വിവാഹത്തിൽ തുടങ്ങിയ ഭാഗ്യം ഒടുവിൽ...
July 11, 2017, 1:28 am
പ്രസന്ന
കൊച്ചി: ഒപ്പം അഭിനയിക്കാനെത്തിയ മഞ്ജുവാര്യരെ ജീവിത സഖിയാക്കിയതോടെയാണ് സിനിമയിൽ ദിലീപിന്റെ രാജയോഗം തെളിയുന്നത്. സുന്ദർദാസിന്റെ 'സല്ലാപം' പുതുമുഖ താരങ്ങളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും ജാതകം തിരുത്തിക്കുറിച്ചു. ഒറ്റ സിനിമയിലൂടെ ഇരുവരും പ്രേക്ഷകഹൃദയം പിടിച്ചടക്കി. ഉറ്റചങ്ങാതിമാരുമായി. കമലിന്റെ 'ഈ പുഴയും കടന്ന് ' എന്ന ചിത്രത്തിനിടെയാണ് പ്രണയം മൊട്ടിട്ടത്. കൗമാരം കടക്കും മുമ്പ് മലയാളത്തിലെ ഒന്നാംനിര നായികയായി മാറിയ മഞ്ജുവാര്യർ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ദിലീപിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി.
വിവാഹം ഇരുവരുടെയും ജീവിതത്തെ അടിമുടി മാറ്റി. മികച്ച നടിയും നർത്തകിയുമായ മഞ്ജു വീട്ടിൽ തളയ്ക്കപ്പെട്ടുവെങ്കിൽ ദിലീപിന് വച്ചടിവച്ചടി കയറ്റമായി. സിനിമയിലും ബിസിനസിലും നേട്ടങ്ങൾ കൊയ്തു. സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും ആരാധകർ മഞ്ജുവിനോടുള്ള സ്നേഹത്തിൽ വെള്ളം കലർത്തിയില്ല. തന്റെ ജനപ്രീതിയുടെ ഒരംശം ഭാര്യയ്ക്കും അവകാശപ്പെട്ടതാണെന്ന് ദിലീപും സമ്മതിച്ചു.
'മീശമാധവൻ' എന്ന ചിത്രമാണ് താരദമ്പതികളുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഗോസിപ്പുകളുടെ പ്രളയമായി. ദിലീപിന്റെ ഓരോ ചിത്രവും റിലീസ് ചെയ്യുന്ന സമയത്ത് മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കിംവദന്തികൾ പരന്നു. ഓരോ തവണയും ആരോപണങ്ങളെ ചിരിച്ച് കൊണ്ട് തള്ളിക്കളഞ്ഞ ദിലീപിന് ഒടുവിൽ തന്റെ കുടുംബത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കേണ്ടിവന്നു.
ഇതിനിടെ, മകളെ നൃത്തം പഠിപ്പിക്കാനെത്തിയ അദ്ധ്യാപികയുടെ ചുവടുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് മഞ്ജു വീണ്ടും ചിലങ്കയണിഞ്ഞു. ദിലീപിനൊപ്പം വിദേശയാത്രയ്ക്ക് പോയ മകൾ തിരിച്ചെത്തിയ ശേഷം തനിക്ക് അച്ഛൻ മാത്രം മതിയെന്ന് നിശ്ചയിച്ചതോടെ 14 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മഞ്ജു ആലുവ വിട്ടു.
അതോടെ ദിലീപിന്റെ ഭാഗ്യദോഷം തുടങ്ങി. നൃത്ത പരിപാടികളിലൂടെ മഞ്ജു വീണ്ടും ജനങ്ങൾക്കിടയിലേക്ക് തിരിച്ചെത്തി. അവസരങ്ങൾ കളയാൻ പലരും ചരടുവലിച്ചിട്ടും റോഷൻ ആൻഡ്രൂസിന്റെ ' ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ അവർ വീണ്ടും സിനിമയിലെത്തി.
ആ ചിത്രത്തിന്റെ വമ്പൻ വിജയമാണ് വിവാഹമോചനം എന്ന ആവശ്യവുമായി കുടുംബകോടതിയിലെത്താൻ ദിലീപിനെ പ്രേരിപ്പിച്ചത്. കൂടുതൽ വിഴുപ്പലക്കലിന് നിൽക്കാതെ ഇരുവരും മാന്യമായി വേർപിരിഞ്ഞു. ദിലീപിന്റെ സ്വത്തിൽ നിന്ന് നയാപൈസ പോലും വേണ്ടെന്ന് പറഞ്ഞ് മഞ്ജു കുടുംബകോടതിയുടെ പടിയിറങ്ങി.
മകളുടെ അനുഗ്രഹത്തോടെ കാവ്യാമാധവനെ വരിച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന ദിലീപ് നടിക്ക് നേരെ ആക്രമണമുണ്ടായതോടെ സംശയത്തിന്റെ നിഴലിലായി. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി മഞ്ജുവാര്യർ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. മഞ്ജു ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വിമെൻ കളക്‌ടീവ് ഇൻ സിനിമ എന്ന സംഘടന രൂപീകരിച്ചതു തന്നെ ഇതേ ലക്ഷ്യവുമായാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ