പാഴായി പോവുകയാണോ പാലിയം വിളംബരം ?
September 13, 2017, 12:05 am
ടി.കെ.സുനിൽകുമാർ
ക്ഷേത്രപ്രവേശന വിളംബരം പോലെ തന്നെ സുപ്രധാനമാകേണ്ടതായിരുന്നു മുപ്പതുവർഷം മുമ്പുണ്ടായ പാലിയം വിളംബരവും. ആദ്യത്തേത് അവർണന്റെ ക്ഷേത്രപ്രവേശനമാണ് സാധ്യമാക്കിയതെങ്കിൽ സകലഹിന്ദുക്കളുടെയും ശ്രീകോവിൽ പ്രവേശനത്തിന് ഉതകുന്നതായിരുന്നു പാലിയം വിളംബരം. ബ്രാഹ്മണ്യം ജന്മം കൊണ്ടല്ലെന്നും കർമം കൊണ്ടാണെന്നും യോഗ്യത നേടിയ ഏതൊരാൾക്കും ക്ഷേത്രപൗരോഹിത്യം ഉൾപ്പടെ എല്ലാ പൗരോഹിത്യത്തിനും അർഹതയുണ്ടെന്നും പാലിയത്തു ചേർന്ന പണ്ഡിത സദസ് വിളംബരം ചെയ്തു.
യാഥാസ്ഥിതികരെന്നു കരുതപ്പെടുന്ന അന്നത്തെ പ്രമുഖ ബ്രാഹ്മണ താന്ത്രിക പണ്ഡിത ശ്രേഷ്ഠർ ചേന്ദമംഗലത്തെ പാലിയം കൊട്ടാരത്തിൽ സംഗമിച്ചാണ് ഈ വിളംബരം നടത്തിയെന്നതാണ് അതിന്റെ സവിശേഷത. അന്നത്തെ സാഹചര്യങ്ങളിൽ ലാഘവത്തോടെ ചിന്തിക്കാൻ പറ്റാത്ത ഈ ദൗത്യത്തിന്റെ സൂത്രധാരൻ സംസ്ഥാനത്തെ ആദ്യകാല ആർ.എസ്.എസ്. പ്രചാരകനും താന്ത്രിക ആചാര്യനുമായ പി.മാധവനെന്ന മാധവ്ജിയായിരുന്നു. വിളംബരത്തിൽ ഒപ്പുവെച്ചതാകട്ടെ ഈ രംഗത്തെ കുലപതികളായ ചെറുമുക്ക് വല്ലഭൻ സോമയാജിപ്പാട്, ദാമോദരൻ നമ്പൂതിരി, കൈമുക്ക് ജാതവേദൻ നമ്പൂതിരി, തന്ത്രി പുല്ലാംവഴി ദേവനാരായണൻ നമ്പൂതിരി, സൂര്യകാലടി ഭട്ടതിരിപ്പാട്, പറവൂർ ശ്രീധരൻ തന്ത്രി തുടങ്ങിയവരും.
പാലിയം വിളംബരം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടായിട്ടും കേരളത്തിലെ ഒരു പ്രമുഖക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പോലും അബ്രാഹ്മണ പൂജാരിക്ക് കയറാനായിട്ടില്ല. 2002ൽ സുപ്രീംകോടതി വിധി വേണ്ടി വന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അബ്രാഹ്മണനായ രാകേഷിന് പൂജാരിയായി നിയമനം ലഭിക്കാൻ. ബോർഡിൽ പിന്നീട് ഇരുന്നൂറോളം അബ്രാഹ്മണ ശാന്തിക്കാരുണ്ടായെങ്കിലും അവർ നേരിടുന്ന വിവേചനങ്ങളും അവഹേളനങ്ങളും ചില്ലറയല്ല. ഏറ്റവും അവസാന ഉദാഹരണം ചെട്ടികുളങ്ങര ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനായ സുധി ശർമ്മ നേരിടുന്ന എതിർപ്പാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒഴിച്ചാൽ കേരളത്തിലെ മറ്റ് നാല് ദേവസ്വം ബോർഡുകളിലും ഇതുവരെ ഒരു അബ്രാഹ്മണനെ പോലും പൂജാരിയായി നിയമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വരുമ്പോഴാണ് പാലിയം വിളംബരത്തിന്റെ നിരർത്ഥകത ബോദ്ധ്യമാവുക. ശാന്തിനിയമനങ്ങളിലുൾപ്പടെ ഒരു വിവേചനവും പാടില്ലെന്ന സുപ്രീംകോടതി വിധിയും കേരളസർക്കാരിന്റെ സർക്കുലറും നിലനിൽക്കുമ്പോഴും ശബരിമലയിലെയും ഗുരുവായൂരിലെയും ചോറ്റാനിക്കരയിലെയും ശ്രീകോവിലുകൾ ഇന്നും അബ്രാഹ്മണർക്ക് മുന്നിൽ അടഞ്ഞു തന്നെ കിടക്കുന്നു. അബ്രാഹ്മണ പൂജാരിമാർ അവരുടെ സമുദായക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു. പാലിയം വിളംബരത്തിന് ചുക്കാൻ പിടിച്ച മാധവ്ജിയുടെ മാതൃസംഘടനയായ ആർ.എസ്.എസ്. പരിവാർ പ്രസ്ഥാനങ്ങളായ ക്ഷേത്രസംരക്ഷണ സമിതിയുടെയോ വിശ്വഹിന്ദുപരിഷത്തിന്റെയോ ഹിന്ദു ഐക്യവേദിയുടെയോ കീഴിലുള്ള ഒരു പ്രമുഖ ക്ഷേത്രത്തിൽ പോലും അബ്രാഹ്മണനെ മേൽശാന്തിയായി നിയമിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാകും. ബ്രാഹ്മണ്യം കർമ്മസിദ്ധമാണെന്ന വിപ്ളവകരമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് കാര്യമായ ഫലം കാണാതെ പോയി എന്നതിനെക്കുറിച്ച് ആ വിളംബരത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനകൾ ആത്മപരിശോധന നടത്തേണ്ട സമയമാണിത്.


 തന്ത്രവിദ്യാപീഠമെന്ന ഫലിതം
പാലിയം വിളംബരത്തിന്റെ ബാക്കിപത്രവും മാധവ്ജിയുടെ സ്വപ്നപദ്ധതിയുമായ ആലുവ വെളിയത്തുനാട്ടിലെ തന്ത്രവിദ്യാപീഠം പാലിയം വിളംബരലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥാപനമാണിന്ന്. അബ്രാഹ്മണരെ താന്ത്രികവിധികൾ പഠിപ്പിക്കാൻ വേണ്ടി മാധവ്ജി തുടക്കം കുറിച്ച ഈ വിദ്യാപീഠത്തിന്റെ ചരിത്രത്തിൽ ഒരു അബ്രാഹ്മണനു പോലും പ്രവേശനം നൽകാതെ നോക്കിയത് മറ്റൊരു ഫലിതമാകാം. ശീവേലി മുതൽ വിഗ്രഹ പ്രതിഷ്ഠ വരെ പഠിപ്പിക്കുന്ന ഏഴ് വർഷത്തെ തന്ത്രരത്ന കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത ഷോഡശസംസ്കാരക്രിയാപര്യന്തമുള്ള ഉപനയനമാണ്. ലളിതമായി പറഞ്ഞാൽ ജന്മബ്രാഹ്മണനാകണം. മാധവ്ജിയെന്ന മഹാപുരുഷന്റെ ആത്മാവിനെപോലും പരിഹസിക്കുകയാണ് അദ്ദേഹം സ്ഥാപിച്ച തന്ത്രവിദ്യാപീഠം.

 മാധവ്ജി എന്ന മഹാപുരുഷൻ
മൂന്നുപതിറ്റാണ്ടു മുമ്പ് ആർ.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ ശോഭ വർദ്ധിപ്പിച്ച പാലിയം വിളംബരത്തിനു കടിഞ്ഞാൺ പിടിച്ചത് പി.മാധവനെന്ന മാധവ്ജിയായിരുന്നു. കേരളത്തിൽ വിട്ടൊഴിയാതെ നിന്നിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന ജാതിചിന്തകളെ പിഴുതെറിയാൻ പോന്ന ആ നീക്കത്തിന് ക്രാന്തദർശിയായ മാധവ്ജി മുൻകൈ എടുത്തു. ജന്മബ്രാഹ്മണരിൽ മാത്രം ഒതുങ്ങി നിന്ന താന്ത്രികവിധികൾ എല്ലാ ഹൈന്ദവരിലേക്കും എത്തിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോയി. ചരിത്രപ്രഖ്യാപനം കഴിഞ്ഞ് രണ്ടാം വർഷം മാധവ്ജി കാലയവനികയ്ക്കുള്ളിൽ മറഞ്ഞതോടെ അദ്ദേഹത്തിന്റെ സ്വപ്നവും മാഞ്ഞുപോയി.
തന്ത്ര, മന്ത്ര ആഗമശാസ്ത്രങ്ങൾ, ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ ആഴത്തിൽ പഠിക്കുകയും അവയെ ആധുനികകാലത്തിന് യോജിക്കും രീതിയിൽ സാധാരണക്കാരന് പ്രാപ്തമാക്കുകയും ചെയ്തയാളാണ് മാധവ്ജി. ഹിന്ദുമതതത്വങ്ങളെ ആധുനിക കാലഘട്ടത്തിനനുസൃതമായി അദ്ദേഹം വ്യാഖ്യാനിച്ചു, രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹിന് സംസ്കൃതത്തിലും ജ്യോതിഷത്തിലും അസാമാന്യമായ ജ്ഞാനവുമുണ്ടായിരുന്നു. ‘ക്ഷേത്രചൈതന്യ രഹസ്യം’ എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ താന്ത്രിക മേഖലയിൽ അവഗണിക്കാനാവാത്ത സ്ഥാനം നേടിയെടുത്തു.
പുതിയ കാലഘട്ടത്തിൽ മാധവ്ജി തുടങ്ങി വെച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ ആരാണ് മുന്നോട്ടുവരികയെന്ന ചോദ്യത്തിനാണ് ഇപ്പോൾ പ്രസക്തി. മറുപടി പറയേണ്ടത് കേരളത്തിലെ അസംഖ്യം ഹൈന്ദവ സംഘടനകൾ തന്നെയാണ്. ജാതിഭേദങ്ങളെ മലയാളികളുടെ മനസിൽ നിന്ന് അകറ്റാനും ഹൈന്ദവ സമൂഹത്തെ ഒത്തൊരുമയോടെ കാലാനുസൃതമായി പുരോഗതിയിലേക്ക് നയിക്കാനും സർക്കാരുകളേക്കാൾ നല്ലത് സംഘടനകൾ തന്നെ... പക്ഷേ ചില അദൃശ്യകരങ്ങൾ അവരെ പിന്നിലേക്ക് വലിക്കുന്നുണ്ടോ....

(ലേഖകന്റെ ഫോൺ: 9946108188, tksunilkmr@gmail.com)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ