Saturday, 24 June 2017 7.42 PM IST
നാമക്കൽ ലോറി ലോബിയുടെ എൽ.പി.ജി കടത്ത് 200 കോടിക്ക്
June 20, 2017, 1:45 am
എം.എസ്. സജീവൻ
കൊച്ചി: മംഗലാപുരത്തു നിന്ന് കേരളത്തിലേക്ക് ബുള്ളറ്റ് ടാങ്കറുകളിൽ എൽ.പി.ജി എത്തിക്കുന്നത് പ്രതിവർഷം 200 കോ‌ടി രൂപയുടെ ബിസിനസാണ്. നടത്തിപ്പുകാരിൽ ബഹുഭൂരിപക്ഷവും നാമക്കലിലെ വമ്പന്മാർ. ഇ‌‌ടുങ്ങിയ റോഡുകളിലൂടെ ദിവസവും ഓടുന്നത് നൂറിലേറെ ബുള്ളറ്റ് ടാങ്കറുകൾ. പുതുവൈപ്പിലെ എൽ.പി.ജി ടെർമിനൽ പദ്ധതി പൂർത്തിയാകുമ്പോൾ ഈ വമ്പൻ ബിസിനസ് നിലയ്ക്കും.

രണ്ടു വർഷം മുമ്പ് പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) നിർമ്മാണം ആരംഭിച്ച 'കൊച്ചി എൽ.പി.ജി ഇംപോർട്ട് ടെർമിനൽ' പദ്ധതിക്കെതിരെ പൊടുന്നനെ പ്രക്ഷോഭം രൂക്ഷമാക്കിയതിന് പിന്നിൽ നാമക്കൽ ലോറി ലോബിയുടെ ഇടപെടലും സംശയിക്കപ്പെടുന്നു.

കൊച്ചിയിൽ ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി കൂറ്റൻ ടാങ്കുകളിൽ സംഭരിച്ച് പൈപ്പ് ലൈൻ വഴി കേരളത്തിലെയും തമിഴ്നാട്ടിലെയും സിലിണ്ടർ ബോട്ട്ലിംഗ് പ്ളാന്റുകളിലെത്തിക്കുന്നതാണ് പദ്ധതി. മംഗലാപുരത്ത് ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി കൂറ്റൻ ബുള്ളറ്റ് ടാങ്കറുകളിൽ നിറച്ച് കാസർകോട്, കോഴിക്കോട് വഴി കേരളത്തിൽ എത്തിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന രീതി. സ്വകാര്യ ബുള്ളറ്റ് ടാങ്കർ ഉടമകളാണ് എൽ.പി.ജി ഗതാഗതം പൂർണമായി നിർവഹിക്കുന്നത്.

ബുള്ളറ്റ് ടാങ്കറുകൾ : ചില വസ്തുതകൾ
 പ്രതിദിനം എത്തുന്നത് 90 മുതൽ 100 വരെ ലോറികൾ
 ഒരു മാസം ശരാശരി 2,500 സർവീസ്
 പ്രതിവർഷ വിറ്റുവരവ് 200 കോടിയിലേറെ
 പ്രതിവർഷ വർദ്ധന 10 ശതമാനം
 ഒരു ബുള്ളറ്റ് ടാങ്കിന്റെ ശേഷി : 15 മുതൽ 17 ടൺ വരെ
 നിരക്ക് ടണ്ണും ദൂരവും അനുസരിച്ച്
 ഒരു ടാങ്കർ കൊച്ചിയിലെത്താൻ 50,000 - 60,000 രൂപ
 ടാങ്കറുടമകളിൽ 98 ശതമാനവും തമിഴ്നാട്ടിലെ നാമക്കൽ സ്വദേശികൾ
 കേരളീയരുടെ ടാങ്കറുകൾ നാമമാത്രം

സംശയം, സൂചനകൾ
 കൊച്ചിയിലെ ടെർമിനലും പൈപ്പ്ലൈനും 2018 ഫെബ്രുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ ബുള്ളറ്റ് ടാങ്കറുകൾ ആവശ്യമില്ലാതാകും. പദ്ധതി വൈകിയാൽ കൂടുതൽകാലം ടാങ്കറുകൾ ഓടിക്കാം.
 കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖല (സെസ്)യിൽ രണ്ടു വർഷം മുമ്പാണ് ടെർമിനലിന്റെ നിർമ്മാണം ആരംഭിച്ചത്. എൽ.എൻ.ജി ടെർമിനലും സമീപത്താണ്. ഭാരത് പെട്രോളിയം കോർപറേഷന്റെ അസംസ്കൃത എണ്ണ ഇറക്കുമതി കേന്ദ്രവും നിർമ്മിച്ചു. അവിടെയൊന്നും പ്രതിഷേധവും രൂക്ഷമായ സമരവുമുണ്ടായില്ല. പെട്ടെന്നുണ്ടായ സമരത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന സംശയം റൂറൽ എസ്.പി എ.വി. ജോർജ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

സുരക്ഷിതം, നിയമപരം
''ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും തീരദേശ പരിപാലന അതോറിട്ടിയുടെയും ഉൾപ്പെടെ അനുമതികൾ വാങ്ങിയാണ് ടെർമിനൽ നിർമ്മിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ പത്തോളം ഏജൻസികളുടെ മാനദണ്ഡങ്ങൾ പാലിച്ചും പരിശോധിച്ചുമാണ് നിർമ്മാണം. സർക്കാർ സ്ഥാപനമായ ഐ.ഒ.സിക്ക് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയില്ല.''- പി.എസ്. മണി, കേരള മേധാവി, ഐ.ഒ.സി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ