എച്ച്.എൻ.എൽ വിറ്റുതുലയ്ക്കാൻ നഷ്ടത്തിന്റെ വ്യാജമുദ്ര‌യുമായി കേന്ദ്രം
April 19, 2017, 2:32 am
എം.എസ്. സജീവൻ
കൊച്ചി: കേരളത്തിൽ നിക്ഷേപത്തിന് ഒരുങ്ങുന്ന വ്യവസായ സംരംഭകരെ പിന്തിരിപ്പിക്കുമാറ്, നഷ്ടത്തിന്റെ വ്യാജമുദ്ര ചാർത്തി സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനം വിറ്റുതുലയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 500 സ്ഥിരം ജീവനക്കാർ അടക്കം രണ്ടായിരത്തോളം പേരുടെ ഭാവിയും ഇതോടെ ഒരു ചോദ്യചിഹ്നമായി മാറി.

34 വർഷത്തിനിടെ മൂന്ന് തവണ മാത്രംനഷ്ടത്തിലായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡാണ് (എച്ച്.എൻ.എൽ) കേന്ദ്ര വികലനയത്തിന്റെ കശാപ്പുശാലയിൽ. ഈ കടലാസ് നിർമ്മാണശാലയെ ജീവനക്കാരെ വെട്ടിക്കുറച്ചും നവീകരണം ഒഴിവാക്കിയും ശ്വാസംമുട്ടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അനന്തരഫലമായിരുന്നു മൂന്ന് വർഷം നേരിട്ട നഷ്ടം.

2100 ലേറെ ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. പാതി ജീവനക്കാർ പോലുമില്ല ഇപ്പോൾ. ശ്വാസംമുട്ടിച്ച് നഷ്ടത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢശ്രമത്തിനിടയിലും 2015 - 16 സാമ്പത്തിക വർഷത്തിൽ കമ്പനി 1.42 കോടിയുടെ ലാഭം നേടി. ഒരു വർഷം 90 കോടി രൂപ വരെ ലാഭം നേടിയിട്ടുണ്ട്. ഭാവനാപൂർണമായ ചെറിയ ഒരു സഹായം മതി കമ്പനിക്ക് ലാഭത്തിന്റെ രാജവീഥിയിൽ തിരിച്ചെത്താൻ. പക്ഷേ, ഓഹരികൾ വിറ്റഴിച്ച് സ്വകാര്യവത്‌‌കരിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ് നീതി ആയോഗ് !

ജീവനക്കാരുടെ ശക്തമായ ചെറുത്തുനില്പും ഹൈക്കോടതിയുടെ ഇടപെടലും മൂലം ശുപാർശ യാഥാർത്ഥ്യമായില്ലെന്നേയുള്ളൂ. പക്ഷേ, ഭീഷണി തുടരുകയാണ്. പണിമുടക്കിയോ വളർച്ചയുടെ വഴിമുടക്കിയോ ആയിരുന്നില്ല, ജീവനക്കാരുടെ പ്രതിഷേധവും ചെറുത്തുനില്പും. വർഷങ്ങളായി സ്ഥിരനിയമനം നടത്താതെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടും ഉത്‌പാദനത്തിൽ കുറവ് വരുത്തിയില്ലെന്ന് മാത്രമല്ല, 116 ശതമാനമാണ് ഉത‌്‌പാദനം! പ്രതിദിനം 300 ടൺ കടലാസ് ഉത്‌പാദിപ്പിക്കുന്നുണ്ട്.

കമ്പനി സ്വന്തമാക്കാൻ ഉത്സാഹം കാണിക്കുന്നവർ ധാരാളമുണ്ടെന്നാണ് വിവരം. രാജ്യസ്നേഹമൊന്നുമല്ല ഉത്സാഹത്തിന് പിന്നിൽ. കോട്ടയം, എറണാകുളം ജില്ലകൾ ചേരുന്ന ഭാഗത്ത്, മൂവാറ്റുപുഴ ആറിന്റെ തീരത്തെ വെള്ളൂരിൽ സ്ഥിതിചെയ്യുന്ന കമ്പനിക്ക് 600 ഏക്കർ സ്ഥലം സ്വന്തമായുണ്ട്. റെയിൽപ്പാത സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്. പ്രമുഖ നഗരങ്ങളിലേക്ക് നീളുന്ന റോഡുകളുമുണ്ട്. നഷ്ടത്തിന്റെ മുദ്ര ചാർത്തപ്പെടുന്ന കമ്പനി ചുളുവിലയ്ക്ക് സ്വന്തമാക്കിയാൽ റിയൽ എസ്റ്റേറ്റ് ബിസിനസിന് വളക്കൂറുള്ള മണ്ണാണ് ബോണസായി ലഭിക്കുക. സ്വകാര്യവത്‌കരണ ശ്രമത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംരംഭകരുടെ കരുനീക്കങ്ങളാണെന്നാണ് സംശയിക്കപ്പെടുന്നത്. റിയൽ എസ്റ്റേറ്റുകാരുടെ ഗൂഢനീക്കങ്ങൾക്ക് തടയിട്ട് കമ്പനി സംസ്ഥാന സർക്കാരിന് കൈമാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

എച്ച്.എൻ.എൽ പൊതുമേഖലയിൽ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജോസ് കെ. മാണി അടക്കമുള്ള എം.പിമാർ ഈ ആവശ്യം മുൻനിറുത്തി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിവരുകയാണ്. ഹൈക്കോടതിയുടെ അനുമതി കൂടാതെ നടപടികൾ തുടരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിലും സംസ്ഥാന സർക്കാരിലുമാണ് ജീവനക്കാരുടെ പ്രതീക്ഷ.

കേന്ദ്ര ഉടമസ്ഥതയിലാണെങ്കിലും കമ്പനിയുടെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന് നിർണായക പങ്കുണ്ട്. കടലാസ് നിർമ്മാണത്തിന് ആവശ്യമായ തടി നൽകുന്നത് വനം വകുപ്പാണ്. ടണ്ണിന് ആയിരം രൂപ നിരക്കിൽ ഒന്നര ലക്ഷം ടൺ തടിയാണ് പ്രതിവർഷം സർക്കാർ നൽകുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ മൂവായിരം ഏക്കർ സ്ഥലം സർക്കാർ പാട്ടത്തിന് നൽകിയിട്ടുമുണ്ട്. അക്കേഷ്യ, യൂക്കാലിപ്ടസ്, മാഞ്ചിയം, ഈറ്റ, മുള എന്നിവ പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നു. അസംസ്കൃതവസ്തുക്കൾ ശേഖരിക്കുന്നതിനും എത്തിക്കുന്നതിനും മറ്റുമായി 1200 ലേറെ പേർ പരോക്ഷമായും എച്ച്.എൻ.എല്ലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ