Thursday, 25 May 2017 12.25 PM IST
അയലയും മത്തിയും എവിടെപ്പോയ് കടലമ്മേ ?
May 19, 2017, 10:50 pm
സ്വന്തം ലേഖകൻ
അയലയും മത്തിയും കുറഞ്ഞു, മറ്റ് മത്സ്യങ്ങൾ കൂടി
മത്സ്യലഭ്യത കൂടിയിട്ടും ദേശീയ തലത്തിൽ കേരളം നാലാമതേക്ക് പിന്തള്ളപ്പെട്ടു

കൊച്ചി: കുട്ടക്കണക്കിന് കിട്ടിയിരുന്ന അയലയും മത്തിയും പോയ് മറഞ്ഞപ്പോൾ ദേശീയ മത്സ്യലഭ്യതയിൽ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ കേരളത്തിൽ ഉൾപ്പെടെ ആകെ മത്സ്യലഭ്യത കൂടുകയും ചെയ്തു. കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ആദ്യമായാണ് കേരളം നാലാമതാകുന്നത്. 2012ൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്നു.
കേരള തീരത്ത് മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു വരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32.8 ശതമാനം കുറഞ്ഞ് 45,958 ടണ്ണായി. 1998ന് ശേഷം ആദ്യമായിട്ടാണ് മത്തി ഇത്രയും കുറയുന്നത്. 2012ൽ 3.9 ലക്ഷം ടൺ മത്തി ലഭിച്ചിരുന്നു. ഇതിന് ശേഷം ഓരോ വർഷവും കുറയുകയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്ന മീനാണ് മത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അയലയുടെ ലഭ്യത 33 ശതമാനമാണ് കുറഞ്ഞത്. 2016ൽ 47,252 ടണ്ണാണ് ലഭിച്ചത്.
എന്നാൽ മൊത്തത്തിൽ കേരളത്തിലെ മത്സ്യലഭ്യത എട്ട് ശതമാനം വർദ്ധിച്ചു. 5.23 ലക്ഷം ടൺ മത്സ്യം ലഭിച്ചു. തിരിയാൻ, ഇതര മത്തി വർഗങ്ങൾ, പെർച്ച് മത്സ്യങ്ങൾ എന്നിവ വൻതോതിൽ ലഭിച്ചത് കാരണമാണിത്. ഇന്ത്യയിലാകമാനം മത്സ്യലഭ്യത 6.6 ശതമാനം വർദ്ധിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയലയാണ്. ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ വച്ച് പഠന റിപ്പോർട്ട് ഫിഷറീസ് റിസോഴ്സ് അസസ്‌മെന്റ് വിഭാഗം മേധാവി ഡോ. ടി.വി. സത്യാനന്ദന് നൽകി ഡയറക്ടർ ഡോ. കെ. ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.

 2016ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയല
 മത്സ്യലഭ്യതയിൽ ഒന്നാം സ്ഥാനം ഗുജറാത്തിന്
 കേരളത്തിൽ പുതിയ മത്സ്യം പുള്ളി അയല

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ