ക്രൂരനായ വേട്ടക്കാരൻ
July 13, 2017, 12:10 am
കെ.എസ്. സന്ദീപ്
എല്ലാം മണത്തറിയും. ഓരോ ചലനങ്ങളും സാകൂതം വീക്ഷിക്കും. ലക്ഷ്യമിട്ടത് കൈപിടിയിലൊതുക്കാമെന്ന പ്രതീക്ഷ ജനിക്കുമ്പോൾ നീക്കങ്ങൾ ചടുലമാകും. പിന്നീട് ഇരയുടെ മേൽ ചാടിവീഴുന്ന ക്രൂരനായ വേട്ടക്കാരനായിരിക്കും ദിലീപെന്ന് അനുഭവസ്ഥർ പറയുന്നു. ചിലർക്ക് സഹായങ്ങൾ വാരിക്കോരി നൽകിയത് ഒരിക്കലും വിസ്‌മരിക്കുന്നില്ല. എന്നാൽ, ജയിലഴിക്കുള്ളിലായതോടെ ചതിയുടെ എപ്പിസോഡാണ് മുന്നേറുന്നത്.

 മോഹൽലാലും മമ്മൂട്ടിയും താരരാജാക്കൻമാരായിരിക്കും. എന്നാൽ, സിനിമയ്‌ക്കുള്ളിലെ മഹാരാജാവായിരുന്നു ദിലീപ്. സ്‌നേഹവും അവസരവും നൽകി പലരെയും കൂടെക്കൂട്ടും. തനിക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ സിനിമയിൽ നിന്ന് കട്ടായിരിക്കും ഫലം.

അടുത്തകാലത്ത് ദിലീപിന്റെ നായികയായ ഒരു നടിയുടെ കാര്യം ചിന്തിച്ചാൽ മതി. ഒരു സിനിമയുമില്ലാതെ ഇപ്പോൾ വീട്ടിൽ കുത്തിയിരിപ്പാണ്. സിനിമ പൊട്ടിപോയെങ്കിലും വിദേശ ഷോയ്‌ക്ക് അവസരം നൽകാമെന്നായിരുന്നു നടന്റെ ഓഫർ. ഇതിന് വിമുഖത കാണിച്ചതോടെ നായികാപട്ടത്തു നിന്ന് മാഞ്ഞു. പിന്നെ ഒരു സിനിമയിലും അവസരം കിട്ടിയതുമില്ല. ഇഷ്ടപെട്ടവരെ മാത്രം നായികയാക്കുന്ന തന്ത്രമാണ് ദിലീപ് പരീക്ഷിച്ചിരുന്നത്. ഇക്കാര്യത്തിൽ സംവിധായകനും നിർമ്മാതാവിനും ഒരു റോളും ഇല്ല. മറുത്തുപറഞ്ഞാൽ സംവിധായകനും നിർമ്മാതാവും കളത്തിന് പുറത്തായിരിക്കും.

സൈമൺ നവോദയ. ഓണത്തിന് ചിരിപൂരം ഒരുക്കിയ ഹിറ്റ് പാരഡി 'ഓണത്തിനിടെ പൂട്ട് കച്ചവടം' ഒരു തവണയെങ്കിലും കേട്ടവരുടെ മനസിൽ നിന്ന് സൈമണിന്റെ പേര് മായില്ല. ഇതിന്റെ ആശയവും നിർമ്മാണവും എഴുത്തുമെല്ലാം ഈ കൊച്ചിക്കാരനായിരുന്നു. സൈമണിന്റെ ഭാഷയിൽ പറയാനാവില്ല. മയപ്പെടുത്തി പറഞ്ഞാൽ ദിലീപും നാദിർഷയും ഒരു സുപ്രഭാതത്തിൽ ചതിയൻമാരുടെ തോലണിഞ്ഞപ്പോൾ ദേ.... മാവേലി കൊമ്പത്ത് പിറന്നു. ഇന്ന് സൈമൺ എട്ടുനിലയിൽ പൊട്ടി വട്ടപൂജ്യമായി. എറണാകുളം ബ്രോഡ്‌വേയിൽ ഒരു കട നടത്തി ജീവിക്കുകയാണ് പാരഡിമന്നൻ.

ഇന്നസെന്റിന്റെയും ജഗതിശ്രീകുമാറിന്റെ ശബ്ദം കാസറ്റിൽ അനുകരിച്ചിരുന്നത് ദിലീപാണ്. പാരഡി നാദിർഷയും. ഈ സംഘത്തിൽ അബിയുമുണ്ടായിരുന്നു. 1990 മുതൽ 93 വരെ ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഓണത്തിനിടെ പൂട്ടു കച്ചവടം അരങ്ങേറിയത്. കാസറ്റ് ഹിറ്റായതോടെ എല്ലാ ഓണത്തിനും മലയാളികൾ കാത്തിരിക്കാൻ തുടങ്ങി. 1994 ൽകാസറ്റിന്റെ അവസാനഘട്ട തയ്യാറെടുപ്പുകൾ സ്‌റ്റുഡിയോയിൽ നടക്കുന്നു. പുറത്തിറക്കാനുള്ള പരസ്യങ്ങളും നൽകി. എന്നാൽ, പള്ളയ്‌ക്ക് അടിച്ച് കാസറ്റ് ദിലീപും നാദിർഷയും അടിച്ചുമാറ്റിയെന്ന് സൈമൺ പറഞ്ഞു. ദിവസങ്ങൾക്കകം ദേ.... മാവേലി കൊമ്പത്ത് പുറത്തിറങ്ങി. പിന്നീട് ചിറ്റൂർ ഗോപിയുടെ സഹോദരി പുത്രൻ ദിലീഷ് ശങ്കർ, ജോസ് പന്തളം എന്നിവരെ എത്തിച്ച് കാസറ്റ് ഇറക്കാനായിരുന്നു സൈമണിന്റെ പദ്ധതി. ഇത് മനസിലാക്കിയ ദിലീപും ഇരുവരെയും ഭീഷണിപ്പെടുത്തി ഓടിച്ചെന്നാണ് കഥ. സിനിമയിലെത്തുന്നതിന് മുമ്പേ മിമിക്രിയുടെ തട്ടകങ്ങളിൽ പാരയും കുതികാൽവെട്ടും പയറ്റിതെളിഞ്ഞിരുന്നു അന്നത്തെ ഗോപാലകൃഷ്‌ണൻ.

പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു ലിബർട്ടി ബഷീർ
ചിരിതൂകുന്ന ക്രൂരനായ തമാശക്കാരനാണ് ദിലീപ്. നന്ദി ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. പണത്തോടുള്ള ആർത്തിയിൽ എന്തും ചെയ്യാൻ മ‌ടിക്കില്ല. എന്നാേട് എന്തിന് പക തോന്നിയെന്ന് അറിയില്ല. അവനെ സ്‌നേഹിക്കുകയും കൈപ്പിടിച്ചുയർത്തുകയുമാണ് ചെയ്‌തത്. എന്നിട്ടു പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു. മൂന്നു കാര്യങ്ങളാണ് എന്റെ മനസിലേക്ക് ഇപ്പോൾ കടന്നുവരുന്നത്.

സിനിമാ വിതരണക്കാരനായ ദിനേശ് പണിക്കരെ ജയിലിലടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ദിലീപിനെ നിർമ്മാതാക്കളുടെ സംഘടന രണ്ടു വർഷത്തേക്ക് വിലക്കി. ഈ സമയം ദിലീപിനായി 'പട്ടണത്തിൽ സുന്ദരൻ' എന്ന ചിത്രം ചെയ്യാൻ താൻ തയ്യാറായി. 2004 ലാണ് സംഭവം. 28 ലക്ഷം രൂപ ദിലീപിന് പ്രതിഫലമായി നൽകാമെന്നും ഏറ്റു. പിന്നീട് സിനിമ ചെയ്യാതെ ദിലീപ് എന്നെ വട്ടംചുറ്റിച്ചു. എങ്ങനെയോ സിനിമ പൂർത്തിയാക്കിയപ്പോൾ 60 ലക്ഷം രൂപ വേണമെന്നായി. അല്ലെങ്കിൽ ഡബ്ബിംഗിന് എത്തില്ലെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ എന്നിൽ നിന്ന് 60 ലക്ഷവും പിടിച്ചുവാങ്ങിയെന്ന് പറയാം. ദിലീപിനായി ഒരു സഹായം ചെയ്യാൻ പോയപ്പോൾ എനിക്കിട്ട് എട്ടിന്റെ പണി തന്നു.

 ദിലീപ് അടുത്തകാലത്തൊന്നുമല്ല കാവ്യയെ മീശ പിരിച്ചു കാണിച്ചത്.
മീശമാധവൻ സിനിമയുടെ 125 ാം ദിവസം ആഘോഷിക്കുന്ന ചടങ്ങ് എറണാകുളം ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുകയാണ്. ഏകദേശം രാത്രി 12 മണിയായി കാണും. ഒരു മുറിക്ക് മുന്നിലൂടെ നടന്നുനീങ്ങുമ്പോൾ ദിലീപിന്റെ മുൻ ഭാര്യയിരുന്ന് കരയുന്നു. എന്താ കുട്ടിയെന്ന് ചോദിച്ചു. ഒരു മണിക്കൂറായി ചേട്ടൻ പോയിട്ട്, കാണുന്നില്ലെന്നായിരുന്നു മറുപടി. കിടക്കയിൽ മകളുമുണ്ടായിരുന്നു. ഹോട്ടലിന് പുറത്തേക്കിറങ്ങാൻ പോയപ്പോൾ ബാത്ത്റൂമിന്റെ വശത്ത് നിന്ന് ദിലീപും കാവ്യയും സംസാരിക്കുന്നു. അവരെ വീട്ടിൽ കൊണ്ടുവിട്ടിട്ടു പോരേ ഇതെന്ന് താൻ ചോദിച്ചു. എന്നിട്ട് നേരം പുലരുവോളം സംസാരിക്കാനും പറഞ്ഞു. ഇരുവരും മിണ്ടാതെ നിൽക്കുന്ന രംഗം ഇന്നും എന്റെ മനസിലുണ്ട്.

സംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കായി മന്ത്രി എ.കെ. ബാലന്റെ മുന്നിലിരിക്കുന്ന സമയം. തിയേറ്റർ ഉടമകൾക്ക് ഒരു വർഷം നാലര കോടിയോളം രൂപ ലാഭം ലഭിക്കുന്നുണ്ടെന്ന് ദിലീപിന്റെ വെളിപ്പെടുത്തൽ. കള്ളപ്പണം ലഭിക്കുന്നവർക്കായിരിക്കുമെന്ന് താൻ തിരിച്ചടിച്ചു. അതോടെ എന്റെ സംഘടനയെ പൊളിക്കാൻ ദിലീപ് കച്ചകെട്ടിയിറങ്ങി. മുൻ സംഭവങ്ങളും മനസിലുണ്ടാകും. ഒരു രൂപ കൈവിട്ടുകളിക്കാത്ത ദിലീപ് പൾസർ സുനിയേയും ചതിച്ചു. സുനി നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാമെന്നായിരുന്നു വാഗ്‌ദാനം. ഇത് നീട്ടി നീട്ടി കൊണ്ടുപോയി അവനെയും പറ്റിക്കുമായിരുന്നു. ഇത്രയും നാൾ സഹപ്രവർത്തകരെ പറ്റിക്കുകയും തൊഴിച്ചെറിയുകയും ചെയ്‌തതിന്റെ പരിണിതഫലമാണ് ഇന്നനുഭവിക്കുന്നത്. ദിലീപിന്റെ കരാളഹസ്‌തത്തിൽ നിന്ന് ഇനിയെങ്കിലും മലയാള സിനിമയ്‌ക്ക് മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. (തുടരും)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.