ആദ്യ തരികിട തിലകനെതിരെ
July 11, 2017, 1:25 am
ഷാലറ്റ്.സി.എസ്
കൊച്ചി: എതിർത്തവരെ വെട്ടിയും സ്നേഹിച്ചവരെ വളർത്തിയും മുന്നേറിയ ദിലീപ് എന്ന താരരാജാവിനെയാണ് വെള്ളിത്തിര കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം കണ്ടത്. മലയാള സിനിമയിലെ പെരുന്തച്ചനായ തിലകനിൽ തുടങ്ങി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വരെ എത്തിനില്ക്കുകയാണ് ദിലീപിന്റെ കറുത്ത കഥകൾ. താൻ നേരിട്ട വിലക്കുകളിൽ ദിലീപിന്റെ ഇടപെടൽ നടൻ തിലകൻ പൊതുവേദികളിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ വിഷമെന്നാണ് അദ്ദേഹമന്ന് ദിലീപിനെ വിശേഷിപ്പിച്ചത്. സംവിധായകൻ വിനയനും പരസ്യമായി രംഗത്തുവന്നു. ദിലീപിനെ ജനപ്രിയതാരമാക്കിയതിൽ വിനയന്റെ പങ്ക് വളരെ വലുതായിരുന്നു. പിന്നീട് 'അമ്മ' യുടെ തലപ്പത്തെത്തിയ ദിലീപ് തന്നെ വിനയന് സിനിമാ വിലക്ക് സമ്മാനിച്ചു.
മീരാ ജാസ്മിൻ, നവ്യാനായർ, ഭാവന, സനൂഷ തുടങ്ങിയ നായികമാരെ അകമഴിഞ്ഞ്‌ സഹായിച്ചയാളാണ് ദിലീപ്. നടനോട് ഇടഞ്ഞ ഇവരിൽ പലരും പിന്നീട് കാര്യമായി കാമറയ്ക്ക് മുന്നിലെത്തിയില്ല. മുൻ ഭാര്യ മഞ്ജു വാര്യരുടെ രണ്ടാം സിനിമാ പ്രവേശത്തിന്റെ ആദ്യഘട്ടത്തിൽ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നു. ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ വഴിയൊരുക്കിയ നടിയ്ക്ക് അഞ്ച് വർഷത്തെ അജ്ഞാതവാസമാണ് ദിലീപ് വിധിച്ചത്. മലയാളത്തിൽ സിനിമയിൽ നിന്ന് ഇവർ പുറത്തായ അവസ്ഥയിലായിരുന്നു.
മിമിക്രി വേദികളിൽ തനിക്കൊപ്പം നിറഞ്ഞാടിയ പലരേയും ദിലീപ് വളർത്തിക്കൊണ്ടു വന്നു. കൈ നിറയെ സിനിമകൾ കൂടാതെ ഇവർക്കായി സ്റ്റേജ് ഷോകളിലും അവസരങ്ങൾ നൽകി. നാദിർഷാ, സലിം കുമാർ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ തുടങ്ങിയവർ നടനൊപ്പം ചേർന്നുനിന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ