മൂന്നാറാണ് നമുക്ക് വഴികാട്ടേണ്ടത്...
May 18, 2017, 12:25 am
തുഷാർ വെള്ളാപ്പള്ളി
മൂന്നാർ ഒരു പ്രതീകമാണ്. കേരളത്തിലെ ഇടതു വലതു സർക്കാരുകൾ ഇത്രയും നാൾ ഇവിടുത്തെ ദരിദ്രനാരായണന്മാരായ ദളിത്-പിന്നാക്ക സമുദായക്കാരെ വഞ്ചിച്ചതിന്റെ, ഇപ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രതീകം. വഴിവക്കിലും പുറമ്പോക്കിലും കാട്ടിലും മലയിലും തലമുറകളായി ഒരുഗതിയുമില്ലാതെ കഴിയുന്ന പാവപ്പെട്ടവർക്ക് ഒരു സെന്റ് ഭൂമി കൊടുക്കേണ്ട കാര്യം വരുമ്പോൾ നൂറായിരം നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പ്രതിബന്ധങ്ങളുടെ വൻമതിലുകളായി മാറി. സർക്കാരാഫീസുകളും മന്ത്രിമന്ദിരങ്ങളും എം.എൽ.എ ഓഫീസുകളും നിരങ്ങി നിരങ്ങി നിരാശരായി ഒരുപിടി മണ്ണെന്ന സ്വപ്നം ബാക്കിയാക്കി പതിനായിരങ്ങൾ മരിച്ചു മണ്ണടിഞ്ഞു. ഇവരെ കാൽചുവട്ടിൽ ചവിട്ടിത്തേച്ച മന്ത്രി പുംഗവരും രാഷ്ട്രീയ പ്രഭുക്കന്മാരും ഉദ്യോഗസ്ഥ പുലികളും മൂന്നാറിലും ഇടുക്കിയിലും കണ്ണും കാതും മൂടി വായില്ലാക്കുന്നിലപ്പന്മാരായി മാറുന്നത് നാം കണ്ടു. ഇതാണ് അവസരം. ഈ കള്ളനാണയങ്ങളെ പാഠം പഠിപ്പിക്കാൻ മൂന്നാർ നമുക്ക് വഴി കാട്ടുകയാണ്. കൈയേറ്റങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും കഥകളാണ് എക്കാലവും മൂന്നാറിന് പറയാനുള്ളത്. അസാധാരണമായ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന മൂന്നാറും വാഗമണ്ണും വയനാടുമൊക്കെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയൽ എസ്റ്റേറ്റ് - റിസോർട്ട് മാഫിയകളും രാഷ്ട്രീയക്കാരും സംഘടിത മത മാനേജ്മെന്റുകളും വീതം വെച്ചെടുക്കുമ്പോൾ മുത്തങ്ങയിലും ആറളത്തും ചെങ്ങറയിലുമൊക്കെ അരപ്പട്ടിണിയുമായി മഞ്ഞത്തും മഴയത്തും വെയിലത്തും കുടിലുകെട്ടി സമരത്തിലായിരുന്നു ഭൂരഹിതർ. ചെങ്ങറ എസ്റ്റേറ്റിലെ പട്ടികജാതിക്കാരെ അവിടെ നിന്ന് തല്ലിയിറക്കാൻ മുന്നിൽ നിന്ന ഇടതു സംഘടനകളാരും മൂന്നാറിലെ ഒരു കൈയേറ്റ ഭൂമിയിലും കൈയൂക്കു കാണിക്കാനെത്തിയില്ല. കേരളം ദൈവത്തിന്റെ നാടാണെങ്കിൽ മൂന്നാർ ആ നാട്ടിലെ രാജധാനിയാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശമായ മൂന്നാർ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലായിരുന്നെങ്കിൽ അനാവശ്യമായി അവിടെ ഒരു കല്ലെടുത്തു വയ്ക്കാൻ അവർ സമ്മതിക്കുമായിരുന്നില്ല. പ്രകൃതിയുടെ വരദാനം നശിപ്പിക്കാൻ കഴിയുമെങ്കിലും അത് പുനർനിർമിക്കുക അസാദ്ധ്യമാണ്. മൂന്നാറിന്റെ കാര്യത്തിൽ വിശേഷിച്ചും.
ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യ വിഷയങ്ങളിലെല്ലാം കേരളത്തിൽ ഇന്ന് രണ്ട് നീതിയാണ്. സംഘടിത മതന്യൂനപക്ഷങ്ങൾക്കും രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്കും ഒരു നീതിയും പാവപ്പെട്ടവനും പിന്നാക്കക്കാരനും മറ്റൊരു നീതിയും. ശതകോടികൾ ഒഴുക്കിയിട്ടും കേരളത്തിലെ ആദിവാസി സമൂഹം ഇന്നും ചൂഷണത്തിന്റെ തടവറയിലാണ്. പുറത്തുകാണിക്കാൻ കൊള്ളാവുന്ന ഒരു ആദിവാസി കോളനി പോലും കേരളം രൂപീകരിച്ച് ഇത്രയും കാലമായിട്ടും സൃഷ്ടിക്കപ്പെട്ടില്ല. ആദിവാസി പെൺകുട്ടികൾ ഇന്നും അവിവാഹിത അമ്മമാരാകുന്നു, വഴിയരികിലും ഓട്ടോ റിക്ഷകളിലും അവർ പ്രസവിക്കുകയും നവജാത ശിശുക്കൾ മരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും പുരോഗമനവും സോഷ്യലിസവും പറയുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും സിറിയയിലെ ഐലാൻകുർദി എന്ന കുഞ്ഞിന്റെ ദയനീയ മരണം ഉയർത്തിപ്പിടിച്ച് ബിനാലേയിൽ ഇൻസ്റ്റലേഷനുകളൊരുക്കുന്ന തിരക്കുകളിലായിരുന്നു.
മൂന്നാറിലെ ഒറ്റ മുറി ലായങ്ങളിൽ തലമുറകളായി പുഴുക്കളെ പോലെ ജീവിക്കുന്ന തോട്ടം തൊഴിലാളികളുടെ ദുരവസ്ഥ മനസിലാക്കാൻ കേരള സമൂഹം പെമ്പിളൈ ഒരുമൈ സമരം വരെ കാത്തിരിക്കേണ്ടി വന്നു. വിരമിക്കുമ്പോൾ കമ്പനി ലായം വിട്ടൊഴിയേണ്ടി വരുന്നവർ എവിടെ പോകുമെന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
കേരളത്തിലെ ലക്ഷം വീട് കോളനികളിൽ മരിച്ചാൽ മറവുചെയ്യാൻ പോലും സൗകര്യമില്ലാത്ത ഒറ്റമുറി വീടുകളിൽ ഉണ്ടും ഉറങ്ങിയും കഴിയുവന്നരുടെ ദയനീയത ആർക്കും അറിയേണ്ട. അവരും മനുഷ്യരാണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും നാമെല്ലാം മറന്നുപോയി. പക്ഷേ മൂന്നാറിലെ അനധികൃത കൈയേറ്റക്കാരുടെ സങ്കടങ്ങളും അവകാശങ്ങളും മതസ്വാതന്ത്ര്യവുമെല്ലാം ഇവിടുത്തെ രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വങ്ങൾക്കൊക്കെ വിലപ്പെട്ടതാണ്.
പട്ടയത്തിനായി പതിറ്റാണ്ടുകൾ കാത്തിരുന്നവരും കയറിത്താമസിക്കാൻ പറ്റാത്ത ഭൂമി കിട്ടിയവരുമൊക്കെ ഇനിയെങ്കിലും ചിന്തിക്കണം. ഈ രാഷ്ട്രീയ കച്ചവടക്കാരുടെ അടിമകളായി തുടരണമോ എന്നത്. പണവും പവറുമുള്ളവന് മൂന്നാറും ഇടുക്കിയും വെട്ടിപ്പിടിക്കാമെങ്കിൽ പാവപ്പെട്ടവനും സംഘബലത്താൽ അതൊക്കെ കഴിയുമെന്ന് ചെങ്ങറയും ആറളവും മുത്തങ്ങയുമൊക്കെ തെളിയിച്ചിട്ടുണ്ട്. മുത്തങ്ങയിലെ പാവപ്പെട്ട ആദിവാസികൾക്ക് നേരെ ചൂണ്ടിയ തോക്കുകൾ മൂന്നാറിലെത്തുമ്പോൾ താണു പോവും. ഇടുക്കിയിലെ കുരിശുകൾ കീഴടക്കിയ മലനിരകൾ കാണുമ്പോൾ മൗനമാവും.
കപടനാടകങ്ങൾ നിറുത്തി ഇനിയെങ്കിലും സംസ്ഥാന സർക്കാർ പാവപ്പെട്ടവരുടെ ഭൂമിപ്രശ്നം പരിഹരിക്കണം. വാഗ്ദാനങ്ങൾ ഇനി വേണ്ട. മൂന്നാറിൽ ഭൂമി കൈയേറിയവരിൽ ബഹുഭൂരിപക്ഷവും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അത് ചെയ്തത്. അവരെ നിഷ്കരുണം ഒഴിപ്പിക്കാനുള്ള ആർജ്ജവം ഇടതു സർക്കാർ ഇനിയെങ്കിലും കാണിക്കണം. വേണമെന്ന് വെച്ചാൽ സർക്കാരിന് നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണ്. ഒഴിപ്പിച്ചെടുക്കുന്ന ഭൂമി എത്രയും വേഗം കേരളത്തിലെ ഭൂരഹിതർക്ക് വീതിച്ച് നൽകണം. മൂന്നാറിലെ കാര്യത്തിൽ അവിടെ തലമുറകളായി തേയിലത്തോട്ടത്തിൽ അടിമവേലയ്ക്ക് സമാനമായി തുച്ഛകൂലിക്ക് പണിയെടുത്ത് ജീവിതം തുലച്ച പാവപ്പെട്ട തമിഴർക്ക് മുൻഗണന നൽകണം. എസ്റ്റേറ്റ് ലയങ്ങളിൽ നിന്ന് അവർക്ക് മോചനം നൽകണം.
കേരളത്തിലെ തോട്ടം മേഖലയിലെ വൻകിട കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് ഡോ.എം.ജി.രാജമാണിക്യം ഐ.എ.എസ് തയ്യാറാക്കിയ റിപ്പോർട്ട് മലയാളികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കള്ള പ്രമാണങ്ങളുടെയും കൃത്രിമവുമായ റവന്യൂരേഖകളുടെയും ബലത്തിൽ അഞ്ച് വൻകിട കമ്പനികൾ 5.25 ലക്ഷം ഭൂമി കൈവശം വെച്ചിരിക്കുന്നതായി 2016 ജൂണിൽ സമർപ്പിച്ച ഈ റിപ്പോർട്ടിൽ പറയുന്നു. ഇതുമാത്രം മതിയാകും കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാൻ. നിശ്ചയദാർഢ്യമുള്ള ഒരു സർക്കാരിന് നിഷ്പ്രയാസം വീണ്ടെടുക്കാവുന്നതാണ് ഈ ഭൂമിയിൽ ഏറെയും. അന്തമില്ലാത്ത നിയമയുദ്ധങ്ങൾക്ക് ഒത്താശ ചെയ്യുകയും കമ്പനികൾക്ക് രഹസ്യപിന്തുണ നൽകുകയുമായിരുന്നു ഇതുവരെ സർക്കാരുകൾ ചെയ്തു വന്നത്.
ഈ കമ്പനികൾ ഇപ്പോൾ അവരുടെ കൈവശമുള്ള എസ്റ്റേറ്റുകൾ മുറിച്ചും അല്ലാതെയും വിൽക്കുകയും കൈമാറുകയും ചെയ്ത് അന്യാധീനപ്പെടുത്തി വരികയാണ്. ഇത് തടയാതെ, ഇങ്ങിനെ വിറ്റ പത്തനംതിട്ടയിലെ 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് എരുമേലി വിമാനത്താവളത്തിനായി വില നൽകി വാങ്ങുന്ന കാര്യം വരെ സർക്കാർ ആലോചിച്ചു എന്നത് എന്തൊരു നാണക്കേടാണ്. ഭൂരഹിതർക്ക് നൽകാൻ ഭൂമി വാങ്ങേണ്ടി വരുമ്പോൾ ഇങ്ങിനെയുള്ള ചിന്തകളൊന്നും ഉയരാറില്ല.
സംസ്ഥാനത്തെ അവഗണിക്കപ്പെട്ടവരുടെ രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്) മൂന്നാറിനെ മുൻനിറുത്തി ശക്തമായ ഒരു ഭൂസമരത്തിന് ഒരുങ്ങുകയാണ്. കിടപ്പാടമില്ലാത്ത ദളിത് - ആദിവാസി സമൂഹത്തിന് വേണ്ടി, പാവപ്പെട്ട പിന്നാക്ക-ദരിദ്ര കുടുംബങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ സമരം. വഞ്ചിക്കപ്പെട്ടവർക്കു വേണ്ടിയുള്ളതാണ് ഈ സമരം. മൂന്നാറിലുൾപ്പടെ സംസ്ഥാനത്തെ എല്ലാ വൻകിട കൈയേറ്റങ്ങളും ഒഴിപ്പിക്കുക. അനധികൃത നിർമ്മിതികൾ നീക്കം ചെയ്യുക, റിസോർട്ട് മാഫിയയെ തുരത്തുക, രാഷ്ട്രീയ കൈയേറ്റ കൂട്ടുകെട്ട് വെളിച്ചത്തുകൊണ്ടുവരിക. സമയബന്ധിതമായി ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക. തട്ടിയെടുക്കപ്പെട്ട ആദിവാസി ഭൂമികൾ വീണ്ടെടുക്കുക, രാജമാണിക്യം റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയവയാണ് നമ്മുടെ മുദ്രാവാക്യങ്ങൾ. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ കിടപ്പാടത്തിന് വേണ്ടിയുള്ള ഈ സമരം വിജയിപ്പിക്കേണ്ടത് സാക്ഷരകേരളത്തിന്റെ ഉത്തരവാദിത്വമാണ്. മേയ് 18ന് മൂന്നാറിൽ ആരംഭിക്കുന്ന സമര പരിപാടികൾക്ക് എല്ലാവിധ പിന്തുണയും ഓരോ മലയാളിയോടും അഭ്യർത്ഥിക്കുന്നു. മൂന്നാർ നമുക്ക് വഴി കാട്ടട്ടെ....    
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ