സുന്ദരനാണോ കട്ട് പറയും
July 14, 2017, 12:07 am
കെ.എസ്. സന്ദീപ്
'മീനത്തിൽ താലിക്കെട്ട്' എന്ന സിനിമയുടെ ലൊക്കേഷൻ. വാനോളം പ്രതീക്ഷകളുമായാണ് ഒരു താരം മേയ്‌ക്കപ്പ്മാന്റെ മുമ്പിലിരുന്നത്. തലനിറഞ്ഞു നിന്ന മുടിയൊക്കെ ഒതുക്കി ചിരിതൂകി നിൽക്കുന്നതിനിടെ വെള്ളിടി പോലെ വാർത്തയെത്തി. ദിലീപ് ആ താരത്തെ സിനിമയ്‌ക്ക് പുറത്തേക്ക് തൂക്കിയെറിഞ്ഞു. കാരണം നിസാരം. ദിലീപിനേക്കാൾ സുന്ദരനായിരുന്നു താരം. പൊക്കം കൂടുതലും. നല്ല വെളുത്തനിറം. തന്റെ ഒപ്പം അഭിനയിക്കുമ്പോൾ ഇമേജിന് കോട്ടം തട്ടുമോയെന്നായിരുന്നു ഭയം. സംവിധായകനായിരുന്ന രാജൻ ശങ്കരാടി ദിലീപിന്റെ പിന്നാലെ നടന്ന് കാലുപിടിച്ചെങ്കിലും തീരുമാനം മാറ്റാൻ തയ്യാറായില്ല. പകരം ആരേ വേണമെന്നുകൂടി നിർദ്ദേശിച്ചു. ആ ലൊക്കേഷനിൽ നിന്ന് കരഞ്ഞിറങ്ങിയ നടൻ കഴിഞ്ഞ ദിവസം ഇക്കാര്യം ഒരു സംവിധായകനോട് വെളിപ്പെടുത്തിയപ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞു. തനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ തേ‌ടിയെത്തുമായിരുന്ന ആ റോൾ തട്ടിത്തെറിപ്പിച്ചതിന്റെ സങ്കടമായിരുന്നു മനസു നിറയെ. ദിലീപിനൊപ്പം കലാഭവനിൽ മിമിക്രി കളിച്ചു നടന്ന താരമാണ് ഗതികേ‌ടുകാരനെന്നുകൂടി ഓർക്കണം. മിമിക്രി വേദിയിലെ മിന്നുംതാരമായിരുന്ന നടനെ ഇപ്പോൾ സിനിമയിൽ കാണാറില്ല.

ആലുവ നീറിേകാട് സ്വദേശിയും കരാറുകാരനുമായ ഫിലിപ്പ് മേലേത്തിന്റെ മനസിൽ ദിലീപ് സൂത്രക്കാരനായ തട്ടിപ്പുകാരനാണ്. എല്ലാം പറഞ്ഞുറപ്പിച്ച് ഇടപെടും. കാര്യം സാധിച്ചുകഴിഞ്ഞാൽ തന്ത്രത്തിൽ ആളെ പറഞ്ഞയക്കും. പിന്നാലെ നടന്നാൽ ചെരുപ്പു തേയുകയായിരിക്കും ഫലം.

2000 ത്തിലാണ് സംഭവം. ആ​ലുവ പ​റ​വൂർ ക​വ​ല​യി​ലെ ദിലീപിന്റെ വീ​ടി​ന്റെ പു​നർ​നിർ​മ്മാ​ണം ഏ​റ്റെ​ടു​ത്ത ഫിലിപ്പിന് ന​ഷ്ട​മാ​യ​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ന​ട​നായ എൻ.​എ​ഫ്. വർ​ഗീ​സാ​ണ് ദി​ലീ​പി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഇരു​പ​ത് ല​ക്ഷം രൂ​പ​യു​ടെ നിർമ്മാണപ്രവർത്തനങ്ങൾ ന​ട​ത്തി​യെ​ങ്കി​ലും പ​ല​പ്പോ​ഴാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് നൽ​കി​യ​തെ​ന്ന് ഫി​ലി​പ്പ് പ​റ​യു​ന്നു. വീ​ടി​ന്റെ ചോർ​ച്ച ശ​രി​യാ​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാന ജോ​ലി. വീ​ടി​നോ​ട് ചേർ​ന്ന് പു​തിയ മു​റി​കൾ നിർ​മ്മി​ച്ചു. ഇ​ന്റീ​രി​യർ ജോ​ലി​ക​ളും പൂർത്തിയാക്കി. നിർ​മ്മാ​ണ​ത്തി​ന്റെ പല ഘ​ട്ട​ങ്ങ​ളി​ലും പ​ണം ആ​വ​ശ്യ​പ്പെട്ടെങ്കിലും ദി​ലീ​പ് കു​റ​ഞ്ഞ തു​ക​ക​ളാ​ണ് നൽ​കി​യത്. പ​ണം ആ​വ​ശ്യ​പ്പെ​ടു​മ്പോൾ ഷൂ​ട്ടിംഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് എത്താൻ നിർദ്ദേശിക്കും. പ​ണ​ത്തി​നാ​യി തി​ള​ക്കം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്ന പൊ​ള്ളാ​ച്ചി വ​രെ പോ​യെങ്കിലും പണം ലഭിച്ചില്ല. കു​റേ ത​വണ പണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ദിലീപ് പറ്റിച്ചെന്നാണ് ഫിലിപ്പ് പറയുന്നത്. അ​വ​സാ​നം പ​ണ​ത്തി​നാ​യു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചു. ഇപ്പോൾ ഒരു പരാതി നൽകിയാലോയെന്ന ആലോചനയിലാണ് ഈ കരാറുകാരൻ.

 നായകനെ പൊക്കാനെത്തുന്ന പൊലീസുകാരൻ എപ്പോഴും ഇടികൊണ്ടോടിയിട്ടേയുള്ളു. എന്നാൽ, സിനിമയ്‌ക്ക് പുറത്ത് ദിലീപിനെ നേരിട്ട് പൂട്ടിയ സി.ഐ. ബൈജു പൗലോസാണ് ഇപ്പോൾ പ്രേക്ഷകർക്കു മുമ്പിലെ നായകൻ. ഇടിയുമില്ല. അട്ടഹാസവുമില്ല. പതുങ്ങിനീങ്ങുന്ന ബൈജുവിന്റെ കൈയിൽ നിറയേ തെളിവുകളായിരുന്നു. ബൈജു എടുത്തുവീശീയ തുറുപ്പുചീട്ടുകൾ വിശകലനം ചെയ്‌താണ് മേലുദ്യോഗസ്ഥർ ദിലീപിനെ കുടഞ്ഞ് വീഴ്ത്തിയത്. ആരു മറിയാതെ നടത്തിയ നീക്കങ്ങൾക്കൊടുവിൽ ദിലീപിനെ വീഴ്ത്താൻ ഉതകുന്ന തെളിവുകൾ മുഴുവൻ ബൈജു പൗലോസ് മാസങ്ങൾക്ക് മുമ്പേ ശേഖരിച്ചിരുന്നു. അന്ന് ആലുവ പൊലീസ് ക്‌ളബിൽ 13 മണിക്കൂർ വെറുമൊരു ചോദ്യം ചെയ്യലായിരുന്നില്ല. കിട്ടിയ തെളിവുകൾ നിരത്തി ഒന്നൊന്നായി ചോദിച്ചപ്പോൾ ദിലീപ്, നാദിർഷ, അപ്പുണ്ണി എന്നിവർക്ക് പരസ്‌പരവിരുദ്ധമായ മറുപടി നൽകേണ്ടിവന്നു. ഇവരെ വിട്ടയച്ചതിന് പിന്നാലെ കേസ് അട്ടിമറിച്ചെന്ന വാർത്തകളാണ് പുറത്തുവന്നത്. എന്നാൽ, ആക്‌ഷൻ രംഗങ്ങളില്ലാതെ മൊഴിയിലെ വൈരുദ്ധ്യങ്ങളിൽ നിന്ന് ലഭിച്ച വഴിയിലൂടെ സഞ്ചരിച്ച് കൂടുതൽ തെളിവുകൾ തേടുകയായിരുന്നു ബൈജു പൗലാേസ്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലുവ ഡിവൈ.എസ്.പി കെ.ജി. ബാബുകുമാർ കൊച്ചി റിഫൈനറിയിൽ സെക്യൂരിട്ടി ഓഫീസറായി പോയതോടെയാണ് പെരുമ്പാവൂർ സി.ഐയായ ബൈജുവിന് നറുക്കുവീണത്. സംസ്ഥാന രഹസ്യാന്വേഷണവിഭാഗം എറണാകുളം റേഞ്ച് സി.ഐയായിരുന്നപ്പോൾ ജിഷാ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂർ സി.ഐയാക്കിയത്. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിയോഗിച്ച പുതിയ അന്വേഷണസംഘത്തിന്റെ ബുദ്ധികേന്ദ്രവും ബൈജുവായിരുന്നു.

 കൊതുകുതിരിയുമായി ബിനാമി
ജയിലിൽ കൊതുകുകടിച്ച് ഞെരിപിരി കൊണ്ടതോടെ ദിലീപിന് കൊതുകു തിരിയുമായി സുഹൃത്തായ ബിനാമി ഹാജർ. ആലുവയിൽ പണ്ട് ചെറിയ ഹോട്ടൽ നടത്തിയായിരുന്നു ബിനാമിയുടെ ജീവിതം. ദിലീപിന്റെ കൂടെ കൂടിയതോടെ ആഢംബരവാഹനങ്ങളും ദേശീയപാതയിൽ ഹോട്ടലുകളും കൈയടക്കി. ദിലീപിന്റെ റിയൽ എസ്‌റ്റേറ്റ് ബിസിനസുകൾക്ക് ചുക്കാൻ പിടിക്കുന്നത് ഇയാളാണ്. കണ്ണായ സ്ഥലങ്ങൾ കണ്ടെത്തുകയും വിലയുൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കിയ ശേഷം ദിലീപിനെ അറിയിക്കുന്നതുമാണ് രീതി.

പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്‌റ്റിലേക്ക് എത്തിയതോടെ ദിലീപ് ആദ്യം വിളിച്ചത് ഈ ബിനാമിയേയാണ്. ദിലീപ് പറഞ്ഞതനുസരിച്ച് എറണാകുളത്തെത്തി അഭിഭാഷകനുമായി കൂടികാഴ്ച നടത്തി. ദിലീപിനുവേണ്ടി അന്നും ഇന്നും എല്ലാം ചെയ്യുന്നത് ഈ ബിനാമി സുഹൃത്തു തന്നെ.

 ആനപ്പക സൂക്ഷിക്കുന്നവർ കലാകാരനല്ല വിനയൻ സംവിധായകൻ
വർഷങ്ങളായി മലയാള സിനിമയിൽ അരങ്ങേറിയിരുന്ന താരാധിപത്യത്തിന്റെ പരിണിതഫലമാണ് ദിലീപിന്റെ അറസ്‌റ്റ്. താരരാജാക്കൻമാർ സിംഹാസനം പിടിച്ചുനിറുത്താനായി ശ്രമിച്ചപ്പോൾ പിൻഗാമിയായി എത്തിയ ദിലീപ് കുടിലതന്ത്രങ്ങളിലൂടെ സിനിമാമേഖലയെ മൊത്തത്തിൽ കൈയടക്കാനാണ് ശ്രമിച്ചത്. ഇതിനായി എന്തും ചെയ്യുന്ന വിധത്തിലേക്ക് മനസ് പാകമാക്കി. ആനപ്പക മനസിൽ സൂക്ഷിക്കുന്ന ഒരാളേ എനിക്ക് കലാകാരനെന്ന് വിശേഷിപ്പിക്കാനാവില്ല. ദിലീപിന്റെ അറസ്‌റ്റോടെ മോശപ്പെട്ട പ്രവണതകൾ തിരുത്താനുള്ള സന്ദേശവും അവസരവുമാണ് കൈവന്നിരിക്കുന്നത്. അതിനായി മുന്നിട്ടിറങ്ങാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.