വീണ്ടും അഴിക്കുള്ളിൽ
July 16, 2017, 1:32 am
ജാമ്യമില്ല, ദിലീപ് ജൂലായ് 25 വരെ റിമാൻഡിൽ
 ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

അങ്കമാലി : യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ ജൂലായ് 25 വരെ റിമാൻഡ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഉച്ചയോടെ പ്രോസിക്യൂഷൻ കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ മുദ്രവച്ച കവറിൽ സമർപ്പിച്ചു. ഫോണിനായി അദ്ദേഹത്തിന്റെ വസതിയിലടക്കം റെയ്ഡ് നടത്തി വരികയാണെന്നും, പൊലീസിന് ഫോൺ ലഭിച്ചാൽ കൃത്രിമം കാട്ടി തെളിവുണ്ടാക്കുമെന്ന ആശങ്കയുള്ളതിനാലാണ് കോടതിയിൽ സമർപ്പിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
ഫോണിന്റെ പേര്, നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഐ.എം.ഇ നമ്പർ തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്ന പട്ടികയ്ക്കൊപ്പമേ ഫോൺ സ്വീകരിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. തുടർന്ന് അഭിഭാഷകനും സംഘവും ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി നൽകി.
ദിലീപിന് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കേസിൽ ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ വ്യക്തമാക്കി. നേരത്തേ സൗമ്യ വധക്കേസിന്റെ വിചാരണയിലും സുരേശൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. ഈ വാദം ശരിവച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. തിങ്കളാഴ്ച തന്നെ പരിഗണിക്കാൻ കഴിയുന്ന തരത്തിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.

 ഫോൺ തുറക്കാൻ
തിരികെ വന്നു
കോടതി നടപടികൾ പൂർത്തിയാക്കി വൈകിട്ട് 4.45 ന് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയെങ്കിലും 15 മിനിട്ടിനുള്ളിൽ തിരിച്ചു വരേണ്ടി വന്നു. ദിലീപിന്റെ മൊബൈൽ ഫോണുകൾ വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്തതാണെന്നും ഫോണിന്റെ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ ലോക്ക് മാറ്റേണ്ടതുണ്ടെന്നും പ്രതിഭാഗം അറിയിച്ചതിനെത്തുടർന്ന് കോടതിയാണ് ദിലീപിനെ തിരികെ കൊണ്ടുവരാൻ നിർദേശിച്ചത്. തിരിച്ചെത്തി ഫോണുകൾ ലോക്ക് മാറ്റി നൽകിയശേഷം 5.15 ഓടെ ദിലീപിനെ സബ് ജയിലിലേക്ക് കൊണ്ടുപോയി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ