നിരോധിത നോട്ടുകളുമായി എസ്.ബി.ഐ ലൈഫ് മാനേജരും സ്ത്രീയും അറസ്റ്റിൽ
July 28, 2017, 12:10 am
ആലുവ: മലപ്പുറത്ത് നിന്ന് കൊച്ചിയിലേക്ക് വാഹനത്തിൽ കടത്തിയ 2.71 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ ആലുവയിൽ പിടികൂടി. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. പെരുമ്പാവൂർ കുറുപ്പംപടി രായമംഗലം കണ്ണോത്ത് നിധിൻ നന്ദകുമാർ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ് അനൂപ് ശശിധരൻ (27), ആലുവ നാലാംമൈൽ കോലഞ്ചേരിൽ വീട്ടിൽ ജിജു ജോസ് (38), മലപ്പുറം രണ്ടത്താണി ചിനക്കൽ പൂക്കയിൽ അലി അസൈനാർ (27), ചിനക്കൽ അമ്പലത്തിങ്കൽ അമീർ കുഞ്ഞുമുഹമ്മദ് (36), ആലുവ തോട്ടുമുഖം അമിറ്റി ഫ്ളാറ്റ് 5 എയിൽ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത് ലൈല അബ്ദുൾ ജബ്ബാർ (48) എന്നിവരാണ് പിടിയിലായത്. നിധിൻ എസ്.ബി.ഐ ലൈഫ് പെരുമ്പാവൂർ യൂണിറ്റ് മാനേജരാണ്. ഇയാൾക്ക് പണമിടപാടിൽ മുഖ്യപങ്കുണ്ടെന്ന് ‌പൊലീസ് പറഞ്ഞു. അനൂപിന് ഐ.ടി മേഖലയിലാണ് ജോലി. മറ്റുള്ളവർ ഡ്രൈവർമാരാണ്.
പൊലീസ് പറയുന്നത്: ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് കെ.എൽ 41 ബി 999 എന്ന പജിറോ കാറിൽ സംഘമെത്തിയത്. പൊലീസ് കൈകാണിച്ചെങ്കിലും നിറുത്താതെ കടന്നുപോയി. ആലുവ പാലസിന് സമീപത്ത് പൊലീസ് വാഹനം കുറുകെയിട്ടാണ് പ്രതികളെ പിടികൂടിയത്. 1000 രൂപയുടെ 122 കെട്ടുകളും 500 രൂപയുടെ 299 കെട്ടുകളുമാണ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയുടെ നിർദ്ദേശ പ്രകാരം കൊച്ചിയിൽ ഒരാൾക്ക് നൽകാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറയുന്നു.
ലൈല ഇടപാടിന്റെ ഏജന്റെന്നാണ് സൂചന. പൊലീസ് പരിശോധനയിൽ നിന്നൊഴിവാകാനാണ് ഇവരെ കൂടി വാഹനത്തിൽ കയറ്റിയത്. മലപ്പുറം സ്വദേശിയായ ഹവാല പണത്തിന്റെ മുഖ്യഇടപാടുകാരൻ നേരിട്ട് ഇവരെ സംഘത്തിൽ നിയോഗിക്കുകയായിരുന്നു. തോട്ടുമുഖത്ത് എടയപ്പുറം റോഡിൽ തയ്യൽ യൂണിറ്റ് ഉടമയാണ്.
തിരൂർ സ്വദേശി സുമേഷിന്റെ പേരിലുള്ളതാണ് വാഹനം. പൊലീസ് അന്വേഷണം ശക്തമാക്കി. ഡിവൈ.എസ്.പി കെ.ബി. പ്രഭുലചന്ദ്രൻ, സി.ഐ വിശാൽ ജോൺസൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ