ചാരമാകുന്ന താരപദവി
July 16, 2017, 12:13 am
കെ.എസ്. സന്ദീപ്
മലയാള സിനിമയിൽ ഇത്രവേഗത്തിൽ അനശ്വര പ്രണയങ്ങൾ തകർക്കാനാവില്ല. ജീവിതത്തിലും സിനിമയിലും അതാണ് കഥ. പ്രണയനിമിഷങ്ങൾ കോർത്തിണക്കി ഒരുപാട് സിനിമകളും പിറന്നു. ചിലത് സൂപ്പർ ഹിറ്റുകളായിരുന്നു. കമിതാക്കളുടെ മനസിൽ ഇപ്പോഴും തത്തിക്കളിക്കുന്നത് എന്നു നിന്റെ മൊയ്‌തീനാണ്. കാഞ്ചനമാലയും മൊയ്‌തീനും പറഞ്ഞ പ്രണയം. എന്നാൽ, ഇവിടെയും വില്ലൻ കഥാപാത്രത്തിന്റെ റോളിലേക്ക് ദിലീപ് കാലെടുത്തുവച്ചു. എല്ലാം ഏറ്റിട്ട് അവസാനം ഞാനൊന്നിമറിഞ്ഞില്ലേയെന്ന് പറഞ്ഞൊരു പിൻമാറൽ. ഒരു പുതുമുഖസംവിധായകന്റെ കഥ കഴിയാൻ ഇതിനപ്പുറമൊന്നും വേണ്ട. എന്നാൽ, ആ വീഴ്ചയിൽ നിന്ന് ഉണർന്നെഴുന്നേറ്റ സംവിധായകനാണ് ആർ.എസ്. വിമൽ. കാര്യങ്ങൾ ചോദിച്ചപ്പോഴേ പറഞ്ഞു വിവാദങ്ങൾക്ക് തിരികൊളുത്താനില്ലെന്ന്. എന്നാലും നടന്നത് പറയാതിരിക്കാനാവില്ലല്ലോ. കേട്ടതെല്ലാം സത്യമാണ്. അനശ്വരപ്രണയം സ്ക്രീനിൽ എത്തിയത് കനൽനിറഞ്ഞ വഴികളിലൂടെയായിരുന്നു. ദിലീപെന്ന നടന്റെ കുടിലബുദ്ധിയും സമർത്ഥമായ നീക്കങ്ങളും വിമൽ നേരിട്ടനുഭവിച്ചെന്ന് വ്യക്തം.

'എന്നു നിന്റെ മൊയ്‌തീൻ' എന്ന ചിത്രം ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനായിരുന്നു വിമലിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി 2007ൽ സംവിധാനം ചെയ്ത 'ജലം കൊണ്ട് മുറിവേറ്റവൾ' എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കണ്ടു. കാഞ്ചനമാലയായി കാവ്യയെ അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. കൊച്ചിയിലെ കാവ്യയുടെ വീട്ടിൽ പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാറിനൊപ്പമാണ് വിമലെത്തിയത്. ഡോക്യുമെന്ററി കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകണമെന്ന് താത്പര്യവും പ്രകടിപ്പിച്ചു. ഡോക്യുമെന്ററിയുടെ ഒരു കോപ്പി ദിലീപിനെ കാണിക്കാനായി വാങ്ങുകയും ചെയ്‌തു. എല്ലാം ഞൊടിയിടയിലായിരുന്നു. അന്ന് വൈകിട്ട് വിമിലിനെ ദിലീപ് വിളിച്ചു. സിനിമ ചെയ്യാനുള്ള താത്പര്യം തുറന്നു പറഞ്ഞു. പിന്നീട് നിരന്തരം ചർച്ചകൾ നടന്നു. 2010ൽ മലർവാടി ആർട്‌സ് ക്ലബ്ബിന്റെ പൂജയ്‌ക്ക് ദിലീപിനെ വിമൽ നേരിട്ടു കണ്ടു. അപ്പോഴും പോസിറ്റീവ് ചർച്ചകളാണ് അരങ്ങേറിയത്. എന്നാൽ, പിന്നീട് ദിലീപ് ചിത്രത്തിൽ നിന്ന് പിന്മാറി. പുതിയ സംവിധായകന്റെ സിനിമ ചെയ്‌തപ്പോൾ എട്ടുനിലയിൽ പൊട്ടിയതാണ് ദിലീപിനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചത്. അതിനാൽ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാൻ താത്പര്യമില്ലെന്ന് വിമിലിനോട് ദിലീപ് തുറന്നടിച്ചു.

പിന്നീട് കാവ്യാമാധവൻ പൊട്ടിത്തെറിച്ച് വിളിക്കുമ്പോഴാണ് കഥയുടെ ട്വിസ്‌റ്റ് വിമലിന് മനസിലായത്. നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യയുടെ ചോദ്യം. ദിലീപ് കാവ്യയോടും കള്ളം പറയുകയായിരുന്നു. സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് വിമലിനെ അറിയിച്ച ദിലീപ് കാവ്യയോട് നായകനാക്കാൻ അയാൾ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ് വെളിപ്പെടുത്തിയത്. പിന്നീട് പൃഥ്വിരാജിനെയും പാർവ്വതിയെയും പ്രധാന കാഥാപത്രങ്ങളാക്കി ചിത്രം പൂർത്തിയായി. എന്നാൽ സൂപ്പർഹിറ്റാകുമെന്ന് ദിലീപ് ഒരിക്കലും പ്രതീക്ഷിച്ചില്ല. പിന്നീട് കൈവിട്ടുപോയ കളം തിരിച്ചുപിടിക്കാനുള്ള തന്ത്രമായിരുന്നു. ബി.പി മൊയ്തീൻ സേവാമന്ദിറിന് 30 ലക്ഷം നൽകി ദിലീപ് ജനപ്രിയനായി മാറി. വിമലും പൃഥ്വിരാജും പഴികേട്ടു. കാഞ്ചനമാലയെ സന്ദർശിച്ചതിന്റെ പിറ്റേദിവസം ദിലീപ് വീണ്ടും വിമലിനെ വിളിച്ചു. കാഞ്ചനമാല 'എന്ന് നിന്റെ മൊയ്തീനെ'തിരെ കൊടുത്ത കേസ് കോടതിയിൽ നടക്കുന്നതിനാലാണ് സേവാമന്ദിർ നിർമ്മാണത്തിൽ നിന്ന് തത്കാലത്തേക്ക് പിന്മാറിയതെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് കാഞ്ചനമാലക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നതായും വിമൽ വ്യക്തമാക്കി. കേസിൽ മദ്ധ്യസ്ഥത വഹിക്കാമെന്നായിരുന്നു ദിലീപിന്റെ മറുപടി. അത് ഒരുതരം പകവീട്ടലിന്റെ ശബ്ദമായിരുന്നുവെന്ന് വിമൽ ഓർക്കുന്നു. മദ്ധ്യസ്ഥത വേണ്ടെന്ന് ഉടനടി മറുപടി നൽകിയതായും വിമൽ വ്യക്തമാക്കി.

 പണി പാളുമാേ
ജയിലിന് പുറത്തിറങ്ങുന്ന ദിലീപിനെയാണ് പലർക്കും ഭയം. മുൻനിര താരങ്ങൾക്കും സിനിമാപ്രവർത്തകർക്കുമാണ് ഈ പേടി. സിനിമാമേഘലയെ മൊത്തത്തിൽ നിയന്ത്രിച്ചിരുന്ന ദിലീപിന്റെ കാൽച്ചുവട്ടിലായിരുന്നു ഇവർ. താര രാജാക്കൻമാർക്ക് സിംഹാസനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടാരം ഭരിച്ചിരുന്നത് ദിലീപാണെന്ന് വ്യക്തം. അതിനാലാണ് ഒളിഞ്ഞും തെളിഞ്ഞും പലരും ഇപ്പോഴും ദിലീപിനെ അനുകൂലിക്കുന്നത്. തുടക്കത്തിൽ കടന്നാക്രമിച്ചവർ ഇപ്പോൾ ഭാഷ മയപ്പെടുത്തി. ദിലീപിനായി സമൂഹമാധ്യമങ്ങളിൽ ക്വട്ടേഷൻ ചാകരയാണ്. അനുകൂലമായ പഴയകാല സംഭവങ്ങൾ തെരഞ്ഞുപിടിച്ച് ദിലീപിനായി പോസ്‌റ്റുകയാണ്. വർഷങ്ങൾക്കു മുമ്പേ ദിലീപിനെ ഇന്റർവ്യൂകളിൽ പുകഴ്ത്തിയവരുടെ വീഡിയോയാണ് പ്രധാന ആയുധം. ഓരോ ദിവസവും തട്ടുപൊളിപ്പൻ കഥകളുമായി ഓൺലൈൻ മാധ്യമങ്ങൾ ദിലീപിനായി പിറക്കുന്നു. ഇതു വായിക്കുന്നവരും കാണുന്നവരും സഹതാപത്തോടെ ദിലീപിനെ കാണുമെന്ന തന്ത്രം വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതും ഒരു ക്വട്ടേഷനാണെന്ന് വ്യക്തം. ദിവസങ്ങൾക്ക് മുമ്പ് ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നിടത്തും കോടതിയിലും കൂവലായിരുന്നു കൂട്ട്. എന്നാൽ, കഴിഞ്ഞദിവസം മുതൽ കൂവലുകാരെ കൈയടിക്കാർ മറികടന്നു. ദിലീപിന്റെ കുടിലബുദ്ധിയിൽ തെളിഞ്ഞിരുന്ന കാര്യങ്ങൾ കൂടെയുള്ള സംഘത്തിന് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നാണ് തെളിയുന്നത്.

മുൻനിര നടൻമാർക്ക് ദിലീപുമായി ബിസിനസ് ബന്ധങ്ങളോ ഒഴിവാക്കാൻ പറ്റാത്ത ഘടകങ്ങളോ നിലനിൽക്കുന്നുണ്ട്. ചിലരുടെ ദൗർബല്യങ്ങളും ദിലീപിന് വ്യക്തമായി അറിയാം. വീണ്ടും ശക്തനായി തിരിച്ചെത്തിയാൽ ഒരു ദാക്ഷിണ്യവുമില്ലാത്ത തിരിച്ചടിക്കാൻ കഴിയുന്ന മനസാണ് ദിലീപിന്റേതെന്ന് സഹപ്രവർത്തകർക്ക് തിരിച്ചറിവുണ്ട്. ചില പ്രമുഖർ പ്രതികരിക്കാത്തതിനു പിന്നിലെ കാര്യവുമതാണ്. സംഘടനകൾ ദിലീപിനെ കൈവിട്ടെങ്കിലും പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടിൽ മാത്രമാണ്. മലയാള സിനിമയെ ഉള്ളംകൈയിലിട്ട് അമ്മാനമാടിയിരുന്ന ദിലീപ് തിരിച്ചുവരുമോ?. കൂവലുകൾ കൈയടികളാക്കാനുള്ള തന്ത്രം ദിലീപിനറിയാം. ഒരിടവേള. കാത്തിരുന്ന് കാണാം. രണ്ടാംഭാഗത്തിനായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.