'അമ്മ'യാണെ സത്യം,​ ഞാനല്ല
July 15, 2017, 6:07 am
കെ.എസ്. സന്ദീപ്
സംവിധായകൻ വിനയനും ദിലീപും അത്ര നല്ല രസതന്ത്രത്തിലല്ലായിരുന്നുവെന്ന് മലയാളസിനിമയിലെ സംഘർഷങ്ങൾ തുറന്നുകാട്ടിയതാണ്. നടിയെ ആക്രമിച്ച സംഭവങ്ങളുടെ ഗൂഢാലോചനയിൽ ദിലീപ് കത്തി നിൽക്കുന്ന സമയം. തമിഴ്നാട്ടിലെ ലൊക്കേഷനിൽ നിന്ന് ദിലീപ് വിളിച്ചപ്പോൾ ഞെട്ടിപ്പോയെന്നാണ് വിനയന്റെ തുറന്നുപറച്ചിൽ. വർഷങ്ങളായി പകയുമായി ന‌ടന്നയാൾ ഒരു സുപ്രഭാതത്തിൽ വിളിക്കുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു പങ്കുമില്ലെന്ന് പറയാനായിരുന്നു വിളി. അമ്മയാണെ സത്യവുമിട്ടു. എന്നാൽ, നാട്ടിൽ കേൾക്കുന്ന കാര്യങ്ങൾ എതിരാണെന്നും സത്യമതല്ലെങ്കിൽ എത്രയും വേഗം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഒരു പക്ഷേ ദിലീപ് അറസ്‌റ്റിലാകുന്നതിന് മുമ്പ് ചാനൽ ചർച്ചകളിൽ പങ്കെടുത്ത് കടന്നാക്രമിക്കാത്തതുകൊണ്ടാകാം ആ വിളിയെത്തിയത്. എങ്കിലും മനസുപറഞ്ഞു . കുടിലബുദ്ധിക്കാരനായ ദിലീപിന്റെ വിളിയിൽ എന്തെങ്കിലും ഒളിഞ്ഞുകിടപ്പുണ്ടോ. ദിലീപിന്റെ തന്ത്രങ്ങളും നീക്കങ്ങളുമറിയാവുന്ന താൻ മിണ്ടാതെ കാത്തിരുന്നത് ശരിയായ തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ദിലീപ് ചെറിയ കളിയിറക്കിയപ്പോൾ തിരിച്ചൊരു പണികൊടുത്തതും വിനയൻ ഓർത്തെടുത്തു.
'ഊമ പെണ്ണിന് ഉരിയാടാപയ്യൻ' എന്ന സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നു. പി.കെ.ആർ. പിള്ളയാണ് നിർമ്മാതാവ്. കഥ എന്റേത്. അന്ന് കാര്യമായ സിനിമയില്ലാത്തതിനാൽ കലൂർ ഡെഡീസ് തിരക്കഥയെഴുതാമെന്ന് ഏറ്റു. ദിലീപും മഞ്ജു വാര്യരും വിവാഹിതരായ സമയം. എന്റെ വീട്ടിൽവച്ച് ചർച്ച നടക്കുമ്പോൾ ദിലീപിനൊപ്പം മഞ്ജുവുമുണ്ടായിരുന്നു. കലൂർ ഡെന്നിസിന്റെ പേര് പറഞ്ഞപ്പോഴേ ദിലീപ് എതിർപ്പിന്റെ ചെപ്പ് തുറന്നു. ആയാൾ എഴുതിയാൽ പടം പൊട്ടുമെന്നായിരുന്നു മുന്നറിയിപ്പ്. അഡ്വാൻസ് നൽകിയതിനാൽ ഡെന്നിസിനെ ഒഴിവാക്കാൻ പറ്റില്ലെന്ന് കട്ടായം പറഞ്ഞു. കഥ എന്റേതായതിനാൽ ഒരുമിച്ചിരുന്നാണ് എഴുതുന്നതെന്ന് പറഞ്ഞപ്പോൾ ദിലീപൊന്നടങ്ങി. ഈ സമയം മസിലുപിടുത്തവും വാശിയും കണ്ട് മഞ്ജു ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഡെന്നീസിന്റെ പേര് സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നായി ദിലീപിന്റെ നിർദ്ദേശം. സംസാരം ആജ്ഞാപിക്കലിലേക്ക് വഴിമാറി. എത്രയോ പ‌ടം പൊട്ടുന്നു. എതായാലും ഡെന്നീസ് ചേട്ടനെ ഒഴിവാക്കില്ലെന്ന് മനസ് ഉറപ്പിച്ചു. നമുക്ക് മറ്റൊരു പടം ചെയ്യാമെന്ന് ദിലീപിനോട് പറഞ്ഞു. ഞെട്ടിയ ദിലീപ് ഡെന്നീസിനെ ഒഴിവാക്കിയാൽ ചെയ്യാമല്ലോ എന്ന മയപ്പെട്ട രീതിയിലേക്ക് എത്തി. ഈ സമയമാണ് കോട്ടയം നസീറിനൊപ്പം മിമിക്രി വേദിയിൽ തകർത്തിരുന്ന ജയസൂര്യയെ ശ്രദ്ധിച്ചത്. പിന്നത്തെ കാര്യങ്ങൾ അറിയാമല്ലോ. ജയസൂര്യയുടെ രംഗപ്രവേശം. തകർത്തഭിനയിച്ചു. പടം ഹിറ്റായി. അന്ന് പത്തിമടക്കിപ്പോയ ദിലീപിന്റെ മനസിൽ ആനപ്പകയുണ്ടായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്ന് വിനയൻ ഓർക്കുന്നു.

കലാഭവൻ മണി ഓടിയ ഓട്ടം
മലയാളത്തിലെ ഒരു മുൻനിര സംവിധായകൻ ചെന്നൈയിലെ ആദിത്യ ഹോട്ടലിലെത്തി. മുറിയിലെത്താൻ ലിഫ്‌ടിൽ കയറി മുകളിലത്തെ നിലയിലെത്തിയപ്പോൾ ഒരാൾ തിരിഞ്ഞ് മിന്നൽവേഗത്തിൽ പായുന്നു. കൂടെയുണ്ടായിരുന്ന റൂംബോയിയോട് ചോദിച്ചപ്പോൾ കലാഭവൻ മണി സാറെന്നായിരുന്നു മറുപടി. സംവിധായകന് സംഗതി പിടികിട്ടി. ദിലീപ്‌വച്ച എട്ടിന്റെ പണിയുടെ പരിണിത ഫലമായിരുന്നു ആ ഓട്ടം.
കലാഭവൻ മണിയുടെ പുതിയ സിനിമ. കൊച്ചിയിൽ നടന്ന സിനിമയുടെ പൂജയ്‌ക്കും സ്വിച്ച്ഓൺ കർമ്മത്തിനും ചെന്നൈയിൽ കണ്ട സംവിധായകനെയാണ് വിളിച്ചത്. ചടങ്ങൊക്കെ ഭംഗിയായി നടന്നു. വിളിച്ചപ്പോഴെ ഈ സംവിധായകൻ പറഞ്ഞിരുന്നു പണി പാളുമേയെന്ന്. എന്നാൽ സാറു തന്നെ പൂജ നടത്തിയാൽ മതിയെന്നായിരുന്നു മണിയുടെ നിലപാട്. രണ്ടു ദിവസത്തിനു ശേഷം പുതിയ പൂജയും സിനിമയുടെ പേരും മാറ്റിയാലേ ഷൂട്ടിംഗ് നടക്കുകയുള്ളുവെന്ന് രണ്ടു പ്രമുഖ സംവിധായകർ മണിയെ അറിയിച്ചു. ഞെട്ടിപ്പോയ മണി ഉടൻ ദിലീപിനെ വിളിച്ചു. പൂജയ്‌ക്ക് ആ സംവിധായകനെ വിളിച്ചത് തെറ്റായിപ്പോയെന്നായിരുന്നു ആദ്യ കമന്റ്. പ്രമുഖർ പറയുന്നത് കേട്ടാൽ മതിയെന്നും നിർദ്ദേശിച്ചു. പിന്നീട് വീണ്ടും പൂജയും സിനിമയുടെ ആദ്യ പേരും മാറ്റി. ആദ്യ പൂജയ്‌ക്ക് എത്തിയ സംവിധായകനെ ഹോട്ടിൽ കണ്ടതോടെയാണ് കലാഭവൻ മണി തിരിഞ്ഞോടിയത്. മണിയെ തിരിച്ചറിഞ്ഞ സംവിധായകൻ മുറിയിലെത്തി ആശ്വസിപ്പിച്ചതോടെയാണ് ആ രംഗത്തിന് തിരശ്ശീല വീണത്.

ദിലീപ് തിരക്കഥയിൽ സംവിധായകന്റെ രാജി
വർഷങ്ങൾക്ക് മുമ്പാണ് സംഭവം. ചാനലിൽ ബ്രേക്കിംഗ് നൂസ്. നാളെ രാവിലെ മാക്‌ടയിൽ നിന്ന് 20 സംവിധായകർ രാജിവയ്‌ക്കും. പാതിരാത്രിയിൽ അക്കാലത്തെ ഹിറ്റ് സംവിധായകന് ദിലീപിന്റെ കോളെത്തി. സാറെ, രാജിവയ്‌ക്കുന്നവരുടെ കൂട്ടത്തിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ ചാനലുകാർ ചോദിക്കുമ്പോൾ അറിയില്ലെന്ന് പറഞ്ഞേക്കല്ല്. ദിലീപിന്റെസ്വഭാവമറിവുന്ന ആ സംവിധായകൻ ഒന്നും മറുത്തുപറഞ്ഞില്ല. പിറ്റേദിവസം ചാനലുകാർ ചോദിച്ചപ്പോൾ രാജിവച്ചുവെന്ന് തത്ത പറയുംപോലെ പറയുകയും ചെയ്‌തു. അതിനാൽ പിന്നിടും സിനിമ ചെയ്യാൻ പറ്റിയെന്നതാണ് വാസ്‌തവം. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.