സിനിമയ്‌ക്ക് പിന്നിലെ സൂത്രധാരൻ
July 12, 2017, 12:07 am
കെ.എസ്. സന്ദീപ്
വെള്ളിത്തിരയിൽ കൈയടി നൽകിയ ജനങ്ങൾ ഇന്നലെ മുഖത്തുനോക്കി കൂവി വിളിച്ചു. ചിരി വരുത്തി പിടിച്ചുനിൽക്കാനുള്ള അഭിനയം എട്ടുനിലയിൽ പൊട്ടിയതോടെ മ്ളാനവദനായി തലതാഴ്‌ത്തി നടന്ന ദിലീപിനെക്കുറിച്ചുള്ള കഥകളാണ് ഇപ്പോൾ മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിൽ സൂപ്പർഹിറ്റായി ഓടുന്നത്. ഇമേജിന്റെ ഉന്മാദം തലയിൽ കത്തിക്കയറിയപ്പോൾ കുടിലതന്ത്രങ്ങളുടെയും കുതിൽകാൽവെട്ടിന്റെയും ആശാനായി ദിലീപ് മാറിയതിന്റെ അനുഭവകഥകളാണ് പുറത്തുവരുന്നത്. അധോലോകവും ലഹരിയും ലൊക്കേഷനുകളിൽ പിടിമുറുക്കിയത് പലരും വെളിപ്പെടുത്താൻ തയ്യാറായി. എന്നാൽ, സിനിമയിലെ ഒതുക്കലുകളും പകപോക്കലും പലരും കണ്ടില്ലെന്ന് നടിച്ചു. പ്രമുഖർ പോലും പുറത്തു മിണ്ടിയില്ലെന്നതായിരുന്നു സത്യം. മലയാള സിനിമയുടെ സമസ്‌തമേഖലകളും പിടിച്ചടുക്കിയ ദിലീപായിരുന്നു വില്ലൻ. ചിലർ അവസരം പോകുമെന്ന് ഭയന്നു. മറ്റുചിലർ തിളങ്ങിനിൽക്കാനായി ഒപ്പം കൂടി. ഒടുവിൽ അത്യുന്നതങ്ങളിൽ നിന്ന് 'കാര്യസ്ഥൻ' വീണുടഞ്ഞപ്പോൾ എല്ലാം നഷ്‌ടപ്പെട്ടവർ വെടിപൊട്ടിച്ചു തുടങ്ങി. സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ചാരുതയോടെ ....

സീൻ ഒന്ന്
എടാ.... ഗോപാലകൃഷ്‌ണാ. വിളികേൾക്കുമ്പോൾ നീട്ടി വളർത്തിയ മുടിയോടെ തിരിഞ്ഞുനാേക്കുന്ന ഒരു മെല്ലിച്ച പയ്യനുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. എറണാകുളം നോർത്തിൽ പാതിരാത്രിക്ക് ആലുവയിലേക്കുള്ള അവസാനത്തെ സ്വകാര്യബസ് കാത്തിനിന്നിരുന്ന ആ പയ്യനാണ് പിന്നീട് മലയാളസിനിമയിലെ ജനപ്രീയ നായകനായ ദിലീപായി മാറിയത്. മെല്ലിച്ചശരീരത്തിൽ വലിപ്പംകൂടിയ ഷർട്ടുമിട്ട് പുഞ്ചിരിച്ചു നിന്നിരുന്ന ഗോപാലകൃഷ്‌ണന്റെ ലക്ഷ്യം കലാഭവനിൽ കയറിപ്പറ്റുകയായിരുന്നു. മിമിക്രിയിൽ ശബ്ദങ്ങളുടെ വൈവിധ്യമായിരുന്നു കൈമുതൽ. കലാഭവനിൽ നിന്ന് സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കായിരുന്നു പിന്നീടുള്ള യാത്ര. കമലിന്റെ സംവിധാനസഹായിയിൽ നിന്ന് 1992 ൽ 'എന്നോടിഷ്‌ടം കൂടാമോ' എന്ന ചിത്രത്തിലെ ഒരു രംഗത്തിലൂടെ സിനിമയിൽ മുഖം കാണിച്ചു. പിന്നീടുള്ള 25 വർഷങ്ങൾ ദിലീപിന്റേതായിരുന്നു. മലയാള സിനിമയിലെ കൊച്ചി രാജാവായി അരങ്ങുവാണു.

സീൻ രണ്ട്
അറസ്‌റ്റിലായതിന് തൊട്ടുപിന്നാലെ ദിലീപിനൊപ്പം മിമിക്രി കളിച്ചു നടന്ന അറിയപ്പെടുന്ന ഒരാളുമായി സംസാരിച്ചപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു. ' എല്ലാം വേണം. ആ സംഘടന പൊളിച്ച് അതിന്റെ തലപ്പത്ത് എത്തണം. മറ്റെ സംഘടനയും പൊളിച്ച് അതിന്റെയും തലപ്പത്ത് എത്തണം' മിമിക്രിയിൽ നിന്ന് ഒരാൾ എത്താവുന്നതിന്റെ പരാമവധി ഉയരത്തിലെത്തിയിട്ടും ദിലീപ് പുലർത്തിയ അഹങ്കാരത്തിന്റെ ഫലമാണ് അറസ്‌റ്റെന്നായിരുന്നു ആ കലാകാരന്റെ മറുപടി. കുടുങ്ങാൻ താമസിച്ചു പോയെന്നും പറഞ്ഞുവച്ചു.

സീൻ മൂന്ന്
ദിലീപിനെ ചുറ്റിപ്പറ്റി സിനിമയിലെ ചീഞ്ഞുനാറുന്ന കാര്യങ്ങളാണ് പല പ്രമുഖർക്കും പറയാനുള്ളത്. ദിലീപിന്റെ പകയും ശത്രുതയും കാരണം 300 സിനിമയെങ്കിലും എഴുതേണ്ട താൻ 24 എണ്ണത്തിൽ ഒതുങ്ങിയെന്ന് തിരക്കഥാകൃത്തായ റഫീക്ക് സീലാട്ട് 'കേരളകൗമുദി'യോട് വെളിപ്പെടുത്തി. കത്തിനിന്നിരുന്ന സമയത്താണ് ദിലീപിന്റെ പാരയിൽ പുറത്തായത്. ആദ്യം എതിർത്തെങ്കിലും ആരും പിന്തുണച്ചില്ല. ഒറ്റപ്പെടുമെന്ന് തോന്നിയപ്പോൾ പിൻവാങ്ങി. എന്നാലും, ദൈവം ഒരു ദിവസം തരുമെന്ന് വിശ്വസിച്ചിരുന്നു. ദിലീപിന്റെ അറസ്‌റ്റോടെ ആ സംഭവം തുറന്നുപറയണമെന്ന് തോന്നി. അത് ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ചക്കില്ലെന്നും റഫീക്ക് സീലാട്ട് വ്യക്തമാക്കി. 'സല്ലാപം ഷൂട്ടിംഗ് കഴിഞ്ഞ് നില്ക്കുന്ന കാലം. നീ അന്ന് മലയാള സിനിമയിൽ ആരുമല്ല. എന്റെ പടനായകൻ എന്ന സിനിമയിൽ ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു. നിർമ്മാതാക്കൾക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു. അവരുടെ കൈയും കാലും പിടിച്ച് നിന്നിലെ കഴിവുകൾ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാൾ രാത്രിയിൽ നമ്മൾ ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സിൽ ഞാൻ പുകവലിക്കുവാനായി വന്നപ്പോൾ ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവൻ തല കിഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു. അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഇന്ന് ഈ ഭൂമിയിൽ ഓർമ്മകൾ മാത്രമായേനെ. മറ്റ് പലതും ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം. അന്ന് ഞാൻ അവിടെ സദാചാര പൊലീസ് കളിക്കുകയായിരുന്നില്ല, നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്.'ഇങ്ങനെപോകുന്നു ആ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ. ദിലീപിന്റെയൊപ്പം ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഹാസ്യനടൻ പെട്ടെന്ന് ദിലീപ് ചിത്രങ്ങളിൽ നിന്നൊഴിവാക്കപ്പെട്ടു.കാരണം ദിലീപിന്റെ അനിഷ്ഠത്തിന് പാത്രമായി.മലയാളസിനിമ തന്റെ ഉള്ളംകൈയ്യിൽ അമ്മാനമാടാവുന്ന കളിപ്പാട്ടമാണെന്ന് ദിലീപ് കരുതി.എതിർത്തവരെയെല്ലാം നിശബ്ദമാക്കി.ഒടുവിൽ കൊടും ക്രിനലുകൾ പോലും ചെയ്യാനറയ്ക്കുന്ന വിധം ഒപ്പം അഭിനയിച്ച നടിയോട് ക്രൂരത കാട്ടാൻ ക്വട്ടേഷൻ നൽകി.ദിലീപിന്റെ പതനം അവിടെ തുടങ്ങുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.