയ്യുന്നത് പ്രയാസമായതിനാൽ എല്ലാ വിവരങ്ങളും ഒറ്റ കടയിൽ കൊടുക്കാൻ സ്വന്തമായി ആൻഡ്രോയ്ഡ് ആപ്ലിക്കേഷനും ഇദ്ദേഹം വികസിപ്പിച്ചു. ഫേസ്ബുക്കിൽ ഓരോ പുതിയ പോസ്റ്റും വരുമ്പോൾ ഫോണിൽ അറിയിപ്പ് കിട്ടുന്ന തരത്തിലാണ് ആപ്പ്. ഓരോ പോസ്റ്റിന്റെയും ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ അതിന്റെ വീഡിയോ കാണാം. ബന്ധപ്പെട്ട ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയുമാകാം. സേർച്ച് ചെയ്യാനും കാറ്റഗറി അടിസ്ഥാനത്തിലും പോസ്റ്റുകൾ കാണാം. വാട്സാപ്പിലൂടെ സംശയ നിവാരണത്തിനും ആപ്പിൽ സൗകര്യമുണ്ട്.

തെഹൽക്കയിൽ നിന്നടക്കം അഭ്യർത്ഥന ഉണ്ടായെങ്കിലും സ്വന്തം പേജിൽ നിന്ന് കണ്ണെടുക്കാൻ നേരമില്ലാത്തതിനാൽ മറ്റെവിടെയും എഴുതാറില്ല. തന്റെ പോസ്റ്റുകൾ അനുവാദം ചോദിക്കാതെ നിരവധി ഓൺലൈൻ സൈറ്റുകളും വ്യക്തികളും ഷെയർ ചെയ്യുന്നതിലും പരിഭവമില്ല. പേജിൽ ദിവസവും ഒരു പുതിയ പോസ്റ്റിടും. ആളുകളുടെ നിരന്തരമായ ചോദ്യങ്ങളനുസരിച്ചും പുതിയ ആപ്പുകളും സൗകര്യങ്ങളും വരുന്നതും പരിഗണിച്ചാണ് പോസ്റ്റ് തയ്യാറാക്കുക. എഫ്ബിയിലെ വീഡിയോകൾ യുട്യൂബിലും ഇടുന്നുണ്ട്. മുഴുവൻ സമയം പറവൂരിലെ വീട്ടിലിരുന്ന് ഫേസ്ബുക്ക് സേവനം നടത്തുന്ന രതീഷിന്റെ വരുമാനമാർഗം വെബ് ഡിസൈനിംഗാണ്. അപർണയാണ് ഭാര്യ. അച്ഛനെ കണ്ടുപഠിക്കുന്ന രണ്ടാംക്ളാസുകാരി ഋതുനന്ദയും വാട്സാപ്പിലും ഫേസ്ബുക്കിലും ആക്ടീവാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ